ADVERTISEMENT

സ്വന്തമായി വീടോ ഫ്‌ളാറ്റോ വാങ്ങാനുദേശിക്കുന്ന ദമ്പതികളാണോ നിങ്ങള്‍? എങ്കില്‍ വായ്പ ജോയിന്റ് അക്കൗണ്ടിലൂടെയാക്കൂ. ഒറ്റയ്ക്ക് എടുക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാളും അനവധി നേട്ടങ്ങള്‍ ജോയിന്റ് ഭവനവായ്പയ്ക്ക് ലഭിക്കും. സാധാരണ നിലയില്‍ ഭൂരിഭാഗം ബാങ്കുകളും ഭവനവായ്പയ്ക്ക് കോ-ആപ്ലിക്കന്റ് വേണമെന്ന് ശാഠ്യം പിടിക്കാറുണ്ട്. ചില ബാങ്കുകളാവട്ടെ വീട് വയ്ക്കാന്‍ ഉദേശിക്കുന്ന വസ്തുവിന്റെ സഹ ഉടമ തന്നെ കോ ആപ്ലിക്കന്റ് ആകണമെന്ന് നിര്‍ബന്ധിക്കാറുമുണ്ട്. എല്ലാ സഹ അപേക്ഷകരും സഹ ഉടമസ്ഥരല്ല.

കോ-ആപ്ലിക്കന്റ്

സഹ ഉടമ എന്നു പറഞ്ഞാല്‍ പ്രോപ്പര്‍ട്ടിയില്‍ അവകാശം, അതായത് ഓഹരിയുള്ള ആള്‍. എന്നാല്‍ കോ ആപ്ലിക്കന്റ് ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇയാള്‍ക്ക് പ്രോപ്പര്‍ട്ടിയില്‍ അവകാശമുണ്ടായിരിക്കില്ല. അപേക്ഷകന്‍ വായ്ല തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ഉത്തരവാദിത്വമുള്ള ആള്‍, അത്രയേയുള്ളു. എന്തായാലും വായ്പ ഒരുമിച്ചുള്ളതാണെങ്കില്‍ നേട്ടങ്ങള്‍ പലതാണ്.

നികുതി ഒഴിവ്

പ്രോപ്പര്‍ട്ടിയുടെ സഹ ഉടമയാണ് നിങ്ങളെങ്കില്‍ നികുതി ഒഴിവ് അവകാശപ്പെടാം. പലപ്പോഴും വായ്പയെടുക്കുന്നത് കുടുംബാംഗങ്ങള്‍ ഒരുമിച്ചായിരിക്കും( ദമ്പതികളോ, അച്ഛനും മക്കളുമോ). എന്നാല്‍ രേഖകളില്‍ സഹ ഉടമയായിരിക്കില്ല. അത്തരം കേസുകളില്‍ ഇത് ബാധകമല്ല. ഇനി സഹ ഉടമയായി എന്നതുകൊണ്ട് മാത്രവും കാര്യമില്ല. ബാങ്കിന്റെ രേഖകളില്‍ ഒരപേക്ഷകനും കൂടിയായിരിക്കണം.
ആദായ നികുതി ഒഴിവ് തന്നെയാണ് ഇതിന്റെ പ്രധാന  നേട്ടം.ദമ്പതിമാരാണെങ്കില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇതിന്റെ നേട്ടം ലഭിക്കുമെന്നതാണ് പ്രധാനം. ഉദാഹരണത്തിന് ആദായ നികുതി ചട്ടത്തിന്റെ സെക്ഷന്‍ 80 സി അനുസരിച്ച് ഭവനവായ്പയുടെ തിരിച്ചടവിലെ പ്രിന്‍സിപ്പലില്‍ (പലിശയല്ലാത്ത തുക) 1.5 ലക്ഷം രൂപയ്ക്കാണ് ഒഴിവുള്ളത്. വായ്പ ഒരുമിച്ചാണെങ്കില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും രണ്ടായി ഇത് ക്ലെയിം ചെയ്യാം. അതായത് ആകെ കിട്ടുന്ന നികുതി ഒഴിവ് 3 ലക്ഷം രുപയുടെ. അതുപോലെ തന്നെ ഭവനവായ്പ തിരിച്ചടവിന്റെ പലിശയിലും രണ്ടാള്‍ക്കും നേട്ടമുണ്ടാകും. രണ്ട് ലക്ഷം രൂപയാണ് പലിശയിലുള്ള കിഴിവ്. ഇത് രണ്ടാള്‍ക്കുമാകുമ്പോള്‍ നാല് ലക്ഷം. അങ്ങനെ നോക്കുമ്പോള്‍ ആകെ എഴു ലക്ഷം രൂപയുടെ കിഴിവ് ലഭിക്കും.

വലിയ തുക

സാധാരണ ഒരാളുടെ ശമ്പള സ്ലിപ്പ് പരിശോധിച്ച് ലഭിക്കാവുന്ന പരമാവധി വായ്പ തുക 20 ലക്ഷമാണെങ്കില്‍ അതേ വരുമാനമുള്ള ഭാര്യയുടെ കാര്യത്തിലും കൂടി ഇത് പരിഗണിക്കുമ്പോള്‍ വായ്പ തുക ഇരട്ടിക്കും. ഇത് മറ്റ് പലിശ വായ്പകള്‍ ഒഴിവാക്കുന്നതിന് കുടുംബത്തെ സഹായിക്കും. ഇനി സ്ത്രീകളുടെ പേരില്‍ അനുവദിക്കുന്ന ഭവന വായ്പയക്ക് പല ബാങ്കുകളും നേരിയ പലിശ ഇളവ് നല്‍കാറുണ്ട്. ഇതും കൂടാതെ ചില സംസ്ഥാനങ്ങളില്‍ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സ്റ്റാബ് ഡ്യൂട്ടിയുടെ കാര്യത്തില്‍ വനിതകള്‍ക്ക് പ്രത്യേക ആനുകൂല്യവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com