കൊറോണ നൽകുന്നത് കരുതലിന്റെ ജീവിതപാഠം

HIGHLIGHTS
  • പണത്തിന്റെ കൈകാര്യം ചെയ്യൽ കരുതലോടെ മാത്രമേ പാടുള്ളു
sad-women
SHARE

മനുഷ്യൻ,അവനവന്റെ ജീവൻ  രക്ഷിക്കുന്ന  തത്രപ്പാടിലാണ്. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകുമോ ? അനിശ്ചിതത്വത്തിന്റെ നാളുകളിലൂടെ കടന്നുപോകുമ്പോൾ. അതാണ് ഏവരുടെയും ചോദ്യം. അനുഭവവും ചരിത്രവും പഠിപ്പിക്കുന്നത് ഇതിനവസാനമുണ്ടാകുമെന്നു തന്നെയാണ്.  അത് എന്ന് എന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. ആറു മാസമാകാം, ഒരു വര്‍ഷമാകാം; ഒരു പക്ഷെ അതിലും നീണ്ടു പോയേക്കാം. സാമ്പത്തിക ചക്രവാളമാകട്ടെ  മേഘാവൃതമായിരിക്കുന്നു– കനത്ത  അനിശ്ചിതത്വത്തിന്റെ  കാർമേഘം. ഇത് മനസിലാക്കിയുള്ള കരുതലാണ് ജീവിതം. പ്രതിസന്ധികളെയും, അനിശ്ചിതത്വത്തെയും അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ പകച്ചു പോകാതിരിക്കാനുള്ള കരുതൽ. കുറുക്കുവഴികളില്ലാത്ത സാമ്പത്തിക  ഭദ്രതയുടെയും  കരുതലിന്റെയും ഉള്ളടക്കത്തിലൂന്നിയുള്ള  ജീവിത രീതിയുടെ വിട്ടുവീഴ്ചയില്ലാത്ത  പാഠം .

കൊറോണക്കാലവും സമ്പദ് വ്യവസ്ഥായും

ഏതാനും ദീപ സമൂഹങ്ങൾ ഒഴിച്ചാൽ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും കൊറോണ വൈറസ് കീഴ്പെടുത്തിയിരിക്കുന്നു.ആയുധമില്ലാത്ത യുദ്ധം- മനുഷ്യരും വൈറസും തമ്മിലാണെന്നു മാത്രം. ആയുധവും അധികാരവും ഉള്ളവരാകട്ടെ നിസ്സഹായരും. ഭരണാധികാരികളും ഉത്തരവാദിത്തപ്പെട്ട ഏജൻസികളും നൽകുന്ന മനോധൈര്യമാണ് മനുഷ്യരുടെ ആയുധം. അതിനും ഏറ്റക്കുറച്ചിലുകൾ കാണാം. ഒന്ന് മാത്രം സുനിശ്ചിതം-എവിടെയും സമ്പദ് വ്യവസ്ഥ നിശ്ചലം. ഫാക്ടറികൾ അടഞ്ഞുകിടക്കുന്നു; പാടത്തു പണി നടക്കുന്നില്ല. വൈറസിന്റെ ഉറവിടമായ ചൈനയിൽ അനക്കം വച്ചിട്ടുണ്ട്.എങ്കിലും,പൂർവസ്ഥിയിലെത്താൻ ഇനിയും നാളുകളെടുക്കും.യൂറോപ്പിലാകമാനം ജനങ്ങൾ ഭയപ്പാടിലാണ്.സാമ്പത്തിക പ്രക്രിയയെ കുറിച്ചല്ല അവിടത്തെ ചിന്ത. മറിച്ചു, സ്വന്തം ജീവനെ കുറിച്ചാണ്. സ്വാഭാവികമായും  ഉല്‍പാദന രംഗം നിശ്ചലമായി . അമേരിക്ക, അലംഭാവത്തിനും അഹങ്കാരത്തിനും മനുഷ്യന്റെ ജീവൻ വിലയായി  കൊടുക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ സ്ഥിതി മെച്ചമല്ല.തെക്കൻ കൊറിയയെ പോലുള്ള ചില രാജ്യങ്ങൾ പിടിച്ചു നിൽക്കുന്നെങ്കിലും സാമ്പത്തികമായി തളർച്ചയിലാണ്. അടച്ചുപൂട്ടൽ, ശമ്പളം വെട്ടികുറക്കൽ, ജോലിയിൽ നിന്ന് പിരിച്ചു വിടൽ തുടങ്ങിയ എല്ലാത്തരം തന്ത്രങ്ങളും ഒട്ടുമിക്ക സ്ഥാപനങ്ങളും പിന്തുടരുന്നു. ഫലമോ, വ്യക്തികളുടെ വരുമാനം ഗണ്യമായി കുറയുന്നു.

