ADVERTISEMENT
ലോക്ഡൗൺ നാളുകളിൽ വീട്ടിലിരുന്ന് സകലകാര്യങ്ങളും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണോ നിങ്ങൾ?എന്നാൽ ഇതിനിടയ്ൽ സ്വാഭാവികമായും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം സേവിങ്സ് ബാങ്ക് അക്കൗണ്ടും എടിഎം കാർഡും ഉപയോഗിക്കുന്ന സാധാരണക്കാരെ കെണിയിൽ വീഴ്ത്താൻ ഇപ്പോൾ തക്കംപാർത്തിരിക്കുകയാണ് തട്ടിപ്പുകാർ എന്നതാണ്. ഇവരുടെ രീതികൾ മുൻകൂട്ടി അറിഞ്ഞിരുന്നാൽ പണ നഷ്ടം ഒഴിവാക്കാം.

യാത്ര ടിക്കറ്റും ഹോട്ടൽ മുറി ബുക്ക്ചെയ്തതുമൊക്കെ കാൻസൽ ചെയ്യുന്നവരേറെയാണിപ്പോൾ. അവസരം മുതലെടുത്ത് എടിഎം കാർഡുകളുടെ വിവരങ്ങൾ ശേഖരിച്ച് പണം മോഷ്ടിച്ചെടുക്കുന്ന സംഭവങ്ങളും കൂടി വരികയാണ്. പണനഷ്ടവും മറ്റ് പൊല്ലാപ്പുകളും ഒഴിവാക്കാൻ സേവിങ്സ് അക്കൗണ്ട് ഉടമകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില തട്ടിപ്പു രീതികളും അവ സംഭവിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളും ഇനി പറയുന്നു.

ഫിഷിങ്

ബാങ്കിൽ‌നിന്നെന്ന രീതിയിൽ ഇ–മെയിലിലൂടെയോ ഹ്രസ്വ സന്ദേശങ്ങളായോ ആകും ഫിഷിങ് തട്ടിപ്പിന് ശ്രമിക്കുന്നത്. സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ ബാങ്കിന്റെയോ മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയോ ആധികാരികം എന്നു തോന്നിപ്പിക്കുന്ന വെബ്സൈറ്റിലേക്കാവും എത്തിപ്പെടുക. സംശയം ഇല്ലാതെ അവിടെ നൽകുന്ന നിർണായക വിവരങ്ങൾ ദുരുപയോഗപ്പെടുത്തി അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുക്കും.
കിട്ടിയ വിവരങ്ങൾ ഉപയോഗിച്ച് കാർഡിന്റെ വ്യാജ പകർപ്പുകൾ നിർമിക്കുന്നതിനെ ‘ക്ലോണിങ്’എന്നു പറയും. മറ്റു ചിലപ്പോൾ കാർഡിന്റെയും അക്കൗണ്ടിന്റെയും വിവരങ്ങൾ മോഷ്ടിച്ചെടുത്ത് അനധികൃത വിൽപന നടത്തുന്ന അധോലോക സൈറ്റുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടേക്കാം. സമാനരീതിയിൽ വിവരങ്ങൾ മോഷ്ടിച്ചെടുക്കുന്നതിനെ ‘സ്പൂഫിങ്’ എന്നാണ് അറിയപ്പെടുന്നത്.

വിഷിങ്

ബാങ്കിൽനിന്നെന്ന രീതിയിൽ ഫോണിലൂടെ ഇടപാടുകാരെ വിവിധ കാര്യങ്ങൾ പറഞ്ഞു ഭയപ്പെടുത്തി വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ് വിഷിങ്. വീണു കിട്ടുന്ന ഇരകളെ ഉപയോഗിച്ച് സമാന്തരമായി മൊബൈൽ ഫോണുകളിലേക്ക് വൺടൈം പാസ് വേഡുകൾ വരെ വരുത്തിയെടുക്കുന്നു. ഇതിനെ തുടർന്ന് അക്കൗണ്ടിൽ ബാക്കിയുള്ള പണം നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകാം.

സ്കിമ്മിങ്

എടിഎമ്മുകളിലും സ്വൈപ് മെഷീനുകളിലും ഒളിപ്പിച്ചു വയ്ക്കുന്ന കാർഡ് റീഡറുകൾ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിക്കൊണ്ടു പോകുന്നതിനെയാണ് ‘സ്കിമ്മിങ്’ എന്നു പറയുന്നത്. ഡെബിറ്റ് കാർഡുകളിൽ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്തു സൂക്ഷിക്കുന്ന ചിപ്പ് കാർഡുകൾ സാർവത്രികമായതോടെ സ്കിമ്മിങ് മോഷണം കുറഞ്ഞിട്ടുണ്ട്. സഹായിക്കാനെന്ന രീതിയിലോ തൊട്ടുപിറകിലെ ഇടപാടുകാരൻ എന്ന രീതിയിലോ ഇടിച്ചു കയറി ഒളിഞ്ഞു നോക്കി എടിഎമ്മുകളിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ തട്ടിയെടുക്കുന്ന സ്കിമ്മിങ് രീതിയുമുണ്ട്. മറ്റു ചിലപ്പോൾ അനധികൃതമായി ക്യാമറകൾ ഒളിപ്പിച്ചു വച്ച് പിൻ നമ്പരും മറ്റും രേഖപ്പെടുത്തുമ്പോൾ ഒപ്പിയെടുക്കും.

സ്മർഫിങ്

മറ്റു രീതികളിൽ പണം കിഴിവു ചെയ്തെടുക്കാൻ ശ്രമിക്കുമ്പോൾ ഇടപാടുകാരനെ അനധികൃത പണ വിതരണ ശൃംഖലയിൽ അറിഞ്ഞോ അറിയാതെയോ പങ്കാളികളാക്കുകയാണ് സ്മർഫിങ്ങിൽ. അധികൃത മാർഗങ്ങളിലല്ലാതെ സമ്പാദിച്ച പണം വെളുപ്പിച്ചെടുക്കുന്നതിനാണ് സ്മർഫിങ് ഉപയോഗിക്കുക. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുമായി സേവിങ് അക്കൗണ്ടുകളിലേക്കു ചെറിയ തുകകൾ പല തവണയായി അടയ്ക്കുന്നു. അനധികൃത ഇടപാടുകൾ റിപ്പോർട്ട് ചെയ്യേണ്ടുന്ന പരിധിക്കു താഴെ തുക എത്തുമ്പോൾ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക്  ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിലൂടെ അയച്ചു കൊടുക്കാൻ ആവശ്യപ്പെടും. പണം സ്വീകരിച്ചതിനും അയച്ച് കൊടുക്കുന്നതിനും മോശമല്ലാത്ത കമ്മിഷനും നൽകും.
കുറ്റം ചെയ്യുന്നതു മാത്രമല്ല, കുറ്റം ചെയ്യുന്നതിന് ഒത്താശ ചെയ്തു കൊടുക്കുന്നതു കൂടി ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. സ്രോതസ്സ് വ്യക്തമാക്കാൻ കഴിയാത്ത കള്ളപ്പണ ഇടപാടുകളെ വെള്ളപൂശുന്നതിനാണ് സ്മർഫിങ് ഉപയോഗപ്പെടുത്തുന്നത്.

പോപ്പ് അപ്പ് ഗ്രാഫിക്സ്

സ്മാർട് ഫോണുകളിൽ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ചെറിയ ചിത്രങ്ങളോടൊപ്പം സ്ക്രീനുകളിൽ പൊന്തിവരുന്ന പോപ്പ് അപ്പ് തട്ടിപ്പുകൾ പുതിയ അവതാരങ്ങളാണ്. ഇവയിൽ ക്ലിക് ചെയ്താൽ ഫോണിന്റെ കീപാഡിൽ അമർത്തുന്ന എല്ലാ രഹസ്യവിവരങ്ങളും മറ്റേ തലയ്ക്കൽ പകർത്തിയെടുത്തിട്ടുണ്ടാകും. ഇവിടെ ഫിഷിങ്ങിന് സമാനമായ തട്ടിപ്പും സ്വീകരിച്ചു കാണുന്നുണ്ട്.

