ADVERTISEMENT

ലോക് ഡൗണിനെ തുടർന്ന് വീട്ടിലിരുന്നുള്ള ജോലി ജീവിതത്തിലെ പ്രധാന ഭാഗമായിരിക്കുന്നു. ജോലി എളുപ്പമാക്കുന്ന വിധത്തില്‍ ഓരോ കാര്യവും ക്രമീകരിച്ചിട്ടുണ്ടെങ്കിലും സൈബര്‍ ഭീഷണികള്‍ക്കെതിരേയുള്ള സുരക്ഷ ഇതിനിടയിൽ ഗൗരവമായ ഒന്നായി മാറിയിട്ടുണ്ട്.

സൈബര്‍  സെക്യൂരിറ്റി പെരുമാറ്റച്ചട്ടത്തിന്റെ കുറവ് ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നത് റിസ്‌ക് ഉയര്‍ത്തിയിട്ടുണ്ട്.ശ്രദ്ധിച്ചില്ലെങ്കിൽ സൈബര്‍ ക്രിമിനലുകളുടെ ഇരയായി നമ്മൾ മാറിയക്കാം. ജാഗ്രതയും കരുതലുമാണ് ഈ സമയത്ത് വേണ്ടത്. സൈബര്‍ ക്രമിനലുകളുടെ ചില പ്രവര്‍ത്തനങ്ങള്‍ ചുവടെ:

ഒടിപി തട്ടിപ്പും  ഇഎംഐ മോറട്ടോറിയവും

2020 മാര്‍ച്ച് 31 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ വായ്പ, ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുടങ്ങി എല്ലാത്തരം തിരിച്ചടവിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  മൂന്നു മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ജോലി നഷ്ടം അല്ലെങ്കില്‍ ലോക്ക് ഡൗണില്‍ ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇഎംഐ തിരിച്ചടവില്‍ പ്രയാസം നേരിടുന്ന  ഇടപാടുകാര്‍ക്ക് ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. ഗവണ്‍മെന്റിന്റെ ഈ ലക്ഷ്യം നല്ലതാണെങ്കിലും ഇടപാടുകാരെ കബളിപ്പിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങളും ഉയര്‍ന്നുവന്നിരിക്കുകയാണ്.

ബന്ധപ്പെടുന്നതിനുള്ള വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍, പാന്‍ തുടങ്ങി ഇടപാടുകരെ സംബന്ധിച്ചിടത്തോളമുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്നതിന്  അവര്‍ വളരെ ലളിതമായ രീതികളാണ് ഉപയോഗിക്കുന്നത്.

തട്ടിപ്പുകാര്‍ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന നാട്യത്തില്‍ ഇടപാടുകാരെ വിളിച്ച് ഇഎംഐ മൊറട്ടോറിയം ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് അന്വേഷിക്കുന്നു. ഇടപാടുകാരന്റെ പ്രതികരണം അനുകൂലമാണെങ്കില്‍, അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കുന്നു. സുരക്ഷിതത്വത്തിനായി വണ്‍ടൈം പാസ്‌വേഡ് ജനറേറ്റ് ചെയ്യുകയാണെന്നും അതു പറഞ്ഞുകൊടുക്കുവാനും ഇടപാടുകാരനോടു പറയുന്നു.  ഇടപാടുകാരന്‍ ഒടിപി നല്‍കിയാല്‍ അതുപയോഗിച്ച് തട്ടിപ്പുകാരന്‍ അക്കൗണ്ടില്‍നിന്നു അപ്പോള്‍തന്നെ പണം ചോര്‍ത്തിയെടുക്കുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പ്

തട്ടിപ്പുകാര്‍ കൃത്രിമ വെബ്‌സൈറ്റുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇ-മെയില്‍ തുടങ്ങിയവ സൃഷ്ടിക്കുന്നു. മെഡിക്കല്‍ ഉപകരണങ്ങളും മറ്റു വില്‍ക്കുന്നവരും ഡെലിവറി ചെയ്യുന്നവരുമാണെന്നാണ് അവരുടെ അവകാശവാദം. ഇതില്‍ വീണു പോകുന്നയാളോട് തുടര്‍ന്ന് ബാങ്ക് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. പിന്നീട് അനക്കമൊന്നും ഉണ്ടാവുകയില്ല.

ടെലിഫോണ്‍ തട്ടിപ്പ്

സുഹൃത്ത് അല്ലെങ്കില്‍ ബന്ധുവാണെന്നും ഇപ്പോള്‍ കൊറോണവൈറസ് ചികിത്സയ്ക്കായി ആശുപത്രിയിലാണെന്നും അതിനു കുറച്ചു പണം വേണമെന്നും ആവശ്യപ്പെട്ട് ടെലഫോണില്‍ ബന്ധപ്പെടുന്നു.

ഫിഷിംഗ്

ആരോഗ്യമേഖലയിലുള്ളവരാണെന്ന് അവകാശപ്പെട്ടുകൊണ്ട് കൊറോണ സാംക്രമിക രോഗവുമായി ബന്ധപ്പെട്ട ഇ-മെയിലുകളും ലിങ്കുകളും അയച്ചു നല്‍കുകയും അത് തട്ടിപ്പുകാര്‍ തയാറാക്കിയിട്ടുള്ള  വെബ്‌സൈറ്റിലേക്കു തിരിച്ചുവിടുകയും ചെയ്യുന്നു. അവിടെ വ്യക്തിഗത ഇ-മെയില്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ നമ്പര്‍, പാന്‍, പാസ്‌വേഡ് തുടങ്ങിയവ ആവശ്യപ്പെടുന്നു. ഇതുപയോഗിച്ച് തട്ടിപ്പുകാര്‍ അക്കൗണ്ടില്‍നിന്നു പണം ചോര്‍ത്തുന്നു.

തട്ടിപ്പിനെതിരെ എന്തു ചെയ്യണം?

* ഏതൊരു സാഹചര്യത്തിലും വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുക. ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ക്ക് നിങ്ങളുടെ പാസ് വേർഡുകള്‍, പിന്‍ അല്ലെങ്കില്‍ ഒടിപി ആവശ്യമില്ല.

*നിങ്ങളുടെ വിവരങ്ങള്‍  അപ്‌ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ അക്കൗണ്ട് ആക്ടിവേറ്റാക്കുക അല്ലെങ്കില്‍  ഫോണ്‍ വെരിഫിക്കേഷന്‍ അല്ലെങ്കില്‍  വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്ന ഇ-മെയിലുകള്‍ ലഭിച്ചാല്‍ ജാഗ്രത പാലിക്കുക.

*  ബാങ്കില്‍നിന്നാണെന്നു വിളിച്ചാല്‍  വിവരങ്ങള്‍ നല്‍കുന്നതിനു മുമ്പ് ബാങ്ക് അധികൃതരുമായി നേരിട്ടു ബന്ധപ്പെട്ടു ഫോണ്‍ വിളിയുടെ നിജസ്ഥിതി മനസിലാക്കുക.

*  വെബ്‌സൈറ്റ് അഡ്രസുകള്‍ യഥാര്‍ത്ഥമാണെന്നു ഉറപ്പുവരുത്തുക.

* ആന്റി വൈറസ് സോഫ്റ്റ്് വേര്‍, സ്‌പൈവേര്‍ ഫില്‍റ്റര്‍, ഇ-മെയില്‍ ഫില്‍റ്റര്‍, ഫയര്‍വാള്‍ തുടങ്ങിയവ ഉപയോഗിച്ച് കംപ്യൂട്ടറിന്റെ സുരക്ഷിതത്വം മെച്ചപ്പെടുത്തുക. ടീംവ്യൂയര്‍, എനിഡെസ്‌ക് തുടങ്ങിയ ആപ്ലിക്കേഷന്‍ അപ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത് ഒഴിവാക്കുക.

 ∙തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കുകയാണ് നമുക്കു ചെയ്യാനുള്ളത്. സംശയകരമായി ലഭിക്കുന്ന ഇ-മെയിലുകൾ തുറക്കാതിരിക്കുക. അതേപോലെ സത്യമാണെന്ന് ഉറപ്പില്ലാത്ത ലിങ്കുകളും (പ്രത്യേകിച്ചും കൊറോണ വൈറസുമായി ബന്ധപ്പെട്ടവ) ഒഴിവാക്കുക.

 ∙പാസ്‌വേഡ് ശക്തമാക്കുക. ബാങ്കിംഗ്, സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് മള്‍ട്ടി ഓതന്റിക്കേഷന്‍ ഓപ്ഷന്‍ സ്വീകരിക്കുക. ഇത്തരത്തിലുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടും ഇത്തരം തട്ടിപ്പുകളില്‍ വീണാല്‍ ഉടനേ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുക.

 ∙എല്ലാവരിലും അവബോധം വളര്‍ത്തുവാന്‍ ശ്രമിക്കുക. പ്രത്യേകിച്ചും കുട്ടികള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായിരിക്കുവാന്‍ ശ്രദ്ധിക്കുക. അവരെ അതേക്കുറിച്ചു ബോധവാൻമാരാക്കുകയും ചെയ്യുക.

 ∙സൈബര്‍ സുരക്ഷാ അറിവുകൊണ്ടുമാത്രമേ ഇത്തരത്തിലുള്ള സൈബര്‍ സാംക്രമിക രോഗത്തെ നേരിടാനാകുകയുള്ളു.

ലേഖകൻ ധനകാര്യ മേഖലയിലെ ടെക്നോളജി സേവനദാതാക്കളായ എഫ്‌ഐഎസിന്റെ ഇന്ത്യ, മിഡില്‍-ഈസ്റ്റ് & ആഫ്രിക്ക മേഖലകളിലെ ചീഫ് റിസ്ക് ഓഫീസറാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com