ലോക് ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാം

HIGHLIGHTS
  • അടുത്ത ഇര ഒരുപക്ഷെ നിങ്ങളാകാം
cyber-crime
SHARE

കൊറോണ വ്യാപനം പ്രതിരോധിക്കാന്‍ ലോക് ഡൗണില്‍ ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിക്കഴിയുമ്പോഴും ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ സജീവമാണ്. കൊറോണ ഭീതിയുടെ ഇടയിലും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകാര്‍ നിര്‍ബാധം വിവര മോഷണത്തിന്റെയും  സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നതിന്റെയും അടുത്ത ഇര ഒരുപക്ഷെ നിങ്ങളാകാം. തട്ടിപ്പുകാരുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നത് പണം നഷ്ടപ്പെടാതിരിക്കാന്‍ സഹായകമാകും.

വില്ലൻ മോറട്ടോറിയം

വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് അവധി നല്‍കുന്ന മോറട്ടോറിയത്തിന്റെ പേരിലാണ് പ്രധാന തട്ടിപ്പ്. ബാങ്കുകളില്‍ നിന്നെന്ന മാതിരി ഫോണുകളിലേക്ക് എസ്.എം.എസ് ആയും കമ്പ്യൂട്ടറുകളിലേക്ക് ഇ-മെയിലുകളായും മോറട്ടോറിയത്തിന് അപേക്ഷിക്കാന്‍ തട്ടിപ്പുകാര്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്നു. സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്ത് വായ്പയുടെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു. ഇപ്രകാരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി അപ്പാടെ പകര്‍ത്തിയെടുക്കപ്പെടുകയാണ് ഉണ്ടാകുന്നത്. ഇതോടൊപ്പം തന്നെ ബാങ്കുകളില്‍ നിന്നെന്ന മാതിരി ഫോണില്‍ വിളിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നമ്പരുകള്‍ ആവശ്യപ്പെടുന്നതും വ്യാപകമായിട്ടുണ്ട്. അക്കൗണ്ടുടമയ്ക്ക് മൊബൈലില്‍ കിട്ടിയ ഒ.ടി.പി നമ്പര്‍ വിളിക്കുന്നയാള്‍ കൈവശപ്പെടുത്തുന്നു. അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും.

അറിയുക ഈ അടിസ്ഥാന സുരക്ഷിതത്വ പ്രമാണങ്ങൾ

വായ്പകള്‍ക്ക് മോറട്ടോറിയം നല്‍കുന്നതിന് ബാങ്കുകള്‍ ആരെയും ഫോണില്‍ വിളിക്കില്ലെന്ന് ആദ്യമേ തിരിച്ചറിയണം. ലോക് ഡൗണ്‍ കാലമായതിനാല്‍ ബാങ്കുകളെല്ലാം കോള്‍ സെന്ററുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. മാത്രമല്ല, മോറട്ടോറിയവും ഒ ടി പി നമ്പരുമായി യാതൊരു ബന്ധവുമില്ല. ഒ ടി പി നമ്പരുകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പാടില്ലെന്നത് അടിസ്ഥാന സുരക്ഷിതത്വ പ്രമാണമാണ്. സ്മാര്‍ട്ട് ഫോണുകളില്‍ ബാങ്കുകളുടെ മൊബൈല്‍ ആപ്പുകള്‍ വഴി ഇടപാട് നടത്തുന്നവര്‍ യൂസര്‍ ഐ ഡി, പാസ് വേഡ് എന്നിവ സേവ് ചെയ്ത് സൂക്ഷിക്കുകയോ ഓട്ടോഫില്‍ സംവിധാനത്തിലൂടെ പൂരിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ ഡിസേബിള്‍ ചെയ്യേണ്ടതാണ്. ലോക് ഡൗണ്‍ കാലമല്ലേ എന്നുവച്ച് അക്കൗണ്ടുകളില്‍ നടക്കുന്ന ഇടപാടുകള്‍ ഓണ്‍ലൈനായി പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താന്‍ മറക്കണ്ട. പാസ്ബുക്കുകള്‍ പതിച്ചു തരുന്നത് ബാങ്കുകള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് അത്യാവശ്യമാണ്.

ചാര ആപ്പുകളും

കൊറോണ വൈറസ് സംബന്ധിച്ചുള്ള ആധികാരിക പഠന റിപ്പോര്‍ട്ടുകളും മുന്‍കരുതല്‍ സംവിധാനങ്ങളും എന്നൊക്കെ പറഞ്ഞ് ലോകാരോഗ്യ സംഘടനയുടെയും മറ്റും പേരില്‍ മെയിലുകളും വാട്സാപ് സന്ദേശങ്ങളും ഒട്ടനവധി പ്രചരിക്കുന്നുണ്ട്. ഇത്തരം അറ്റാച്ച്മെന്റുകളില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചാര ആപ്പുകളാണ് നിങ്ങളുടെ മൊബൈലിലേക്കും മറ്റും വന്നുചേരുന്നത്. നേരത്തെ പറഞ്ഞ ഫിഷിംഗ്, ഫോണ്‍ കോളുകള്‍ എന്നിവയെക്കാള്‍ ഭീകരന്മാരാണ് നിങ്ങളുടെ ‌ഉപകരണങ്ങിലേക്ക് കടന്നു കൂടിയ വ്യാജ ആപ്പുകള്‍. ഫോണിലും കമ്പ്യൂട്ടറിലും സൂക്ഷിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ സകല വിവരങ്ങളും ഈ ആപ്പുകള്‍ അനധികൃത കറുത്ത സെര്‍വറുകളിലേക്ക് കടത്തിക്കൊണ്ടുപോകും. മൊബൈല്‍ ഫോണിന്റെ കീപാഡില്‍ നിങ്ങളമര്‍ത്തുന്ന പിന്നും പാസ് വേഡും അതേപടി അങ്ങേതലയ്ക്കല്‍ ഇരിക്കുന്ന കറുത്ത കരങ്ങള്‍ കൈക്കലാക്കുകയും ചെയ്യും. അക്കൗണ്ടിലെ പണം  എവിടേയ്ക്ക് നഷ്ടപ്പെട്ടെന്ന് കണ്ടുപിടിക്കുക പ്രയാസമാണ്.

വിര്‍ച്വല്‍ ഗ്രൂപ്പ് മീറ്റിങുകള്‍ വ്യാപകം

താമസ സ്ഥലത്തു നിന്ന് ജോലി എടുക്കുന്നതിനാല്‍ നേരിട്ടുള്ള മീറ്റിങുകള്‍ക്ക് പകരം വിര്‍ച്വല്‍ ഗ്രൂപ്പ് മീറ്റിങുകള്‍ വ്യാപകമാകുന്നുണ്ട്. പരക്കെ ഉപയോഗിക്കപ്പെടുന്നത് സൗജന്യമായി ലഭിക്കുന്ന ചില  പ്രത്യേക മീറ്റിങ് സോഫ്റ്റ് വെയറുകളാണ്. സംഗതി സൗജന്യമായതിനാല്‍ അതിലൂടെ നുഴ‍ഞ്ഞുകയറി വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ചെടുത്ത് പണം തട്ടിക്കൊണ്ടുപോയാല്‍ ആരോട് പരാതിപ്പെടാനാകും. കുട്ടികള്‍ക്കും മറ്റും ഓണ്‍ലൈനായി പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ കള്ളന്മാര്‍ക്ക് നുഴഞ്ഞുകയറാവുന്ന സൗജന്യ സോഫ്റ്റ് വെയറുകളിലൂടെ നല്‍കുന്ന വിവരങ്ങള്‍ ആരുടെ കൈകളിലാണ് എത്തുന്നതെന്ന് യാതൊരു ഉറപ്പുമില്ല. മീറ്റിങുകളും ചര്‍ച്ചകളും നടക്കുന്നതിനിടയില്‍ അശ്ലീല വിവരങ്ങളും വെബ്സൈറ്റുകളും പൊന്തിവരുന്നത് സ്വകാര്യത ഉറപ്പാക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA