ധനമന്ത്രി ഇക്കുറി മദ്യത്തെ ഒഴിവാക്കിയത് എന്തുകൊണ്ട്?

HIGHLIGHTS
  • ബജറ്റ് മദ്യപരുടെ വയറ്റത്തടിച്ചില്ല
Liquor
SHARE

കേരളത്തില്‍ ബജറ്റ് പ്രഖ്യാപനത്തിന്റെ തലേന്ന് മദ്യപരുടെ ഹൃദയമിടിപ്പ് കൂടും. കാരണം ഏത് ബജറ്റിലും രണ്ടാമതൊന്നും ആലോചിക്കാതെ ധനമന്ത്രിമാര്‍ക്ക് നികുതി വര്‍ധിപ്പിക്കാവുന്ന മേഖലയാണിത്. മദ്യപാനത്തെ 'വിലകൂട്ടി' നിരുത്സാഹപ്പെടുത്തുകയാണ് വിലവര്‍ധനവിന്റെ ഉദേശം എന്ന് പൊതുവെ പറയാറുണ്ടെങ്കിലും സത്യമതല്ലെന്ന് മാലോകര്‍ക്കെല്ലാം അറിയാം. കഴിഞ്ഞ വര്‍ഷം മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് ലഭിച്ചത് 14,504 കോടി രൂപയാണ്. പത്ത് വര്‍ഷം മുമ്പ് ഇത് 5539 കോടിയായിരുന്നു. സര്‍ക്കാര്‍ ചെലവുകള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രധാന മേഖലയായ ലോട്ടറിയെ പക്ഷെ ഇക്കുറിയും ഒഴിവാക്കിയില്ല. കാരുണ്യ ഒഴികെയുള്ള ലോട്ടറി വില 30 ല്‍ നിന്നും 40 ആക്കി കൂട്ടി.

സര്‍ക്കാരിന്റെ വലിയ കൊള്ള

എന്നിട്ടും മദ്യത്തെ വെറുതെ വിട്ടു. നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 212 ശതമാനമാണ് ഈടാക്കുന്ന നികുതി. ബിയറിന് ഇത് 102 ശതമാനവും. ചെറിയ ഒരു കണക്ക് പറഞ്ഞാല്‍ 168 രൂപയ്ക്ക് സര്‍ക്കാരിന് കിട്ടുന്ന ബക്കാര്‍ഡി ക്ലാസിക് റം വില്‍ക്കുന്നത് 1240 രൂപയ്ക്ക്. ലാഭം 1072 രൂപ. വിലകുറഞ്ഞ മദ്യത്തിനടക്കം ഈ അനുപാതത്തിലാണ് സര്‍ക്കാര്‍ ലാഭം കൊയ്യുന്നത്. ഇത് ഒറ്റയടിക്ക് ഈ തുകയിലെത്തിച്ചതല്ല. ധനമന്ത്രിമാരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയ്‌തനമുണ്ട് ഇതിന് പിന്നില്‍. ഇരകള്‍ മദ്യപരായതിനാലും ഇതൊരു 'സാമൂഹീക വിരുദ്ധ' പ്രവര്‍ത്തനമായതിനാലും തടസമേതുമില്ലാതെ ബജറ്റുകള്‍ ഈ കടമ നിര്‍വ്വഹിച്ച് പോരുകയായിരുന്നു.

കുടുംബ ബജറ്റ്

എന്നാല്‍ തുടര്‍ച്ചയായുള്ള വിലവര്‍ധന കൂലിപ്പണിക്കാരടക്കമുള്ളവരുടെ കുടുംബബജറ്റിനെ താറുമാറാക്കാന്‍ തുടങ്ങി. കഴിഞ്ഞ പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണത്തിന് പെട്ടന്ന് പണമുണ്ടാക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം മദ്യത്തിന് എക്‌സൈസ് ഡ്യൂട്ടിയില്‍ നേരിയ വര്‍ധന ഏര്‍പ്പെടുത്തുക എന്നതായിരുന്നു. 100 ദിവസം കൊണ്ട് ലക്ഷ്യമിട്ടത് 200 കോടി രൂപയായിരുന്നുവെങ്കില്‍ സര്‍ക്കാരിന് കിട്ടിയത് 309 കോടി രൂപയായിരുന്നു. വില കുറഞ്ഞ അരലിറ്റര്‍ മദ്യത്തിന് അന്ന് 20 മുതില്‍ 30 രൂപ വരെയാണ് കുടിയത്. മദ്യവിലയില്‍ വരുത്തുന്ന നേരിയ വര്‍ധന പോലും ചെറുകിട ഇടത്തരം കുടംബങ്ങളില്‍ നിഴലിക്കും. മാന്ദ്യവും സാമ്പത്തിക ഞെരുക്കവും മൂലം ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ കുടുംബ ബജറ്റിന് മദ്യത്തിന്റെ അമിത നികുതിയില്‍ നിന്ന് തത്കാലത്തേക്കെങ്കിലും മോചനമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA