കേന്ദ്രബജറ്റ്: യുവാക്കൾക്ക് പ്രതീക്ഷിക്കാനുള്ളത്

Campus-placement
SHARE

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുവജനങ്ങള്‍. രാജ്യത്ത് നിലനില്‍ക്കുന്ന ഈ ഗുരുതരമായ പ്രശ്‌നത്തെ ഭരണ നേതൃത്വമോ രാഷ്ട്രീയ നേതൃത്വമോ ഇതേവരെ കാര്യമായി അഭിസംബോധന ചെയ്തിട്ടില്ലാത്തതുകൊണ്ടാണ് ബജറ്റിനെ യുവാക്കള്‍ കൂടുതല്‍ താല്‍പര്യത്തോടെ ഉറ്റുനോക്കുന്നത്. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുക ലക്ഷ്യമിട്ട് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സ്റ്റാര്‍ട് അപുകള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനവും സഹായവും വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നവരുണ്ട്.  ഇന്ന് സ്റ്റാര്‍ട് അപുകള്‍ വലിയ രീതിയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നു എന്നതു തന്നെ കാരണം. വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് കുറയ്ക്കുമെന്നും പലിശ സബ്‌സിഡിയുടെ വരുമാന പരിധി കൂട്ടുമെന്നുമുള്ള പ്രതീക്ഷയും യുവാക്കള്‍ വെച്ചുപുലര്‍ത്തുന്നു. വിദ്യാഭ്യാസ വായ്പയ്ക്ക് നല്‍കുന്ന ആദായ നികുതിയിളവില്‍ ഒരു പൊളിച്ചെഴുത്തുണ്ടായാല്‍ അതും ആശ്വാസകരം തന്നെയാണ്. കാരണം ഇപ്പോള്‍ പലിശയടവ് തുകയ്ക്ക് മാത്രമാണ് ആദായ നികുതി ഇളവ്. മുതലടവിനില്ല. ഭവന വായ്പ പോലെ മുതലിനും പലിശയ്ക്കും ആദായ നികുതി ഇളവ് നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കൂടുതൽ തൊഴിലവസരം വേണം

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ വന്നാല്‍ അത് തൊഴിലവസരം വര്‍ധിപ്പിക്കും. ആ ദിശയില്‍ ബജറ്റ് എന്തൊക്കെ ചുവടുവയ്പുകള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍. ചെറുകിട വ്യവസായ മേഖലയുടെ പുനരുജ്ജീവനവും തൊഴിലവസരം വര്‍ധിപ്പിക്കാന്‍ അനിവാര്യമാണ്. രാജ്യത്തെ തൊഴിലാളികളില്‍ 90 ശതമാനവും പണിയെടുക്കുന്നത് ഈ മേഖലയിലാണ്. വെള്ളക്കോളര്‍ ജോലികളുടെ സാധ്യത ഓരോ ദിവസവും മങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്ന നടപടികളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.ബിരുദധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മ 18-19 ശതമാനം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭ്യസ്ത വിദ്യരിലെ എംപ്ലോയബിലിറ്റിയും അനുദിനം കുറഞ്ഞുവരുന്നു. ഇവരെ ഏതു ജോലിക്ക് നിയമിക്കുന്നതിനുമുമ്പും പരിശീലനം നല്‍കേണ്ട അവസ്ഥയാണ് തൊഴില്‍ദാതാക്കള്‍ക്ക്. സവിശേഷ സ്‌കില്ലുകള്‍ പരിശീലിപ്പിച്ച് രാജ്യ പുരോഗതിക്ക് ആവശ്യമായ അദ്ധ്വാന, ബൗദ്ധിക സേവനം നല്‍കാന്‍ പ്രാപ്തമായരീതിയില്‍ വിപുലമായ പരിശീലന പദ്ധതികളും ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നവുരണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA