ADVERTISEMENT

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടുത്ത അഞ്ചു മാസത്തേക്ക് ആറു ദിവസത്തെ ശമ്പളം കുറവേ ലഭിക്കൂ എന്ന അവസ്ഥയിലാണല്ലോ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍. സാലറി ചലഞ്ച് എന്ന പേരില്‍ വിളിച്ചാലും ശമ്പളം മാറ്റി വെക്കല്‍ എന്നു പറഞ്ഞാലും ആറു ദിവസത്തെ ശമ്പളം കുറവേ ലഭിക്കൂ എന്നതാണു വസ്തുത. കുടുംബ ബജറ്റില്‍ അതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ഇവിടെ ആദ്യമായി ചെയ്യേണ്ടത്.

നിങ്ങള്‍ക്കൊരു കുടുംബ ബജറ്റ് ഉണ്ടോ?

ഇപ്പോള്‍ തന്നെ കൃത്യമായൊരു കുടുംബ ബജറ്റുമായി മുന്നോട്ടു പോകുന്നവര്‍ക്ക് കാര്യങ്ങള്‍ മാനേജു ചെയ്യുക അല്‍പം എളുപ്പമായിരിക്കും അതില്ലാത്തവര്‍ ഒരു കുടുംബ ബജറ്റ് തയ്യാറാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.  നിലവില്‍ കുടുംബ ബജറ്റ് ഉള്ളവര്‍ അത് ഇപ്പോഴത്തെ സാഹചര്യങ്ങളും വരുമാനക്കുറവും കണക്കിലാക്കി പുതുക്കണം.  ഇതെങ്ങനെ ചെയ്യുന്നു എന്നതനുസരിച്ചിരിക്കും വരും കാലങ്ങളിലെ നിങ്ങളുടെ സാമ്പത്തിക ജീവിതം.

യാഥാര്‍ത്ഥ്യം അംഗീകരിക്കുക

വരുമാനത്തില്‍ കുറവുണ്ടായി എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചു കുടുംബ ബജറ്റ് പുതുക്കാന്‍ തയ്യാറാകുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ചിലരെങ്കിലും വരുമാനത്തിലെ കുറവ് സ്വയം അംഗീകരിക്കുവാന്‍ തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. സ്വയം സത്യസന്ധത ഇല്ലാതെ ഒരു കുടുംബ ബജറ്റും മുന്നോട്ടു കൊണ്ടു പോകാനാവില്ല എന്നറിയുക.

ഓരോരുത്തര്‍ക്കും വ്യത്യസ്ത രീതി

സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാവരുടേയും ആറു ദിവസത്തെ വീതം ശമ്പളമാണ് കുറയുന്നത്. പക്ഷേ, അതനുസരിച്ചു കുടുംബ ബജറ്റില്‍ വരുത്തേണ്ട മാറ്റം എല്ലാവര്‍ക്കും ഒരു പോലെയല്ല. തങ്ങളുടെ സവിശേഷതകള്‍ കണക്കിലെടുത്തുള്ള മാറ്റങ്ങളാവണം വരുത്തേണ്ടത്. അത് എന്തെല്ലാം എന്നു കണ്ടെത്തുന്നതാണ് ഇവിടെ പ്രധാനം.

എങ്ങനെ ചെലവുകള്‍ വെട്ടിക്കുറക്കും?

ഒഴിവാക്കാനാവില്ല എന്നു കരുതുന്ന പല ചെലവുകളും നമുക്ക് വെട്ടിക്കുറക്കാം എന്നതാണ് വസ്തുത. വാടക, യാത്ര, ഭക്ഷണം തുടങ്ങിയവയുടെ ചെലവുകള്‍ അല്‍പം ശ്രദ്ധ വച്ചാല്‍ കുറക്കാവുന്നതേയുള്ളു. വാടകയുടെ കാര്യം തന്നെ ആദ്യം പരിഗണിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു വിധത്തിലുള്ള വാടക ചെലവുകളാണ് ഉണ്ടാകുക. കുടുംബമായി വാടക വീട്ടില്‍ താമസിക്കുന്നവരുണ്ടാകും. മറ്റു ചിലര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് താമസിക്കുവാന്‍ വാടക വീടെടുക്കുകയും വാരാന്ത്യങ്ങളില്‍ കുടുംബത്തേക്കു പോകുകയും ചെയ്യും. കുടുംബമായി താമസിക്കുന്നവര്‍ക്ക് അല്‍പം കൂടി വാടക കുറഞ്ഞ വീടുകള്‍ കണ്ടെത്താന്‍ ശ്രമിക്കാം. നഗരത്തില്‍ നിന്ന് പുറത്തേക്കു നീങ്ങുകയോ ചെറിയ വീട്ടിലേക്കു മാറുകയോ ചെയ്ത് 25 ശതമാനം വരെ വാടക ഇനത്തില്‍ കുറവു നേടാനാവും. ജോലി ചെയ്യുന്ന നഗരത്തില്‍ ഒറ്റയ്ക്കു താമസിക്കുന്നവര്‍ പലപ്പോഴും ആവശ്യത്തിലേറെ വലിയ വീട് വാടകയ്ക്ക് എടുക്കുന്ന രീതിയുണ്ട്. വര്‍ഷത്തില്‍  ഒന്നോ രണ്ടോ തവണ മാത്രം എത്തുന്ന കുടുംബത്തിനു താമസിക്കാം എന്നതു മാത്രമാവും ഇതിന്റെ ലക്ഷ്യം. ഇത്തരം വീടുകള്‍ ഒഴിവാക്കി ലോഡ്ജുകളിലേക്കോ ചെറിയ വീടുകളിലേക്കോ മാറുകയും പേയിങ് ഗസ്റ്റ് സൗകര്യം അന്വേഷിക്കുകയുമെല്ലാം ചെയ്യാം.
ഓഫിസിലേക്കുള്ള യാത്രയ്ക്കായുള്ള ചെലവു കുറക്കുക എന്നതാണ് അടിയന്തരമായി ചെയ്യാവുന്ന മറ്റൊരു കാര്യം. എന്നും കാറില്‍ പോകുന്നവര്‍ക്ക് പൊതു ഗതാഗതം സാധാരണ നിലയിലാകുമ്പോള്‍ അത് ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കാം. കൊച്ചിയിലുള്ളവര്‍ക്ക് മെട്രോ ഉപയോഗിക്കുകയാണെങ്കില്‍ കാറില്‍ പോകുന്ന അതേ സൗകര്യത്തില്‍ തന്നെ ഓഫിസിലെത്താമല്ലോ.

വസ്ത്രം, വിനോദം, യാത്ര എന്നിവയില്‍ 20 ശതമാനം വരെ ചെലവു കുറക്കാം

ഇപ്പോഴത്തെ സാഹചര്യത്തില്‍ വസ്ത്രം, വിനോദം, പുറത്തു നിന്നുള്ള ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ 20 ശതമാനം കുറക്കുകയെന്നത് ഒട്ടും തന്നെ ബുദ്ധിമുട്ടുള്ള കാര്യമല്ല. വന്‍ ബ്രാന്‍ഡുകള്‍ ഒഴിവാക്കുക, ചെലവേറിയ കടകള്‍ ഒഴിവാക്കുക തുടങ്ങിയ നിരവധി മാര്‍ഗങ്ങള്‍ ഇതിനായി കണ്ടെത്താം. ആഴ്ചയില്‍ ഒന്നു വീതമെങ്കിലുമുള്ള ഡൈന്‍ഔട്ട്, മറ്റു യാത്രകള്‍, മള്‍ട്ടിപ്ലെക്‌സുകളിലേക്കുള്ള തുടര്‍ സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു ബുദ്ധിമുട്ടുമില്ലാതെ ഒഴിവാക്കാവുന്നതേയുള്ളു. ജിമ്മുകളിലും സ്വിമ്മിങ് പൂളുകളിലുമെല്ലാമുള്ള അംഗത്വം പുതുക്കുവാനുള്ള സമയം കൂടിയാണല്ലോ ഇത്. ലോക്‌ഡൗണ്‍ കഴിഞ്ഞാലും അവയൊന്നും തല്‍ക്കാലം പുതുക്കുന്നില്ലെന്നു വെക്കാം.

