ADVERTISEMENT

കൊറോണ വൈറസ് രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വലിയ മുന്‍കരുതലുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാരുകള്‍. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ 75 ജില്ലകള്‍ അടയ്ക്കാന്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. പല കമ്പനികളും ജീവനക്കാര്‍ക്ക് അവധി നല്‍കുകയോ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനമൊരുക്കുകയോ ചെയ്തിരിക്കുകയാണ്. വരാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി പല സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറക്കുകയോ ലോസ് ഓഫ് പേ ലീവ് അനുവദിക്കുകയോ ആണ്. അസംഘടിത മേഖലയിലുള്ളവര്‍ക്കും കൂലിത്തൊഴിലാളികള്‍ക്കും പ്രതിസന്ധി വളരെ രൂക്ഷമാണ്. മാന്ദ്യത്തിന്റെ പിടിയില്‍ പെട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൊറോണ ശരിക്കും കൂനിന്‍മേല്‍ കുരുവാണ്. വൈറസ് വ്യാപനം എത്ര കണ്ട് തുടരുമെന്ന് ആര്‍ക്കും പറയാനാവാത്ത സാഹചര്യത്തില്‍ കൂടുതല്‍ കാലം ഐസൊലേഷനില്‍ കഴിയേണ്ടി വന്നാല്‍ എങ്ങനെ ഇതിനെ അതിജീവിക്കും?

മുണ്ട് മുറുക്കണ്ട, കരുതല്‍ മതി

തത്കാലം രോഗം വരാതെ മറ്റുള്ളവരിലേക്ക് പരത്താതെ സൂക്ഷിക്കുക എന്നുള്ളതാണ് ഏററവും വലിയ കാര്യം. വീടുകളില്‍ കഴിഞ്ഞ് കൂടി പ്രതിസന്ധിയുടെ ആഴം തിരിച്ചറിയുക. വരുമാനത്തില്‍ കുറവുണ്ടാകാനിടയുണ്ടെങ്കില്‍ അത് കണക്കു കൂട്ടി പ്രവര്‍ത്തിക്കുക. പ്രതിസന്ധി എത്ര നാള്‍ തുടരുമെന്ന് പറയാറായിട്ടില്ല. നിസാരമെന്ന് കരുതിയ പല രാജ്യത്തും മാസങ്ങള്‍ പിന്നിടുന്തോറും അതിജീവനവും സാമ്പത്തിക, സാമൂഹ്യ ജീവിതവും അതീവ ഗുരുതരമായി തുടരുകയാണ്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുക.

ചെലവ് കര്‍ശനമായി നിയന്ത്രിക്കണം

പ്രതിസന്ധിയുടെ ആഴം അറിയനാകാത്തിടത്തോളം കാലം ചുരുങ്ങിയ ജീവതമാണുത്തമം. അത്യാവശ്യമല്ലാത്ത ചെലവുകളും വാങ്ങലുകളും തത്കാലം മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. പ്രതിസന്ധിയുടെ ആഴം ദീര്‍ഘ കാലയളവില്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ നിലവിലെ സാമ്പത്തിക അവസ്ഥയെ ആ രീതിയില്‍ വേണം കൈകാര്യം ചെയ്യാന്‍. ചിലപ്പോള്‍ വരുമാനം കുറഞ്ഞേയ്ക്കാം.ശമ്പളം പ്രതിസന്ധിയിലായേക്കാം. അല്ലെങ്കില്‍ ജോലി തന്നെ നഷ്ടമായെന്നു വരാം. സൂക്ഷ്മ-ചെറുകിട- ഇടത്തരം ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ വരാന്‍ പോകുന്ന റിസ്‌ക് മുന്‍കൂട്ടി കണ്ടാവണം പദ്ധതി തയ്യാറാക്കേണ്ടത്. പ്രതിസന്ധി ആഴത്തിലുള്ളതാണെങ്കില്‍ സര്‍ക്കാര്‍ വക ഉത്തേജന പാക്കേജ് ലഭിച്ചേക്കാം. പക്ഷെ ഉറപ്പില്ല. ഈ സാഹചര്യത്തില്‍ പ്രതിസന്ധിയുടെ ആഴം മനസിലാക്കി അത്യാവശ്യമല്ലാത്ത ചെലവുകള്‍ നിയന്ത്രിക്കുകയാണ് വേണ്ടത്. ബാങ്കില്‍ നിന്നെടുത്ത ബിസിനസ്,ഭവന വായ്പകളും മറ്റ് ബാധ്യതകളും എന്‍  പി എ ആയി മാറാതെ നോക്കേണ്ടതുണ്ട്.

റിസ്‌ക് ഒഴിവാക്കാം

അപകടകരമായ അവസ്ഥയായതിനാല്‍ തന്നെ റിസ്‌ക് കൂടുതലുള്ള നിക്ഷേപങ്ങളോ ബിസിനസോ തത്കാലം വേണ്ടെന്ന് വയ്ക്കുന്നതാണ് ബുദ്ധി. ഓഹരി വിപണി വലിയ ചാഞ്ചാട്ടത്തിനും പതനത്തിനും കാരണമാകുന്നതിനാല്‍ അധിക പണമില്ലെങ്കില്‍ അതിലെ നിക്ഷേപം തൽക്കാലം മാറ്റിവെക്കാം.. റിയല്‍ എസ്റ്റേറ്റ് പോലുള്ള മേഖലയിലും ഈ സമയത്ത് നിക്ഷേപം അഭികാമ്യമല്ല.

ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണുകള്‍

സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തില്‍ വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാണ് ക്രെഡിറ്റ് കാര്‍ഡും പേഴ്‌സണല്‍ വായ്പകളും. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പ വാഗ്ദാനവുമായി എത്തിയേക്കാം.
പലിശയില്ലാതെ രണ്ട് മാസത്തിനടുത്ത് തിരിച്ചടവ് സാവകാശം ലഭിക്കുമെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 36 ശതമാനം വരെ പലിശയുണ്ടെന്ന കാര്യം മറക്കരുത്. വ്യക്തിഗത വായ്പകള്‍ക്കും സാധാരണ വായ്പകളേക്കാള്‍ വളരെ ഉയര്‍ന്ന തോതിലാണ് പലിശ. അതുകൊണ്ട് ഈ പ്രതിസന്ധി കാലത്ത് വലിയ പലിശകളുള്ള വായ്പകള്‍ ഒഴിവാക്കുന്നത് നന്നാകും.

ചെലവ് കുറഞ്ഞ വായ്പ

പണം അത്യാവശ്യമായി വരികയാണെങ്കില്‍ മാത്രം ചെലവ് കുറഞ്ഞ വായ്പയെ കുറിച്ച് ചിന്തിക്കുക. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി 4 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കും. കാര്‍ഷിക ആവശ്യത്തിന് ലഭിക്കുന്ന ഈ വായ്പ വര്‍ഷാ വര്‍ഷം പുതുക്കാവുന്നതുമാണ്. എല്ലാ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും കൃഷി ആവശ്യത്തിന് ഇൗ വായ്പ ലഭിക്കും.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com