ADVERTISEMENT
ഈ വര്‍ഷം ആദ്യ പാദത്തില്‍ രാജ്യത്തെ സ്വര്‍ണ്ണ വിലയില്‍ വര്‍ധനയും സ്വര്‍ണ്ണത്തിന്റെ ആവശ്യകതയില്‍ കുറവും പ്രകടമായി .
 ആദ്യ മൂന്ന് മാസങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത 36 ശതമാനം കുറഞ്ഞ് 101.9 ടണ്‍ ആയി . വിലയിലെ ചാഞ്ചാട്ടം, സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥ, കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള ദേശ വ്യാപകമായ അടച്ചിടല്‍ എന്നിവയെല്ലാം സ്വര്‍ണ്ണത്തിന്റെ ആവശ്യകത കുറയാന്‍ കാരണമായി.  മാര്‍ച്ച്  പാദത്തില്‍ സ്വര്‍ണ്ണാഭരണങ്ങളുടെയും സ്വര്‍ണ്ണ നിക്ഷേപത്തിന്റെയും ആവശ്യവും  കുറവുണ്ടായി.  

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒന്നാംപാദത്തില്‍ മൂല്യം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ഇന്ത്യയിലെ സ്വര്‍ണ്ണത്തിന്റെ ആവശ്യകത 20 ശതമാനം കുറഞ്ഞ് 37,580 കോടി രൂപ ആയി . മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 47,000 കോടി രൂപയായിരുന്നു.

മുന്‍ വര്‍ഷം ആദ്യപാദത്തില്‍ 125.4 ടൺ ആയിരുന്ന  സ്വര്‍ണ്ണാഭരണത്തിന്റെ ആവശ്യകത ഇൗ വര്‍ഷം  41 ശതമാനം കുറഞ്ഞ് 73.9 ടണ്‍ ആയി. മൂല്യം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ സ്വര്‍ണ്ണാഭരണത്തിന്റെ ആവശ്യകതയില്‍ 27 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

2020 ആദ്യ പാദത്തിലെ മൊത്തം നിക്ഷേപ ആവശ്യകത 17 ശതമാനം കുറഞ്ഞ് 28.1 ടണ്‍ ആയി. മൂല്യം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറവാണിത്.

അതേസമയം ഈ വര്‍ഷം ഒന്നാം പാദത്തില്‍ സ്വര്‍ണ്ണ വിലയില്‍ 25 ശതമാനം വര്‍ധന ഉണ്ടായി.  പത്ത് ഗ്രാം സ്വര്‍ണ്ണത്തിന്റെ വില കസ്റ്റംസ് തീരുവയും നികുതിയും ഒഴികെ  ശരാശരി 36,875 രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 29,555 രൂപയായിരുന്നു.

സ്വര്‍ണ്ണ വില ഉയര്‍ന്നിരിക്കുന്നതിനാല്‍ വരുന്ന ഏതാനും പാദങ്ങളില്‍ സ്വര്‍ണ പണയ വായ്പകളില്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. ലോക് ഡൗണ്‍ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വര്‍ണ പണയ വായ്പയെ ആശ്രയിക്കുന്നവരുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com