ഇഎംവി ചിപ്പുകൾ

രാജ്യാന്തര പണമിടപാട് ശൃംഖലകളായ യുറോ പേ, മാസ്റ്റർ കാർഡ്, വീസ എന്നിവയുടെ ആദ്യ അക്ഷരങ്ങൾ ചേർന്നതാണ് ഇഎംവി. നേരത്തെ കാർഡിന്റെ പിൻവശത്ത് ഒട്ടിച്ചിരിക്കുന്ന ഇലക്ട്രോ മാഗ് നറ്റിക് സ്ട്രിപ്പിലായിരുന്നു അക്കൗണ്ട് വിവരങ്ങളും മറ്റും സൂക്ഷിച്ചിരുന്നത്. ഇവ സ്കിമ്മിങ്ങിലൂടെ ഒപ്പിയെടുക്കാൻ എളുപ്പമായിരുന്നു. എന്നാൽ ഇഎംവി ചിപ്പുകളിൽ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നതിനാൽ വിവരമോഷണം സാധിക്കില്ല. എല്ലാ ഡെബിറ്റ് കാർഡുകളും ഇപ്പോൾ ചിപ്പ് കാർഡുകൾ ആക്കിയിട്ടുണ്ട്.

ടു ഫാക്ടർ ഓതറൈസേഷൻ

കാർഡ് ഹാജരാക്കാതെ ഫോൺ ഉപയോഗിച്ച് ഐവിആർ, വെബ്സൈറ്റിലൂടെ കംപ്യൂട്ടർ ഉപയോഗിച്ചു നടത്തുന്ന ഇടപാടുകൾ തുടങ്ങിയവ പിൻ കൂടാതെ അപ്പപ്പോൾ മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുക്കുന്ന വൺടൈം പാസ്‌വേഡ് കൂടി ഉപയോഗിച്ചാലേ പൂർത്തിയാകൂ. ഇത്തരത്തിൽ അധിക സുരക്ഷ ഉപയോഗിക്കുമ്പോൾ യാതൊരു കാരണവശാലും വൺടൈം പാസ്‌വേഡ് മറ്റാർക്കും നൽകുകയോ ഫോണിൽ തന്നെ ഐവിആർ മുഖാന്തരം ബന്ധപ്പെടുന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് പറഞ്ഞു നൽകുകയോ ചെയ്യരുത്

ആപ്പിലെ കെണികൾ

ഓൺലൈൻ സാധനങ്ങളും സേവനങ്ങളും വാങ്ങുവാൻ വിവിധ കമ്പനികളുടെ മൊബൈൽ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുന്നത് സാധാരണമാണ്. ഓരോ ആപ്പിലും പ്രത്യേകം പ്രത്യേകമായി ബാങ്ക് അക്കൗണ്ടുകളുടെയും ഡെബിറ്റ് കാർഡുകളിലെയും വിവരങ്ങൾ കൂടുതൽ ആലോചിക്കാതെ നൽകിയിട്ടുമുണ്ടാകും. ആപ്പുകളുമായി ബന്ധപ്പെട്ട പേയ്മെന്റ് ഗേറ്റ് വേകൾ ഉപയോഗിച്ച് പണം നൽകുമ്പോൾ നിർണായക വിവരങ്ങൾ ആപ്പുകളിൽ തന്നെ സ്റ്റോർ ചെയ്യപ്പെടുകയാണ്. നിർമിത ബുദ്ധിയുടെയും മറ്റും സാങ്കേതിക മേന്മയിൽ തട്ടിപ്പുകാരും തിളങ്ങുന്നുണ്ടെന്നറിയുക.
 
സോഷ്യൽ മീഡിയയെയും സൂക്ഷിക്കണം

വാട്സാപ്പ്, ഫെയ്സ് ബുക് തുടങ്ങിയവയൊക്കെ അംഗങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധാലുക്കളാകുകയും പണമിടപാടുകളിൽ ഇടനിലക്കാരായി സജീവമാകുകയുമാണ്. കളഞ്ഞു കിട്ടിയ ഒരു ഡെബിറ്റ് കാർഡ് ഉപയോഗിച്ച് കാർഡിലെ പേരുകാരന്റെ ഫെയ്സ് ബുക്കിൽനിന്ന് അഡ്രസ്സും ഡേറ്റ് ഓഫ് ബർത്തും കൈക്കലാക്കി പണം തട്ടിയെടുക്കാനുള്ള സാധ്യതയും തള്ളിക്കളയേണ്ട.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com