ചെലവുകള്‍ വിവിധ വിധത്തില്‍

നിങ്ങളുടെ ചെലവുകളെ വിവിധ വിഭാഗങ്ങളില്‍ പെടുത്തി വിശകലനം ചെയ്യാം. ആവശ്യങ്ങളും ഒഴിവാക്കാനാവുന്നവയും എന്ന രണ്ടുവിഭാഗങ്ങളാവും ആദ്യം നിങ്ങള്‍ക്കു കണ്ടെത്താനാവുക. ആവശ്യങ്ങളില്‍ നീട്ടി വെക്കാവുന്നവയും കുറക്കാവുന്നവയും തെരഞ്ഞെടുത്ത് അവ ഒഴിവാക്കുന്നതായിരിക്കണം അടുത്ത ഘട്ടം. കുടുംബ ബജറ്റ് പുതുക്കുന്നതിന് ഇതേറെ സഹായകമായിരിക്കും. കോവിഡിനു മുന്‍പുള്ള കാലത്ത് അത്യാവശ്യം എന്നു തരം തിരിച്ചിരുന്ന പല ചെലവുകളും ഇപ്പോള്‍ ഒഴിവാക്കാനാവുന്നവയിലേക്കോ നീട്ടി വെക്കാവുന്നവയിലേക്കോ മാറ്റാനാവും.

വമ്പന്‍ വാങ്ങലുകള്‍ വേണ്ട

ഭൂമിയും വീടും അടക്കം പല വന്‍ വാങ്ങലുകളും നിങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിട്ടുണ്ടാകും. അവയെല്ലാം തല്‍ക്കാലത്തേക്ക് ഒഴിവാക്കുന്നതോ മാറ്റി വെക്കുന്നതോ ആയിരിക്കും നല്ലത്. ഇപ്പോഴുള്ള കാറിന്റെ സ്ഥാനത്ത് പുതിയതു വാങ്ങുക, ബൈക്ക് മാറ്റി കാര്‍ വാങ്ങുക തുടങ്ങിയ പദ്ധതികളും തല്‍ക്കാലത്തേക്കു നീട്ടി വെക്കാം.  ഇങ്ങനെ വന്‍ ചെലവുകള്‍ ഒഴിവാക്കുന്നതോടൊപ്പം ചെറിയ ചെലവുകളും ഒഴിവാക്കാനാവും. അനാവശ്യമായ ഫോണ്‍ കണക്ഷന്‍, ഓണ്‍ലൈന്‍ സിനിമ, ഗെയിമുകള്‍ ഇവയുടെ വരിസംഖ്യ തുടങ്ങിയവയൊക്കെ എളുപ്പത്തില്‍ കുറക്കാവുന്നതേയുളളു.

ഒന്നിലേറെ വാഹനങ്ങള്‍ വേണ്ട

ഒന്നിലേറെ കാറോ മറ്റു വാഹനങ്ങളോ ഉള്ളവര്‍ അത് ഒഴിവാക്കുന്നതായിരിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ മികച്ചത്. വീട്ടിലുള്ള അനാവശ്യ ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയും ഒഴിവാക്കാം. ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടു മൂലം പുതിയതു വാങ്ങാതെ പഴയവ തേടുന്നവരെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ നിങ്ങളെ സഹായിക്കും.

നിക്ഷേപം എന്തു ചെയ്യണം?
വരുമാനം കുറയുന്ന സാഹചര്യത്തില്‍ നിക്ഷേപത്തിനായി മാറ്റി വെക്കേണ്ട തുകയും കുറയുന്നതു സ്വാഭാവികം. പക്ഷേ, ഏതൊക്കെ നിക്ഷേപങ്ങള്‍ ഒഴിവാക്കണം എന്നു തീരുമാനിക്കുന്നത് കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയ ശേഷമായിരിക്കണം. ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷമുള്ള ആവശ്യങ്ങള്‍ക്കായുള്ള നിക്ഷേപങ്ങള്‍ വെട്ടിക്കുറക്കാതിരിക്കുന്നതു തന്നെയാവും ബുദ്ധി. അതേ സമയം ചെറിയ ചില നിക്ഷേപങ്ങളെങ്കിലും അല്‍പ കാലത്തേക്ക് ഒഴിവാക്കേണ്ടി വരും. ഇവ നിര്‍ത്തി വെക്കുകയാണെങ്കില്‍ അവയുടെ ഇസിഎസിനായി നല്‍കിയിട്ടുള്ള മാന്‍ഡേറ്റ് പിന്‍വലിക്കണം അല്ലെങ്കില്‍ അവ മുടങ്ങുന്നതിന്റെ ഫൈനും ബാങ്കിന്റെ ഫൈനുമെല്ലാം ചേര്‍ന്ന് വലിയ നഷ്ടം ഉണ്ടാക്കി വയ്ക്കും.

വായ്പകള്‍ പുനക്രമീകരിക്കാം

ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണുകള്‍, സ്വര്‍ണ പണയം തുടങ്ങിയ പലിശ കൂടുതലുള്ള വായ്പകള്‍ ഒഴിവാക്കി ഭവന വായ്പയുടെ ടോപ് അപ്, വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാല്‍ രണ്ടു ഗുണങ്ങളുണ്ട്. നിങ്ങള്‍ക്കുള്ള പലിശ ഭാരം കുറയും. അതോടൊപ്പം പ്രതിമാസം അടക്കേണ്ട തുക ഗണ്യമായി കുറയും. വരുമാനത്തില്‍ ഉണ്ടാകുന്ന 20 ശതമാനം കുറവ് നേരിടാന്‍ ഇതൊരു നല്ല മാര്‍ഗമായിരിക്കും. നിലവിലുള്ള വായ്പകള്‍ കാലാവധി നീട്ടി പുനക്രമീകരിക്കുന്നതും കുറഞ്ഞ പലിശ നിരക്കുള്ളവയിലേക്കു മാറുന്നതുമെല്ലാം പരിഗണിക്കാവുന്നതാണ്. ഇതേ സമയം നിലവില്‍ ബാങ്കു വായ്പകള്‍ക്കു പ്രഖ്യാപിച്ചിട്ടുള്ള മോറട്ടോറിയം പ്രയോജനപ്പെടുത്താതിരിക്കുന്നതു തന്നെയാവും സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചു നല്ലത്.

എമര്‍ജന്‍സി ഫണ്ട് അനിവാര്യം

കുടുംബ ബജറ്റ് തയ്യാറുക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ് എമര്‍ജന്‍സി ഫണ്ട്. ഇതു പോലുള്ള അനിശ്ചിതത്വങ്ങള്‍ ഉണ്ടാകുമ്പോള്‍ അതു പ്രയോജനപ്പെടുത്താനാവും. നിലവില്‍ എമര്‍ജന്‍സി ഫണ്ട് സ്വരൂപിച്ചിട്ടില്ലാത്തവര്‍ അതിനുള്ള നീക്കവും നടത്തണം. കുറഞ്ഞത് മൂന്നു മാസത്തെ വരുമാനത്തിനു തുല്യമായ തുകയെങ്കിലും എളുപ്പത്തില്‍ പിന്‍വലിക്കാവുന്ന രീതിയില്‍ ഇങ്ങനെ നിക്ഷേപിക്കണം.  സര്‍ക്കാര്‍ വക ചികില്‍സാ ആനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും കുടുംബത്തിന് അടക്കം മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നതും പരിഗണിക്കണം.

ലോക്ക് ഡൗണ്‍ കാലത്ത് ലാഭിച്ച തുക നിക്ഷേപിക്കാം

ശമ്പളക്കാരായ പലര്‍ക്കും ലോക്ക് ഡൗണ്‍ കാലത്ത് ഓഫിസില്‍ പോകാതിരിക്കുകയോ വീട്ടില്‍ നിന്നു ജോലി ചെയ്യുകയോ മൂലം ചെലവുകള്‍ ഗണ്യമായി കുറക്കാനായിട്ടുണ്ടാകും. ജോലിക്കു പോകേണ്ടി വന്ന അവശ്യ സേവനങ്ങളില്‍ പെട്ടവര്‍ക്കും പതിവു ചെലവുകള്‍ പലതും ഒഴിവാക്കാനായിട്ടുണ്ടാകും. ചായ കുടിക്കുന്നതു മുതല്‍ പെട്രോള്‍ വരെ പലതും ഇതിന്റെ കൂട്ടത്തിലുണ്ടാകും. ഇങ്ങനെ ലാഭിച്ച തുക നേരത്തെ പറഞ്ഞ എമര്‍ജന്‍സി ഫണ്ട് അടക്കമുളള നിക്ഷേപങ്ങള്‍ക്കായി പ്രയോജനപ്പെടുത്താം.

ലോക്‌ഡൗണ്‍ ശീലങ്ങള്‍ ഗുണകരമാകണം

സാധാരണ നിലയിലുള്ള നിരവധി ശീലങ്ങള്‍ ലോക്‌ഡൗണ്‍ കാലത്തു നിങ്ങള്‍ ഒഴിവാക്കിയില്ലേ. അതിലൂടെ സാമ്പത്തിക നേട്ടവും ഉണ്ടായിക്കാണും. അത്തരം ശീലങ്ങള്‍ തുടര്‍ന്നും ഒഴിവാക്കാന്‍ ശ്രമിക്കാം. ലോക്‌ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ അത്തരം ശീലങ്ങളിലേക്കും ചെലവുകളിലേക്കു തിരക്കിട്ടു മടങ്ങേണ്ട, ശമ്പളം കുറഞ്ഞതിന്റെ ആഘാതം മാറും വരെയെങ്കിലും. അതു പോലെ തന്നെ ലോക്ക് ഡൗണ്‍ മൂലം മദ്യപാനവും പുകവലിയും ഒഴിവാക്കിയവരും നിരവധിയുണ്ടാകും. അവര്‍ക്ക് പണത്തോടൊപ്പം ആരോഗ്യവും സംരക്ഷിക്കാനുള്ള അവസരമാണു തുറന്നു കിട്ടുന്നത്.

ഓരോ രൂപയും വിശകലനം ചെയ്യാം

വരുമാനത്തില്‍ 20 ശതമാനം വരെ കുറയുന്ന സാഹചര്യത്തില്‍ ചെലവാകുന്ന ഓരോ രൂപയും വിശകലനം ചെയ്തു വേണം മുന്നേറാന്‍. അതനുസരിച്ചുള്ള മാറ്റങ്ങളാവണം കുടുംബ ബജറ്റില്‍ വരുത്തേണ്ടത്. ഇതിനായി ശാസ്ത്രീയ ഉപദേശങ്ങള്‍ നല്‍കുന്നവരുടെ സേവനവും ആവശ്യമെങ്കില്‍ പ്രയോജനപ്പെടുത്താം. ഇതിനിടെ ഓഹരികളില്‍ ട്രേഡിങ് നടത്തുന്നതു പോലുള്ള രീതികളിലേക്കു പോകാന്‍ സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായേക്കാം. പ്രത്യേകിച്ച് സൂചികകള്‍ വളരെ താഴേക്കു പോകുന്ന സാഹചര്യത്തില്‍. ഇവയെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള നീക്കങ്ങളാവണം നടത്തേണ്ടത്.  ബിസിനസുകാരേയും പ്രൊഫഷണലുകളേയും പോലെയല്ല തങ്ങളുടെ കാര്യം. സ്ഥിരമായ ഒരേ വരുമാനമായിരുന്നു തങ്ങള്‍ക്കുണ്ടായിരുന്നത്. അതേ പോലെ തന്നെ ചെലവുകളും സ്ഥിരമാണ്. അത്തരമൊരു സാഹചര്യത്തില്‍ ചെലവുകള്‍ കുറക്കാനാവില്ല എന്നൊന്നും കരുതേണ്ട. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഇതേ രീതിയില്‍ പല ചെലവുകളും നിങ്ങള്‍ക്കും കുറക്കാവുന്നതേയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com