കൊറോണ പോക്കറ്റുകളിലേക്കും പടരുന്നു, ഈ ഉത്പന്നങ്ങള്‍ വാങ്ങുന്നത് നീട്ടി വയ്ക്കാം
Mail This Article
ഇതിനകം 2000 ത്തില്‍ അധികം പേരുടെ മരണത്തിനിടയാക്കിയ കൊറോണ (കോവിഡ്-19) ബാധ ഇന്ത്യയില്‍ താത്കാലികമായ വിലക്കയറ്റത്തിനും കാരണമാകുന്നു. പല സാധനങ്ങളുടെയും പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വില 10 ശതമാനം വരെ വര്‍ധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പണമില്ലായ്മയിലും അതേസമയം വിലക്കയറ്റത്തിലും നട്ടം തിരിയുന്ന സാധാരണക്കാരെയാണ് കോറോണയും ബാധിക്കുക. ഇന്ത്യയില്‍ വില്‍ക്കുന്ന ഭൂരിഭാഗം ഉത്പന്നങ്ങളുടെയും വിവിധ ഭാഗങ്ങള്‍ ചൈനയില്‍ നിന്നാണ് എത്തുന്നത്. ചില ഉത്പന്നങ്ങള്‍ അവിടെ നിര്‍മ്മിച്ച് ഇന്ത്യയില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നവയുമാണ്.
ഓഫറുകള്‍ പിന്‍വലിക്കുന്നു
കഴിഞ്ഞ ഒരു മാസത്തിലേറെയായി നിര്‍മാണ-വാണിജ്യ കേന്ദ്രമായ വുഹാന്‍ അടക്കമുള്ള പല മേഖലയിലും ഇത്തരം നിര്‍മാണ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ന്യൂ ഇയര്‍ അവധി കഴിഞ്ഞ് ജീവനക്കാരെ തിരിച്ച് നിയോഗിക്കാന്‍ കമ്പനികള്‍ തയ്യാറല്ല. സ്ഥാപനങ്ങള്‍ 30-60 ശതമാനം ശേഷിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അവിടെന്നുള്ള റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് ഇത്തരം ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും ഇവയില്‍ ഉപയോഗിക്കുന്ന ബോര്‍ഡുകള്‍ക്കുമെല്ലാം ദൗര്‍ലഭ്യമായി തുടങ്ങി. ഇന്ത്യയില്‍ വില്‍പന നടത്തുന്ന പ്രമൂഖ ഇലക്ടോണിക് ഉപകരണ ബ്രാന്‍ഡുകളും ഇതിനകം തന്നെ ഓഫറുകളെല്ലാം പിന്‍വലിച്ചിട്ടുണ്ട്. ഇതു മൂലം മാത്രം ഉത്പന്നവിലകളില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചൈനയെ വളരെ കൂടുതലായി ആശ്രയിക്കുന്ന ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, എല്‍ ഇ ഡി ലൈറ്റുകള്‍ എന്നിവയുടെ വിലയിലാണ് കോറോണ ഏറെ വര്‍ധനയുണ്ടാക്കിയിട്ടുള്ളത്. ടി വി വിലയില്‍ 10 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. കൊറോണ മൂലം ടി വി പാനലുകള്‍ക്ക് ആഗോള തലത്തില്‍ നേരിട്ട ദൗര്‍ലഭ്യമാണ് കാരണം. എല്‍ ഇ ഡി ബള്‍ബുകള്‍ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ഇത് 10 ശതമാനമാണ്.
അത്യാവശ്യമില്ലെങ്കില്‍ പിന്നെയാവാം
ഫ്രിഡ്ജ്, എ സി, വാഷിംഗ് മെഷീന്‍,ലാപ് ടോപ് എന്നിവയ്ക്ക് പല കമ്പനികളും മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വില വര്‍ധന വരുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെ ലഭ്യതയിലാണ് വലിയ ഇടിവുണ്ടായിട്ടുള്ളത്. ഇത് വിലക്കയറ്റത്തിന് കാരണമാകും. ഏതാണ്ടെല്ലാ ഫോണുകളുടെയും ഹാന്‍ഡ് സെറ്റുകള്‍ കുറയാനിടയുണ്ട്. ഐ ഫോണ്‍ അടക്കമുള്ള പല ആഗോള ബ്രാന്‍ഡുകളും ഈ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. കൊറോണ പ്രതിസന്ധി താത്കാലിക വിലക്കയറ്റത്തിന് കാരണമാകുമെന്നും അത് പരിഹരിക്കാനാവുമെന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്. വാങ്ങല്‍ തത്കാലം നീട്ടിവയ്ക്കുന്നതായിരിക്കും അഭികാമ്യം.