ADVERTISEMENT

കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സ്വര്‍ണവില പണയ വായ്പക്കാര്‍ക്ക് അനുഗ്രഹമാണ്.10 ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 40,000 രൂപയ്ക്കടുത്താണ് ഇപ്പോള്‍. ഈ വര്‍ഷം ഇതില്‍ 10 ശതമാനമെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍. വില കൂടി നില്‍ക്കുമ്പോള്‍ കൂടുതല്‍ തുക ഗ്രാമൊന്നിന് വായ്പയായി ലഭിക്കും. പല ധനകാര്യ സ്ഥാപനങ്ങളും ഗ്രാമിന് നല്‍കുന്ന പരമാവാധി വായ്പ തുക ഉയര്‍ത്തിയിട്ടുണ്ട്.

75 ശതമാനം വരെ വായ്പ

പണയ വസ്തുവിന്റെ വിപണി വിലയുടെ 75 ശതമാനം വരെയാണ് വായ്പ നല്‍കാന്‍ ആര്‍ ബി ഐ അനുവദിക്കുന്നത്. എന്നാല്‍ ഈ രംഗത്തുള്ള പൊതുമേഖലാ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയും വ്യത്യസ്ത മാനദണ്ഡമാണ് ഇതിനുപയോഗിക്കുന്നത്. അതുകൊണ്ട് വിപണി വില കണക്കാക്കി കൂടുതല്‍ തുക വായ്പയായി അനുവദിക്കുന്ന സ്ഥാപനങ്ങളെ  വായ്പയ്ക്കായി സമീപിക്കാം. പക്ഷെ അപ്പോഴും ചില കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച് അറിയണം.

പലിശ


സാധാരണ നിലയില്‍ സ്വര്‍ണ പണയ വായ്പയുടെ പലിശ നിരക്ക് 8.75  മുതല്‍ 25 ശതമാനം വരെയാണ്. ഗ്രാമൊന്നിന് കൂടുതല്‍ തുക വായ്പയായി ആവശ്യപ്പെട്ടാല്‍ സ്വകാര്യ ബാങ്കുകള്‍ അതിനനുസരിച്ച് പലിശ നിരക്ക് കൂട്ടും. ഉദാഹരണത്തിന് 10 ഗ്രാമിന് വിപണി വിലയുടെ 75 ശതമാനമായ 30000 രൂപയാണ് അനുവദനീയമെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഇതിലും കൂടുതല്‍ നല്‍കും. എന്നാല്‍ പലിശ നിരക്ക് നാലും അഞ്ചും ശതമാനം കൂട്ടിയായിരിക്കും ഈടാക്കുക. അതാകട്ടെ വായ്പ എടുക്കുന്ന മൊത്തം തുകയ്ക്കും ബാധകമാവുകയും ചെയ്യും. ഇതോടെ മാസപലിശ 20 ഉം 25 ഉം ശതമാനത്തിലേക്ക് വരെ പോകും. അതുകൊണ്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ട് വേണം വായ്പ എടുക്കാന്‍. സ്വകാര്യ ബാങ്കുകളിടെ സാധാരണ സ്വര്‍ണപണയ പലിശ നിരക്ക് 15 ശതമാനത്തിലാണ് ആരംഭിക്കുന്നത്.

പൊതുമേഖലാ ബാങ്കുകള്‍

പൊതുമേഖല ബാങ്കുകളില്‍ പലിശ നിരക്ക് സാധാരണ ഒമ്പത് ശതമാനമാണ്. ഇത് പലപ്പോഴും 8.75 ശതമാനത്തിന് വരെ ആളുടെ തിരിച്ചടവ് ശേഷി നോക്കി നല്‍കാറുണ്ട്. എന്നാല്‍ പല ബാങ്കുകളും 400-500 രൂപ പണയം വയ്ക്കുന്നതിനുള്ള പ്രോസസിംഗ് ഫീസ് ഈടാക്കാറുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ മിക്കതിലും ഇതില്ല. ഉണ്ടെങ്കില്‍ തന്നെ 10-20 രൂപയ്ക്കകത്തായിരിക്കും. ബാങ്കുകളില്‍ കാലതാമസവും കൂടും. അതുകൊണ്ട് ചെറിയ തുകയും ചെറിയ കാലാവധിയുമാണെങ്കില്‍ (ഒരു മാസം) സ്വകാര്യ ബാങ്കുകളാണ് നല്ലത്.

സഹകരണ സംഘങ്ങള്‍

പ്രാഥമിക സഹകരണ സംഘങ്ങളുടെ വായ്പയുടെ പ്രധാന ഘടകം സ്വര്‍ണ പണയം തന്നെയാണ്. കേരളത്തില്‍  എല്ലാ ഗ്രാങ്ങളിലും ഇത്തരം ജനകീയ സൊസൈറ്റികളുണ്ട്. സാധാരണ ഇത്തരം സൊസൈറ്റികള്‍ ഈടാക്കുന്ന പലിശ നിരക്ക് 10-11 ശതമാനമാണ്. പ്രോസസിംഗ് ഫീസ് ഇല്ലെന്നുള്ളതും കാലതാമസം വിന ലോണ്‍ ലഭിക്കുമെന്നതുമാണ് സൊസൈറ്റികളുടെ പ്രത്യേകത.

കാര്‍ഷിക വായ്പ

സ്വര്‍ണം ഗ്യാരണ്ടിയായി വാങ്ങി ബാങ്കുകള്‍ നല്‍കുന്ന വായ്പയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡിയുള്ള ബാങ്ക് വായ്പയാണിത്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് നാല് ശതമാനമാണ് പലിശ നിരക്ക്. ഒരു കര്‍ഷകന് സ്വര്‍ണ ഈടിന്‍മേല്‍ ഇവിടെ മൂന്ന് ലക്ഷം രൂപ വരെ ഇങ്ങനെ വായ്പയായി ലഭിക്കും. എന്നാല്‍ യഥേഷ്ടം നല്‍കിയിരുന്ന ഇത്തരം വായ്പകള്‍ ഇപ്പോള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ വായ്പ എടുക്കുന്നവര്‍ക്ക് മാത്രമായി പരിമിതപെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ സംഘടിത ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള സ്വര്‍ണപണയ വായ്പ നിലവില്‍ 3,10,100 കോടി രൂപയാണ്. ഈ മേഖലയില്‍ കണക്കാക്കിയിരിക്കുന്ന വാര്‍ഷിക വളര്‍ച്ച 13 .7 ശതമാനവും. ഇതില്‍ നാല്‍പത് ശതമാനം വായ്പയും ദക്ഷിണേന്ത്യയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com