വരുമാനം-ഉപഭോഗം- ദാരിദ്ര്യവത്കരണം  : വ്യക്തിഗതതലത്തിൽ

കൊറോണ വൈറസിന്റെ ജൈത്രയാത്ര തുടങ്ങിയ ചൈനയെ ആശ്രയിച്ചാണ് മിക്ക രാജ്യങ്ങളുടെയും ഉത്പാദനം സുഗമമായി മുന്നോട്ടു പോകുന്നത്.ചൈനയിലെ അടച്ചുപൂട്ടൽ ലോകത്തെയാകെ ബാധിച്ചു.അസംസ്കൃത പദാർത്ഥങ്ങൾക്കും മറ്റും അമേരിക്കയുൾപ്പടെയുള്ള  മിക്ക രാജ്യങ്ങളും  ചൈനയെ ആശ്രയിക്കുന്നു.ഫലമോ,ലോകത്തെയാകെ ചൈനയിലെ നിശ്ചല സമ്പദ് വ്യവസ്ഥ ദോഷകരമായി ബാധിച്ചു. തുടർന്ന്, ഇറ്റലി ഉൾപ്പടെയുള്ള യൂറോപ്പിലെ എല്ലാ രാജ്യങ്ങളെയും,അമേരിക്കയെയും കൊറോണ ഭൂതം വിഴുങ്ങി. ഇന്ന്, കോറോണവലയിൽ പെടാത്ത രാജ്യങ്ങൾ വിരലിൽ എണ്ണാവുന്നത് മാത്രം.

എവിടെയും  സമസ്ത മേഖലകളും നിശ്ചലമായി. ആദ്യം ടൂറിസം മേഖലയെയും,പിന്നീട് വ്യോമയാന ഗതാഗതത്തെയും ബാധിച്ചു.ഹോട്ടൽ,വ്യാപാരം, വ്യവസായം, നിർമാണം,റിയൽ എസ്റ്റേറ്റ് തുടങ്ങി സമസ്ത മേഖലകളിലും കോറോണയുടെ പ്രത്യാഘാതം കാണാൻ കഴിയുന്നു. ഇതിന്റെയൊക്കെ ഫലമായി, തൊഴിൽ നഷ്ടം ഉണ്ടായതാണ് വേദനാജനകം. ലക്ഷക്കണക്കിന് ആളുകൾക്കാണ് അനുദിനം തൊഴിൽ നഷ്ടപ്പെടുന്നത്. തൊഴിലുള്ളവരുടെ കാര്യത്തിൽ വേതനം വെട്ടികുറക്കുകയും ചെയ്യുന്നു .

ഇന്ത്യയിലാകട്ടെ കുറേക്കൂടി സങ്കീർണമായ സ്ഥിതി വിശേഷമാണെന്നു പറയേണ്ടി വരും.കാരണം, ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൊറോണ വൈറസിന്റെ വരവിനു മുൻപ് തന്നെ മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. നാൽപതു വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയെ നാം അഭിമുഖീകരിക്കുകയായിരുന്നു. കൊറോണ വൈറസിന്റെ വരവോടെ പ്രഖ്യാപിക്കപ്പെട്ട 21 ദിവസത്തെ ലോക്ക് ഡൗൺ, തൊഴിലാളികളുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തെ  പല സ്ഥാപനങ്ങളും തൊഴിലാളികളുടെ എണ്ണവും ശമ്പളവും വെട്ടികുറക്കുന്നു. ഇതിനിയും രൂക്ഷമാകും.  

കുടുംബങ്ങളെ ബാധിക്കും

വരുമാനത്തിന്റെ കുറവ് ഗാർഹിക ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കും. ഇപ്പോൾ തന്നെ  ഇന്ത്യയുടെ സ്വകാര്യ ഗാർഹിക ഉപഭോഗം തളർച്ചയിലാണ്. ജിഡിപി യുടെ 57 ശതമാനം ഇത് വരുമെങ്കിലും, കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സ്വകാര്യ ഗാർഹിക ഉപഭോഗ ചെലവിന്റെ വളർച്ചാ തോത് കുറഞ്ഞു വരുന്നു. 2009-10 മുതൽ 2013-14 വരെയുള്ള കാലയളവിൽ ഈ വളർച്ചാ തോത്  15.7 ശതമാനമായിരുന്നെങ്കിൽ 2014-15 മുതൽ 2018-19 വരെയുള്ള കാലയളവിൽ 11.9  ശതമാനമായി കുറയുകയുണ്ടായി. പൊതുവിൽ, ഉപഭോഗത്തിന്റെ  വളർച്ചാ തോത്  2019-20 ആദ്യ അർദ്ധ വർഷത്തിൽ 4.1 ശതമാനമായി  കുറഞ്ഞ പശ്ചാത്തലത്തിലാണ് കൊറോണ വൈറസിന്റെ വരവ്. ഇത് സ്വകാര്യ ഉപഭോഗത്തെ വീണ്ടും കുറയ്ക്കുന്ന ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്.  മറുവശത്ത് വരുമാനം കുറയുമ്പോൾ സമ്പാദ്യം കുറയും. ഇത് നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും.ഫലമോ, വീണ്ടും വരുമാനം കുറയും. രാജ്യം, ഒരു വിഷമ വൃത്തത്തിൽ അകപ്പെടുകയും ചെയ്യും.

സൂക്ഷ്മ തലത്തിൽ, എല്ലാ ജനവിഭാഗങ്ങളുടെയും വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന അവസ്ഥാവിശേഷമാണ് കാണാൻ കഴിയുന്നത്. അസംഘടിത തൊഴിലാളികൾക്കാകട്ടെ കടുത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്.. കൂലിപ്പണിക്കർ, നിർമാണ തൊഴിലാളികൾ,ഡ്രൈവർമാർ,വീട്ടു ജോലിക്കാർ, അതിഥി തൊഴിലാളികൾ,ഹോട്ടൽ ജീവനക്കാർ,വ്യാപാര രംഗത്തെ പണിക്കാർ, വിനോദ രംഗത്തെ സിനിമ-സീരിയൽ തൊഴിലാളികൾ തുടങ്ങിയ എല്ലാവിഭാഗം ജനങ്ങളുടെയും വരുമാനം തീരെ ഇല്ലാതായി. അതതു ദിവസം ജോലിയെടുത്തു അന്നത്തിനു വകയുണ്ടാക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. മുകളിൽ ആകാശവും താഴെ ഭൂമിയുമെന്ന അവസ്ഥയിലേക്കാണ് ഇവരുടെ ജീവിതമിപ്പോൾ.

വരുമാനം ഇനിയും കുറയും

വരുമാനം കുറയുന്നത് കൊണ്ട് വ്യക്തികളുടെ ക്രയശേഷിയെ പ്രതികൂലമായി ബാധിക്കും.കുടുംബത്തിലും ഇത് പ്രതിഫലിക്കും.ദൈനംദിന ചെലവുകൾ ഉൾപ്പടെയുള്ള കാര്യത്തിൽ പ്രയാസം നേരിടും. ഏറ്റവും വലിയ പ്രത്യാഘാതം പാവപെട്ടവരിൽ ആയിരിക്കും.ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുമെന്നു മാത്രമല്ല, പുതിയ ദരിദ്രരുടെ ഉദയവും സംഭവിക്കും. മഹാമാരിയുടെ ദാരിദ്ര്യവത്കരണം നാളത്തെ അക്കാദമിക ചർച്ചയായിരിക്കുമെന്നതിൽ സംശയമില്ല.

വരുമാനം ഇനിയും കുറയാനിരിക്കുന്നുവെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു വേണം നമ്മുടെ ഭാവി ജീവിതം കരുപിടിപ്പിക്കേണ്ടത്. ഇവിടെ സ്വാഭാവികമായി   ഉയരുന്ന ചോദ്യം ഇതിനെ നാം എങ്ങനെ നേരിടും? എന്താണിതിനു ശരിയായ പോംവഴി? കുറുക്കുവഴികളില്ലെന്നതാണ് ഉത്തരം.  ഈ സാഹചര്യത്തിൽ വ്യക്തിഗത ധനകാര്യ മാനേജ്മെന്റിൽ ഊന്നിയായിരിക്കണം ഭാവി ജീവിതം കരുപിടിപ്പിക്കേണ്ടത്. ഒപ്പം, സർക്കാരിന്റെ സഹായ പദ്ധതികളും ഉണ്ടാവണം.

വ്യക്തിഗത ധനകാര്യ മാനേജ്മെന്റും  സർക്കാർ സഹായവും

നാം എല്ലാവരും വ്യക്തിഗത ധനകാര്യത്തെ കുറിച്ച് അറിവുള്ളവരാണ്.എന്നാൽ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കാറില്ല.ഇനിയങ്ങോട്ടു അതിനു വിട്ടുവീഴ്ച വരുത്തിയാൽ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ ക്ഷണിച്ചു വരുത്തും. ലഭ്യമായ പണത്തെ, അതെത്രതന്നെ ചെറുതായാലും, ശരിയായ വിനിയോഗത്തിലൂന്നിയ ആസൂത്രണമാണിവിടെ വേണ്ടത്. അങ്ങനെ, ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താൻ കഴിയുകയും വേണം. വരുമാനത്തിന്റെ അളവ് കൃത്യമായി മനസിലാക്കി ചെലവുകളെ ക്രമീകരിക്കുന്ന ചിട്ടയായ ബജറ്റിങ് തന്നെയാണിത്. കുറച്ചു നാളത്തെങ്കിലും വരുമാനം കുറയുമെന്നതിനാൽ ചെലവുകളെ തന്നെയാണ് ക്രമപ്പെടുത്തേണ്ടത്. അനാവശ്യമായ ചെലവുകൾ കണ്ടുപിടിച്ചു ഒഴിവാക്കുന്നതിൽ അങ്ങേയറ്റത്തെ നിഷ്കർഷത പുലർത്തണം.ആർഭാടങ്ങൾ പരിപൂർണമായി ഒഴിവാക്കണം.2008-ലെ മഹാമാന്ദ്യ കാലത്തു വിദേശീയർ അവരുടെ വിനോദയാത്രകൾ വെട്ടിക്കുറച്ചാണ് ചെലവിൽ അച്ചടക്കം സൃഷ്ടിച്ചത്.

കുടുംബ ബജറ്റ് അനിവാര്യം
വ്യക്തിയെന്ന നിലയിൽ നിന്നു കുടുംബം എന്ന നിലയിൽ ചിന്തിക്കുകയാണ് അടുത്ത നടപടി. വ്യക്‌തിഗത ധനകാര്യത്തിൽ നിന്ന് കുടുംബ ബജറ്റിലേക്കുള്ള   ദൂരം വളരെ കുറവാണ്. ആദ്യത്തതിന്റെ തുടർച്ച മാത്രമാണിത്- കുടുംബത്തിലേക്കു ബാധകമാക്കുന്നെന്നു   മാത്രം.  ഒരു വ്യക്തിയുമായി ബന്ധപ്പെട്ട കാര്യമാണ് വ്യക്തിഗത ധനകാര്യമെങ്കിൽ ഒന്നിലധികം വ്യക്തികളുമായി ബന്ധപ്പെട്ടതാണ് കുടുംബ ബജറ്റ്.പല കുടുംബങ്ങളിലും ഒന്നിലധികം അംഗങ്ങൾ  ജോലി ചെയ്തു വരുമാനം കൊണ്ട് വരാറുണ്ട്.അങ്ങനെയല്ലാത്ത സാഹചര്യത്തിലും, ഒന്നിലധികം അംഗങ്ങളുടെ കാര്യങ്ങൾ ഗ്ര്യഹനാഥന്  നോക്കേണ്ടിവരുന്നു.കുടുംബ ബജറ്റിലേക്കു വരുമ്പോൾ, കുടുംബ വരുമാനം നിർണയിക്കുന്നതിനോടൊപ്പം,  നിലവിലുള്ള ആസ്തികളുടെ കണക്കെടുപ്പിൽ നിന്ന് വേണം  ബജറ്റിങ് ആരംഭിക്കേണ്ടത്.  ഇത് നമ്മുടെ ആത്മവിശ്വാസത്തെ   ഉയർത്തും. പലർക്കും , അവരുടെ ആസ്തികളെ കുറിച്ച് ധാരണയുണ്ടാവില്ല.ആസ്തികൾ തീരെയില്ലാത്തവരെ സംബന്ധിച്ചിടത്തോളം നമ്മുടെ സാമ്പത്തിക അവസ്ഥയെ കുറിച്ചുള്ള ഓര്‍മപെടുത്തലുമാവും.അനുകൂല സഹചര്യത്തിൽ ഇവ വർധിപ്പിക്കാനുള്ള ചിന്ത പരിപോഷിപ്പിക്കുന്നതിനുള്ള തുടക്കവും കുറിക്കാം.

