'916' മുദ്ര നിര്‍ബന്ധമായാല്‍ കൈമാറിക്കിട്ടിയ പാലക്കാ മാലയുടെ മാറ്റ് കൂട്ടേണ്ടി വരുമോ?

gold
SHARE

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണാഭരണങ്ങൾക്കു ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നുവെന്ന വാര്‍ത്ത വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തലമുറകൾ കൈമാറിക്കിട്ടിയതടക്കം പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആഭരണങ്ങള്‍ പൊന്നു പോലെ സൂക്ഷിക്കുന്നവരാണ് മലയാളികള്‍. ഇന്ത്യയിലെ മറ്റൊരു ദേശത്തും ഇങ്ങനെ പരമ്പരാഗതമായ സ്വര്‍ണശേഖരം നിധിപോലെ സൂക്ഷിക്കുന്ന മറ്റൊരു ജനത ഉണ്ടാവില്ല. അതുകൊണ്ടുതന്നെ സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട ഏതു പുതിയ ചട്ടങ്ങളും ഏറെ അലോസരപ്പെടുത്തുക കേരളത്തെയായിരിക്കും. പുതിയ 916 മുദ്ര സംബന്ധിച്ച ഉത്തരവിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

മുത്തശ്ശിയുടെ നാഗപടത്താലി

ശരാശരി മലയാളി കുടുംബങ്ങളിലെല്ലാം ഏറിയും കുറഞ്ഞും പരമ്പരാഗത സ്വര്‍ണമുണ്ടാകും. വിപണി വിലയേക്കാളുപരി ഇതിന്റെ പൗരാണിക മൂല്യമാണ് പലർക്കും പ്രധാനം. വിവാഹം പോലുള്ള പ്രത്യേക ചടങ്ങുകളില്‍ തറവാട്ടിലെ പേരക്കുട്ടികളും അമ്മമാരുമൊക്കെയായിരിക്കും ഇതണിയുക. 916 മാര്‍ക്ക് പോയിട്ട് പരിശുദ്ധി പറയാന്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലാത്ത ഇത്തരം ആഭരണങ്ങള്‍ എന്തു ചെയ്യും? ഇതിന് മൂല്യമിടിയുമോ, ഇതെങ്ങനെ മാറ്റിയെടുക്കും, അതിനെന്ത് ചെലവു വരും, അങ്ങനെയെങ്കില്‍ അതിന്റെ പാരമ്പര്യ മൂല്യം നഷ്ടമാവില്ലേ? തുടങ്ങിയ ഒട്ടേറെ സംശയങ്ങളാണ് പൊതുവേ ഉയരുന്നത്.

ഹാള്‍മാര്‍ക്കിങ് മൂന്ന് തരത്തില്‍

രാജ്യത്തെ സ്വര്‍ണാഭരണ വിപണിയില്‍ ഏകീകൃത മാനദണ്ഡം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബിഐഎസ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നത്. അതനുസരിച്ച്, ആഭരണത്തിലുപയോഗിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ തോതനുസരിച്ച് 22 കാരറ്റ് (22K916) 18 കാരറ്റ് (18K750) 14 കാരറ്റ് (14K585) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാൻഡേർഡ്സിനു കീഴിലുള്ള അംഗീകൃത ഹാള്‍മാര്‍ക്കിങ് സ്ഥാപനം നല്‍കുന്ന മേല്‍പറഞ്ഞ മുദ്രണമില്ലാത്ത സ്വര്‍ണം 2021 ജനുവരി 15 മുതല്‍ ജ്വല്ലറികള്‍ വില്‍ക്കാന്‍ പാടില്ല. ചട്ടം പ്രാവര്‍ത്തികമാകുന്നതോടെ വിവിധ ജ്വല്ലറികള്‍ വില്‍ക്കുന്ന സ്വര്‍ണത്തിന് പരിശുദ്ധിയുടെ കാര്യത്തില്‍ ഏക രൂപം കൈവരും. കൊടുക്കുന്ന പണത്തിനുള്ള സ്വര്‍ണം ആഭരണത്തിലുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഉപഭോക്താക്കള്‍ക്കുമാകും. മാനദണ്ഡം പാലിക്കാത്ത സ്വര്‍ണം ജ്വല്ലറികള്‍ വിറ്റാല്‍ ഒരു ലക്ഷം രൂപയാണ് പിഴ.

പുതിയ ചട്ടം പരമ്പരാഗത ആഭരണങ്ങള്‍ക്ക് ബാധകമാകുമോ?

പരമ്പരാഗത ആഭരണങ്ങളില്‍ പലതിലും പരിശുദ്ധി കാണിച്ചിട്ടുണ്ടാവില്ല. ഉണ്ടെങ്കില്‍ത്തന്നെ 22 കാരറ്റ് സ്വര്‍ണമാണെങ്കില്‍ 22/10,22/21 എന്നിങ്ങനെയൊക്കെയാവും രേഖപ്പെടുത്തിയിട്ടുണ്ടാവുക. 1986 ല്‍ മാത്രമാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) നിലവില്‍ വന്നത്. ആഭരണങ്ങളിലെ പരിശുദ്ധി നിര്‍ണയിക്കുന്ന ഹാള്‍മാര്‍ക്കിങ് നിലവില്‍ വന്നത് പിന്നെയും 14 വര്‍ഷത്തിന് ശേഷം 2000 ല്‍ ആണ്. ബിഐഎസിന് കീഴില്‍ രാജ്യത്ത് വിവിധ കേന്ദ്രങ്ങളില്‍ ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങി. എന്നാല്‍ അത് അപ്പോഴും നിര്‍ബന്ധമാക്കിയിരുന്നില്ല. രാജ്യത്തെ മൂന്ന് ലക്ഷത്തോളം കച്ചവടക്കാരില്‍ അസംഘടിത മേഖലയിലുള്ള മഹാഭൂരിപക്ഷം ജ്വല്ലറികളും ഇപ്പോഴും ഇത് നടപ്പാക്കിയിട്ടുമില്ല. അതുകൊണ്ട് ഈ മേഖലയില്‍ തട്ടിപ്പുകള്‍ ധാരാളമായിരുന്നു. ഇതുകൊണ്ടാണ് വൈകിയെങ്കിലും ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയത്. ഇനിയങ്ങോട്ട് ആഭരണങ്ങളുടെ പരമ്പരാഗത മൂല്യം മാറ്റി നിര്‍ത്തിയാല്‍ വിശ്വസ്തതയുടെ ചിഹ്നമായിരിക്കും ഔദ്യോഗിക ഹാള്‍മാര്‍ക്കിങ് സ്ഥാപനം നല്‍കുന്ന ഈ മുദ്ര.

പഴയ സ്വര്‍ണം വിറ്റുമാറേണ്ടതുണ്ടോ?

2021 ന് ശേഷം ഇത്തരം സ്വര്‍ണങ്ങള്‍ കടകള്‍ വില്‍ക്കരുതെന്നേ പറഞ്ഞിട്ടുള്ളു. അതുകൊണ്ട് ഹാള്‍മാര്‍ക്കിങ് ഇല്ലാത്ത ആഭരണങ്ങള്‍ തിരക്കു പിടിച്ച് മാറ്റണം എന്നര്‍ഥമില്ല. കാരണം പരിശുദ്ധി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം സ്വര്‍ണങ്ങള്‍ ജ്വല്ലറികള്‍ തിരിച്ചെടുക്കുന്നത് പരിശോധിച്ചു നോക്കിയിട്ടാണ്. അതിന്റെ പരിശുദ്ധി 14,18, 22 ഇങ്ങനെ എത്രയായാലും ജ്വല്ലറികള്‍ ടെസ്റ്റ് നടത്തി അതിന്റെ മാര്‍ക്കറ്റ് വിലയാണ് നല്‍കുന്നത്. എന്തായാലും സ്വര്‍ണത്തിന് എക്കാലവും ഒരു മാര്‍ക്കറ്റ് വിലയുണ്ടാകുമല്ലോ. അതുകൊണ്ട് അത്യാവശ്യമില്ലെങ്കില്‍ പാരമ്പര്യ ആഭരണങ്ങള്‍ പരമ്പരാഗത മൂല്യവുമായി അങ്ങനെതന്നെ ഇരിക്കട്ടെ.

പരമ്പരാഗത സ്വര്‍ണത്തിലും ഹാള്‍മാര്‍ക്കിങ് നടത്താമോ?

കൈയിലിരിക്കുന്ന ഏതു തരം സ്വര്‍ണവും ബിഐഎസ് അംഗീകൃത കേന്ദ്രത്തില്‍ കൊണ്ടുപോയി ഹാള്‍മാര്‍ക്കിങ് നടത്താം. അതായത്, അതിന്റെ പരിശുദ്ധി നിര്‍ണയിച്ച് 14,18,22 കാരറ്റ് രേഖപ്പെടുത്തി വാങ്ങാം. ഉരുപ്പടി ഒന്നിന് 35 രൂപയാണ് ഇതിനുള്ള ചാര്‍ജ്. ഇനി പത്ത് ഉരുപ്പടിയുണ്ടെങ്കില്‍ 135-150 രൂപയ്ക്കും പരിശോധന നടത്തി ഹാള്‍മാര്‍ക്ക് മുദ്ര വച്ച്് നല്‍കും. പിന്നീട് ഇതനുസരിച്ചായിരിക്കും ആ ഉരുപ്പടിയുടെ വിപണി മൂല്യം നിര്‍ണയിക്കുക.
എക്‌സ്ആര്‍എഫ് അനാലിസിസ് നടത്തിയും ആഭരണത്തിന്റെ പരിശുദ്ധി നിര്‍ണയിക്കാം. ജ്വല്ലറികളിലടക്കം ഇത്തരം മെഷിനുകള്‍ ഉണ്ടാകും. ഇതിലൂടെ ഉരുപ്പടിയില്‍ അടങ്ങിയിരിക്കുന്ന ഗോള്‍ഡ് എത്ര, ചെമ്പ് എത്ര എന്നിങ്ങനെ അറിയാനാവും. എന്നാല്‍ നൂറു ശതമാനം കൃത്യത ഇതിനുണ്ടായിരിക്കില്ല. ഏകദേശ ധാരണ ഉണ്ടാക്കാം. ഈ റിസൽറ്റുമായി ഹാള്‍മാര്‍ക്കിങ് കേന്ദ്രത്തിലെത്തിയാല്‍ അവര്‍ അതനുസരിച്ച് മുദ്രണം ചെയ്ത് തരും. നാലോ അഞ്ചോ മണിക്കൂര്‍ ഇതിനായി വിനിയോഗിക്കേണ്ടി വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA