ട്രാഫിക് നിയമ ലംഘനത്തിന്റെ പിഴയൊടുക്കാന്‍ പരമാധി 60 ദിവസം

HIGHLIGHTS
  • വൈകിയാല്‍ നടപടി കടുക്കും
traffic
SHARE

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയൊടുക്കാനുള്ള പരമാവധി സമയപരിധി 60 ദിവസമാക്കി ചുരുക്കി കേന്ദ്ര ഉപരിതല മന്ത്രാലയം. ഭേദഗതി ചെയ്യപ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിന്റെ ഡ്രാഫ്റ്റിലാണ് നിയമ ലംഘനത്തിനുള്ള പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിച്ച് 60 ദിവസത്തിനകം പണമടച്ചിരിക്കണമെന്ന് വ്യവസ്ഥയുള്ളത്. ഇപ്പോള്‍ പല കേസുകളിലും മാസങ്ങള്‍ വൈകിയാണ് പിഴയൊടുക്കുന്നത്. അപൂര്‍വ്വം കേസുകളില്‍ ഇത് വര്‍ഷങ്ങളും എടുക്കാറുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പുതിയ ഭേദഗതി. ഏതെങ്കിലും കാരണവാശാല്‍ 60 ദിവസത്തിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് അടക്കം വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ പ്രോസസിംഗ് നടപടികള്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പോ, ട്രാഫിക് പൊലീസോ നടത്തി കൊടുക്കരുതെന്നും ഡ്രാഫ്റ്റില്‍ നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ പെര്‍മിറ്റ്, ഫിറ്റ്നസ്, നികുതി തുടങ്ങിയ കേസുകളില്‍ പ്രോസസിംഗ് നടപടികള്‍ തുടരാം. അതായത് ട്രാഫിക് ചട്ടങ്ങളുടെ ലംഘനത്തിന് ചലാന്‍ ലഭിച്ചിട്ടുള്ളയാളുടെ വാഹന റജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ തടയപ്പെടുമെന്ന് സാരം. പിഴ അടയ്ക്കാത്ത ആള്‍ വീണ്ടും ട്രാഫിക് കുറ്റങ്ങള്‍ക്ക്് പിടിയ്ക്കപ്പെട്ടാല്‍ അത്തരക്കാര്‍ കുറ്റം ആവര്‍ത്തിക്കുന്നതായി പരിഗണിച്ച് കൂടിയ പിഴ അടയ്‌ക്കേണ്ടി വരും.

രേഖകൾ പിടിച്ചു വെക്കും

ട്രാഫിക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഐടി അധിഷ്ഠിതമാകുമ്പോള്‍ പിഴയൊടുക്കാനുള്ള സാവകാശം അനിയന്ത്രിതമായി നീട്ടിക്കൊണ്ട് പോകാനാവില്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. സ്വത്ത് വകകള്‍ക്കും ജീവനും ഭീഷണിയുള്ള പിഴവുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വാഹനമോടിക്കുക, മലിനീകരണവും പരിധി വിട്ട ശബ്ദവും, ഇന്‍ഷൂറന്‍സ് ഇല്ലാത്ത, കാലാവധി തീര്‍ന്ന വാഹനങ്ങള്‍ നിരത്തിലിറക്കുക തുടങ്ങിയവ അടക്കം ആറ് കാരണങ്ങളാല്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിനും ട്രാഫിക് പൊലീസിനും രേഖകള്‍ പിടിച്ച് വയ്ക്കാമെന്നും ഡ്രാഫ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA