ADVERTISEMENT

ജോലിയുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ ദൂരെയുള്ള സംസ്ഥാനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും മാറ്റം കിട്ടുന്നവരാണ് നല്ലൊരു ശതമാനം ജീവനക്കാരും. പലപ്പോഴും മറ്റ് നഗരങ്ങളിലെത്തുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണ് വാടകയ്ക്ക് താമസിക്കുന്നതാണോ വീടു വാങ്ങുന്നതാണോ നല്ലതെന്ന്. നിലവിലുള്ള സ്വന്തം വീടിന് പുറമെ വേറൊരു നഗരത്തില്‍ മറ്റൊന്നു കൂടിയായാല്‍ തരക്കേടില്ല എന്ന ചിന്തയാകും ഇതിന് പിന്നില്‍. സാധാരണ ഗതിയില്‍ കുട്ടികളുടെ പ്രായം, ചെന്നെത്തിയ നഗരത്തിലെ വിദ്യാഭ്യാസ-ജീവിത നിലവാര സാധ്യതകള്‍, ജീവിത പങ്കാളിയുടെ സ്ഥലം മാറ്റം കൂടാതെ സ്വന്തം നാട്ടിലേക്കുള്ള യാത്രാ മാര്‍ഗങ്ങള്‍ ഇങ്ങനെ പല കാര്യങ്ങള്‍ ഇത്തരം അവസരത്തില്‍ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കും. കൈയ്യിലെ പണവും ലോണ്‍ തിരിച്ചടവിനുള്ള ശേഷിയും ഇതിന് പുറമേയാണ്.  രണ്ട് കിടപ്പു മുറികളും കാര്‍പ്പാര്‍ക്കിംഗും മറ്റ് സൗകര്യങ്ങളുമുള്ള അപ്പാര്‍ട്ട്മെന്റുകള്‍ക്ക്് ഇന്നത്തെ നിലയ്ക്ക് ചുരുങ്ങിയത് അര കോടിയെങ്കിലും മുതല്‍ മുടക്ക് വേണ്ടി വരും.(നഗരങ്ങള്‍ക്കനുസരിച്ച് തുകയില്‍ വ്യത്യാസം വരാം) അങ്ങനെ നോക്കുമ്പോള്‍ വീട് വാങ്ങുന്നതാണോ വാടകയാണോ ആദായകരം എന്നു നോക്കാം. ഇതിന് പുറമേ റിയല്‍ എസ്റ്റേറ്റ് മാന്ദ്യം കണക്കിലെടുത്ത് വീട് വാങ്ങി വാടകയ്ക്ക് കൊടുത്ത് ആദായമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. അത്തരക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്.

കണക്കുകള്‍ ഇങ്ങനെ

സാധാരണ നിലയില്‍ വീട്/ ഫ്‌ളാറ്റ് വാങ്ങുന്നതിനുള്ള ആകെ ചെലവിന്റെ 1.5 മുതല്‍ രണ്ട് ശതമാനം വരെയാണ് വാടക ഇനത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ള വരുമാനം. ഏത് നഗരത്തിലാണെങ്കിലും ശരാശരി വരുമാനം ഇതു തന്നെയായിരിക്കും. വീടിന്റെ നിലവിലെ വിപണി വിലയെ വാര്‍ഷാവര്‍ഷം കിട്ടാന്‍ സാധ്യതയുള്ള വാടക കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന തുകയാണ് വാടക വരുമാനം. അതേസമയം ഭവന വായ്പകളുടെ നിലവിലെ പലിശ നിരക്ക് 8-8.75 ശതമാനമാണ്. അതായത് വായ്പയുടെ ഇ എം ഐ യുടെ നാലില്‍ ഒന്നു പോലും പലപ്പോഴും വാടകയായി വരുന്നില്ല എന്ന് സാരം. ഇ എം ഐയുടെ നല്ലൊരു ശതമാനം തുകയെങ്കിലും വാടകയിനത്തില്‍ ലഭ്യമാകുമ്പോഴോ അല്ലെങ്കില്‍ ഹ്രസ്വകാല റിയല്‍ എസ്‌റ്റേറ്റ് നേട്ടങ്ങള്‍ പ്രവചിക്കാനാവുമ്പോഴോ ഈ രംഗത്ത് പണം മുടക്കുന്നതാണ് കൂടുതല്‍ ഉത്തമം. ഈ രണ്ട് സാഹചര്യങ്ങളും നിലവിലില്ലാത്തപ്പോള്‍ വീട് വാങ്ങി വാടകക്കാശ് ലാഭിക്കുന്നതോ വാടകയ്ക്ക് നല്‍കി ആദായമുണ്ടാക്കാന്‍ ശ്രമിക്കുന്നതോ ബുദ്ധിയല്ല എന്നു കാണാം.

ഡൗണ്‍പേയ്‌മെന്റ്

സാധാരണ നിലയില്‍ വീട് വാങ്ങാനുള്ള തുകയുടെ 20 ശതമാനം തുക ആദ്യം കൈയില്‍ നിന്ന് ഇടേണ്ടി വരും. പിന്നീടുള്ള തുകയ്ക്കാണ് ലോണ്‍ അനുവദിക്കുക. ആ തുകയുടെ പലിശയും കണക്കാക്കേണ്ടി വരും. 50 ലക്ഷം രൂപ മുതല്‍മുടക്കുള്ള വീടിന് 20 ശതമാനം കിഴിച്ച് 40 ലക്ഷം രൂപയാണ് വായ്പയായി ലഭിക്കുക. 20 വര്‍ഷത്തേയ്ക്ക് തിരിച്ചടവ് കണക്കാക്കിയാല്‍  33,458 രൂപ ഇ എം ഐ വരും ഇതിന്. വാടകയിനത്തില്‍ ലഭിക്കുന്നതാകട്ടെ 10,000 രൂപയും. ചില നഗരങ്ങളില്‍ 30,000-40,000 വാടക ലഭിക്കുമെങ്കില്‍ വീടിന് അതനുസരിച്ച് മാര്‍ക്കറ്റ് വിലയും ഉയര്‍ന്ന് നില്‍ക്കും എന്നോര്‍ക്കേണ്ടതുണ്ട്. നികുതിയിളവാണ് പരിഗണിക്കാവുന്ന മറ്റൊരു ഘടകം. എന്നാല്‍ ഇവിടെ അതും വലിയ ആദായം നല്‍കുന്നില്ലെന്ന് കാണാം. റിയല്‍ എസ്റ്റേറ്റ് സാധ്യത മറ്റൊരു വീട് വാങ്ങുന്നതിന് അനുകൂലമായി പരിഗണിക്കുന്ന ഘടകമായിരുന്നു. എന്നാല്‍ ഈ മേഖല ഒട്ടാകെ കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടു നില്‍ക്കുമ്പോള്‍ മുടക്കിയ പണത്തിന് നേട്ടം കിട്ടുമെന്ന് കരുതാനാവില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com