ADVERTISEMENT

രാജ്യത്ത് സാമ്പത്തിക ചലനം കുറഞ്ഞത് ഏറ്റവും അധികം ബാധിച്ചത് വാഹനനിര്‍മ്മാതാക്കളെയായിരുന്നു. എല്ലാ കമ്പനികളുടെയും വിൽപന ഇടിഞ്ഞു. പല കമ്പനികളും ഡീലര്‍ഷിപ്പ് അടക്കം അടച്ച് പൂട്ടി. ഈ സാഹചര്യത്തില്‍  തന്ത്രം പരിഷ്‌കരിച്ച് വില്‍പന കൂട്ടാന്‍ ഒരുങ്ങുകയാണ് കാര്‍ കമ്പനികള്‍. 

പലിശയില്ലാത്ത വായ്പ

റെനോ,നിസാന്‍ പോലുള്ള കമ്പനികള്‍ അവരുടെ കാറുകള്‍ക്ക് പലിശ രഹിത ലോണ്‍ സൗകര്യം നേരത്തെ തന്നെ തുടങ്ങിയിരുന്നു. വാഹന വിലയുടെ നിശ്ചിത ശതമാനം തുക പലിശയില്ലാതെ കമ്പനി തന്നെ വായ്പയായി നല്‍കി പരമാവധി 36 മാസം കൊണ്ട് തിരിച്ച് പിടിയ്ക്കും. കൂടിയ തുക വേണമെങ്കില്‍ പുറത്തുള്ള ബാങ്കുകളില്‍ നിന്ന് പരമാവധി കുറഞ്ഞ പലിശ നിരക്കില്‍ തരപ്പെടുത്തി നല്‍കുകയും ചെയ്യും.

ഓണ്‍ റോഡ് വിലയുടെ 10 ശതമാനം

എന്നാല്‍ മാരുതി ഉപഭോക്താക്കള്‍ക്കായി മുന്നോട്ടു വയ്ക്കുന്ന പദ്ധതിയില്‍ പലിശയല്ല കാര്യം. നിലവില്‍ കാര്‍ വാങ്ങാന്‍ 20 ശതമാനം വരെ കൈയില്‍ നിന്ന് ഇടണമായിരുന്നു. ബാക്കി വായ്പയും. ഇനി മുതല്‍ മാരുതി  കാറുകള്‍ വാങ്ങണമെങ്കില്‍ ഓണ്‍ റോഡ് വിലയുടെ 10 ശതമാനം ഡൗണ്‍പേയ്‌മെന്റ് നല്‍കിയാല്‍ മതി. അതായത് മാരുതിയുടെ എന്‍ട്രി ലെവല്‍ കാറിന് 4.5 ലക്ഷം രൂപ വിലയുണ്ടെങ്കില്‍ പുതിയ കാര്‍ വാങ്ങാന്‍ 45000 രൂപ മതിയെന്ന് സാരം. നേരത്തെ ഇത് 90000 ആയിരുന്നു. 10 ലക്ഷം രൂപയാണ് കാര്‍വില എങ്കില്‍ വാങ്ങുമ്പോള്‍ ഒരു ലക്ഷം നല്‍കിയാല്‍ മതി.  അതായത് ഉപഭോക്താവിന്റെ വായ്പ യോഗ്യത കൂട്ടി എന്നര്‍ഥം.

തുകയിളവില്‍ വിൽപന ഉയരുമോ?

നിലവില്‍ കാര്‍ വില്പന കുറഞ്ഞതിന് കാരണം സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ആളുകളുടെ കൈയ്യില്‍ പണക്കുറവുണ്ടായതാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പുതിയ വാഹനം വാങ്ങാന്‍ ഈ ഇളവ് നല്‍കുന്നത് വിൽപന ഉയര്‍ത്തുമെന്നാണ് കമ്പനി കരുതുന്നത്. തന്നെയുമല്ല ബി എസ് 6 മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതോടെയുണ്ടാകുന്ന വിലക്കയറ്റം ഉപഭോക്താക്കളെ പെട്ടന്ന് നേരിട്ട് ബാധിക്കാതിരിക്കാനുമാണ് ഈ നടപടി. കോട്ടക് മഹീന്ദ്ര ബാങ്കുമായി ചേര്‍ന്നാണ് ഈ നടപടി. പിന്നീട് മറ്റ് പല ബാങ്കുകളിലും പദ്ധതി നടപ്പാക്കിയേക്കും. എന്തായാലും വില്‍പന ഉയര്‍ത്തുവാനുള്ള മാരുതിയുടെ തന്ത്രം മറ്റ് കമ്പനികളും പകര്‍ത്തിയേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com