വിദേശത്ത് പഠിക്കുന്ന കുട്ടികളുടെ ഫീസ് ഉടന്‍ അടച്ചോളൂ, ഏപ്രില്‍ ഒന്നു മുതല്‍ അധിക തുക നല്‍കേണ്ടി വരും

620986258
SHARE

വിദേശ യാത്രയ്‌ക്കൊരുങ്ങുന്നവരും വിദേശത്തേക്ക് പണമയക്കുന്നവരും കരുതിയിരിക്കുക. ഏപ്രില്‍ ഒന്നിന് ശേഷം നിങ്ങളുടെ ചെലവില്‍ വര്‍ധന ഉണ്ടാകും. ഇക്കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ട ഉറവിട നികുതി (ടി ഡി എസ്) നിര്‍ദേശം നടപ്പാകുന്നതോടെയാണിത്. ബജറ്റ് നിര്‍ദേശമനുസരിച്ച് ഒരു സാമ്പത്തിക വര്‍ഷം വിദേശത്തേക്ക് അയക്കുന്ന ഏഴു ലക്ഷത്തില്‍ കൂടുതലുള്ള തുക, ടൂര്‍ ഓപ്പറേറ്റര്‍ മുഖേന വില്‍ക്കപ്പെടുന്ന ടൂര്‍ പാക്കേജ് എന്നിവയ്ക്ക് ടി ഡി എസ് ബാധകമാകും. രണ്ട് വിഭാഗത്തിലും അഞ്ച് ശതമാനം ടി ഡി എസ് ഏപ്രില്‍ ഒന്നു മുതല്‍ ബാധകമാകും. പാന്‍ കാര്‍ഡ് ഇല്ലാത്ത കേസുകളില്‍ ഇത് 10 ശതമാനം വരെയാകും.

ആര്‍ബിഐയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം അനുസരിച്ച് (എല്‍ ആര്‍ എസ്) ഇന്ത്യാക്കാരനായ ഒരാള്‍ക്ക് ചെലവ് ഇനത്തിലോ, നിക്ഷേപം എന്ന നിലയിലോ വിദേശ രാജ്യങ്ങളിലേക്ക് ഒരു സാമ്പത്തിക വര്‍ഷം പരമാവധി 250,000 ഡോളര്‍ വരെ അയക്കാമായിരുന്നു. ഇതിന് ഉറവിട നികുതി ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ബാങ്ക്, എക്‌സേഞ്ച് ഹൗസ് പോലുള്ള അംഗീകൃത ഏജന്‍സി വഴി വിദേശത്തേയ്ക്ക് ഇന്ത്യയില്‍ നിന്ന് ഒരു സാമ്പത്തിക വര്‍ഷം ഏഴ് ലക്ഷം രൂപയില്‍ കൂടുതലാണ് അയയ്ക്കുന്നതെങ്കില്‍ ഇനിമുതല്‍ അഞ്ച് ശതമാനം ടി സി എസ് ബാധകമായിരിക്കും. അയയ്ക്കുന്നവര്‍ക്ക് പാന്‍/ആധാര്‍ കാര്‍ഡില്ലെങ്കില്‍ ഇത് പത്ത് ശതമാനമായി ഉയരും.

വലിയ തോതില്‍ ദക്ഷിണേന്ത്യയില്‍ നിന്ന്് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കുട്ടികള്‍ പഠിക്കാനായി പോകുന്നുണ്ട്. ഇത്തരം കേസുകളില്‍ ഫീസ് അടക്കമുള്ള തുക ഒരു സാമ്പത്തിക വര്‍ഷം ഏഴ് ലക്ഷത്തില്‍ കൂടുതലുമായിരിക്കും. ഇനി അഞ്ച് ശതമാനം നികുതി ഉറവിടത്തില്‍ നല്‍കണ്ടേി വരും.

അതുപോലെ ഇപ്പോള്‍ വിദേശ ടൂറുകളുടെ കാലമാണ്. പുതിയ ചട്ടം വരുന്നതോടൈ അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ ഇവിടെയും നല്‍കണം ഈ അഞ്ച് ശതമാനം. വിദേശയാത്രകള്‍ ഇപ്പോള്‍ കൂടുതലും പാക്കേജ് ടൂറുകളായാണ് സംഘടിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് ഇത്തരം പാക്കേജുകളുടെ വില്‍പനക്കാരാണ് തുക ഉറവിടത്തില്‍ നിന്ന് സമാഹരിച്ച് നല്‍കേണ്ടത്. അതായിത് യാത്ര ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ അധിക തുകയും നല്‍കണം. വിദേശ രാജ്യങ്ങളില്‍ എത്തുമ്പോഴുള്ള ആഭ്യന്തര യാത്രകള്‍, ഹോട്ടല്‍ താമസം എന്നു വേണ്ട എല്ലാം ഇതിന്റെ പരിധിയില്‍ വരും. ഇവിടെ തുകയ്ക്ക് പരിധിയില്ലാത്തതിനാല്‍ എല്ലാ വിദേശ ട്രിപ്പുകള്‍ക്കും ഇത് ബാധകമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA