ADVERTISEMENT

ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കുവാനുള്ള തീരുമാനത്തെ തുടര്‍ന്ന് വീട്ടില്‍ വെറുതെ ഇരിക്കുന്ന സ്വര്‍ണം വിറ്റ് പണമാക്കുന്നവരുടെ എണ്ണത്തില്‍ കുതിപ്പ്. പഴയ സ്വര്‍ണം സൂക്ഷിക്കുന്നത് 'സേഫ'് അല്ലെന്ന ആശങ്കയെ തുടര്‍ന്നാണ് ആളുകള്‍ കൂട്ടത്തോടെ സ്വര്‍ണം വില്‍ക്കുന്നതെന്നാണ് ജ്വല്ലറികള്‍ വ്യക്തമാക്കുന്നത്.

സാധാരണ ഗതിയില്‍ കേരളത്തിലെ ജ്വല്ലറികളുടെ ബിസിനസിന്റെ 40 ശതമാനം വരെ പഴയ സ്വര്‍ണം മാറ്റി വാങ്ങിക്കുന്നവരുടേതാണ്. പഴയ സ്വര്‍ണം വിറ്റ് പണമാക്കുന്നത് ആകെ ഇടപാടുകാരുടെ ഏകദേശം അഞ്ച് മുതല്‍ എട്ട് ശതമാനം മാത്രമേ വരുമായിരുന്നുള്ളു. ഇതിലാണ് ഇപ്പോള്‍ കുതിച്ച് ചാട്ടമുണ്ടായിരിക്കുന്നത്.

 

നിലവിലെ കണക്കനുസരിച്ച് പഴയ സ്വര്‍ണം വിറ്റ് പണമാക്കിമാറ്റുന്നവര്‍ ആകെ ഇടപാടുകാരില്‍ 15 മുതല്‍ 20 ശതമാനം വരെയാണ്. ഇങ്ങനെ പഴയ സ്വര്‍ണം വിറ്റ് പണമാക്കാനുള്ള ആളുകളുടെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം ലിക്വിഡിറ്റി ഇല്ലാത്തതാണെന്നാണ് വിലയിരുത്തല്‍. കൈയ്യില്‍ പണമില്ലായ്മയാണ് നിലവിലെ പ്രശ്‌നം. അതുകൊണ്ട് വെറുതെ ഇരിക്കുന്ന സ്വര്‍ണം പണമാക്കി മാറ്റി പ്രതിസന്ധി തത്കാലത്തേക്ക് തരണം ചെയ്യുക എന്നതാണ് ഇപ്പോഴത്തെ രീതി.

 

കുതിച്ചുയരുന്ന വില

 

സ്വര്‍ണത്തിന് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റവും ഇതിന് കാരണമാണ്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഏകദേശം 6000 രൂപ വരെ വില ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ വെറുതെ ഇരിക്കുന്ന സ്വര്‍ണം ഉയര്‍ന്ന വിലയ്ക്ക് വിറ്റ് ആവശ്യം നിറവേറ്റുക എന്ന തരത്തിലാണ് ചിന്ത. പിന്നീട് സ്വര്‍ണം ആവശ്യമായി വരികയാണെങ്കില്‍ അപ്പോള്‍ നോക്കാമെന്ന നിലപാടിലാണ് സ്വര്‍ണം വില്‍ക്കുന്നവരധികവും. ഇനി വില കുറയുമോ എന്ന ഭയവും ഇൗ ചിന്തയെ പിന്തുണയ്ക്കുന്നുണ്ട്.

 

കേന്ദ്ര നയങ്ങള്‍ 

 

പഴയ സ്വര്‍ണം മാറ്റി വാങ്ങാന്‍ നില്‍ക്കാതെ വിറ്റൊഴിവാക്കാനുള്ള ശ്രമത്തിന് പിന്നില്‍ കേന്ദ്രസര്‍ക്കാര്‍  ഇടപെടലുകളെ കുറിച്ചുള്ള ഭയവുമുണ്ട്. വീടുകളില്‍ സൂക്ഷിക്കാവുന്ന സ്വർണത്തിന് നിയന്ത്രണം സംബന്ധിച്ച വാര്‍ത്തകളും തുടര്‍ന്നുണ്ടായ ആശങ്കകളും സ്വര്‍ണ നിക്ഷേപം നീരീക്ഷക്കപ്പെടുന്നുണ്ട് എന്നൊരു ഭയം ജനങ്ങള്‍ക്കുണ്ടാക്കിയിട്ടുണ്ട്. പഴയതുപോലെ ഇത് അത്ര സുഖകരമായ ഏര്‍പ്പാടായിരിക്കില്ല എന്ന തരത്തിലുള്ള ഭീതിയുമുണ്ട്. ലോക്കര്‍ പോലും നിരീക്ഷിക്കപ്പെടുമോ എന്ന സംശയം പോലുമുണ്ട് പലര്‍ക്കും. ഈ സാഹചര്യത്തില്‍ ആവശ്യമില്ലാത്ത സ്വര്‍ണം വിറ്റൊഴിവാക്കി മനക്ലേശം ഒഴിവാക്കാനാണ് ഉപഭോക്താക്കള്‍ താൽപര്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com