തുടർന്നു നമ്മുടെ ആവശ്യങ്ങളെ മനസിലാക്കി ദീർഘകാല പദ്ധതികൾ മെനയണം. വീട്,കുട്ടികളുടെ വിദ്യാഭ്യാസം,വിവാഹം തുടങ്ങിയ നമ്മുടെ ആവശ്യങ്ങളുടെ പട്ടികയുണ്ടാക്കി കൂടിയാലോചനകളിലൂടെ ധനം ശരിയായ രീതിയിൽ വിനിയോഗിക്കാനും അത് വർധിപ്പിക്കാനുമുള്ള കൂട്ടായ പരിശ്രമം ഉണ്ടാവണം.ചുരുക്കത്തിൽ കൊറോണ വൈറസ് സൃഷ്ട്ടിക്കുന്ന പ്രതിസന്ധി വ്യക്തി തലത്തിലും കുടുംബ തലത്തിലും ഒരവസരമായി കണ്ടു ജീവിതത്തിന്റെ സ്വപ്നകൂട് പണിയണം.

കൈകാര്യം ചെയ്യൽ കരുതലോടെ

ഒപ്പം, കൈയിലുള്ള സമ്പാദ്യം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട  സമയം കൂടിയാണിത്. ഭേദപ്പെട്ട വരുമാനവും സുരക്ഷിതത്വവും  ഉറപ്പു വരുത്തണം. വായ്പ എടുത്തവന് റിസർവ് ബാങ്കിന്റെ പുതിയ വായ്പാ നയം ഗുണകരമാണെങ്കിലും സമ്പാദകന് ദോഷം സൃഷ്ടിക്കുന്നു.മിച്ചം പിടിച്ചു ബാങ്കിൽ നിക്ഷേപിച്ചു പലിശ കൊണ്ട് ജീവിക്കുന്നവരുടെ വരുമാനം നന്നായി കുറയും. ഓഹരിവിപണി ചാഞ്ചാട്ടത്തിൽ ആയതുകൊണ്ട് അവിടവും സുരക്ഷിതമല്ല. സമ്പാദ്യവും ഇൻഷുറൻസും ഉറപ്പു തരുന്ന ചില നല്ല ഉത്പന്നങ്ങൾ ഉണ്ട്.അവ തെരഞ്ഞു പിടിച്ചു നിക്ഷേപിക്കുന്നതിൽ ശുഷ്‌കാന്തി കാണിക്കണം.

വ്യക്തിഗത ധനകാര്യ മാനേജ്മെന്റ് കൊണ്ടോ കുടുംബ   ബജറ്റ്   കൊണ്ടോ മാത്രം  പരിഹരിക്കാവുന്നതല്ല ജനങ്ങളുടെ, പ്രത്യേകിച്ചു സാധാരണക്കാരുടെ പ്രശ്നങ്ങൾ. ദരിദ്രരുടെ  കാര്യത്തിൽ  എന്ത് വ്യക്തിഗത ധനകാര്യം, എന്ത് കുടുംബ ബജറ്റ് എന്ന ചോദ്യം വളരെ പ്രസക്തമാണ്. റിസർവ്  ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം താത്കാലികമായി ആശ്വാസം നൽകുമെങ്കിലും, ദീർഘ   കാലത്തിൽ ദോഷമേ ചെയ്യൂ. പലിശയുടെ അമിത ഭാരം മൊറൊട്ടോറിയം അനുഭവിക്കുന്നവർക്കുണ്ടാകും. സർക്കാരിന്റെ അകമഴിഞ്ഞ നഷ്ടപരിഹാര പാക്കേജുകൾ കൊണ്ട് മാത്രമേ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ .അമേരിക്ക, വ്യക്തികൾക്ക് 1000 ഡോളർ വച്ച് നൽകുന്നത് പോലെയുള്ള പാക്കേജുകൾ, കുറഞ്ഞ പക്ഷം താഴെക്കിടയിലുള്ള അസംഘടിത  തൊഴിലാളികൾക്കെങ്കിലുമായി നടപ്പിലാക്കിയാൽ  ആശ്വാസത്തിന് വക നൽകും.  വ്യക്‌തികളുടെ കരുതലിനോടൊപ്പം, സർക്കാരിന്റെ സഹായം. നേരിട്ടുള്ള രൂപത്തിൽ എത്തിയാൽ നല്ലൊരു നാളെയേ നമുക്ക് വരവേൽക്കാം.

 

ലേഖകൻ സാമ്പത്തിക വിദഗദ്ധനും, കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ബജറ്റ് സ്റ്റഡി സെന്റർ ഹോണററി ഫെല്ലോയുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA