ADVERTISEMENT

ലോക്ഡൗണ്‍ കാലത്തെ പണദൗര്‍ലഭ്യം നേരിടാന്‍ പലരും ക്രെഡിറ്റ് കാര്‍ഡിനെയായിരിക്കും ആശ്രയിക്കുന്നത്. ലോക്ഡൗണ്‍ ആറ് ആഴ്ച പിന്നിടുമ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പല സ്ഥാപനങ്ങളും ശമ്പളം വെട്ടികുറച്ചിട്ടുണ്ട്. വരുമാനം പാടെ നിലച്ചവരുമുണ്ട്. ഇങ്ങനെ അപ്രതീക്ഷിതമായി വരുമാനം നിലച്ചതോടെ  വായ്പയ്ക്കും വലിയ സാധ്യതയില്ലാതായി. ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കൂടുന്നത് സ്വാഭാവികം. ക്ഷാമകാലത്ത് ഇത് ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ പിന്നീട് വലിയ ബാധ്യതയാകും.  ബില്ല് സമയത്ത് അടക്കാനാവുന്ന വിധത്തിലുള്ള ഉപയോഗമാണ് ഈ അവസരത്തില്‍ നന്നാവുക.

കോവിഡ് കാലത്ത് അടവ് മുടങ്ങിയാല്‍

സാധാരണ സമയങ്ങളില്‍ തിരിച്ചടവ് മുടങ്ങുന്നതു പോലെയല്ല വിപണിയില്‍ സമസ്തമേഖലയിലും പണക്ഷാമം രൂക്ഷമായ കോവിഡ് കാലത്ത്് ഇത് സംഭവിക്കുന്നത്. കോവിഡ്-19 പ്രതിസന്ധി എന്ന് തീരുമെന്ന് ഇനിയും നിശ്ചയമില്ല. ഇങ്ങനെ അനിശ്ചിതത്വം തുടരുമ്പോള്‍ വരുമാനം പ്രതീക്ഷിക്കുന്ന പോലെ ലഭിച്ചുകൊള്ളണമെന്നില്ല. കടം കിട്ടുക പോലും എളുപ്പമല്ല. അതുകൊണ്ട് മറ്റുമാര്‍ഗമില്ലെങ്കില്‍ കൂടിയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ ജാഗ്രത വേണം. അടവ് മുടങ്ങിയാല്‍ സാധാരണ പലിശയ്ക്ക് പുറമേ ലേറ്റ് ഫീയും ഒപ്പം അധിക പലിശയും അടയ്ക്കേണ്ടി വരും. വരുമാനം പ്രതീക്ഷയ്ക്കൊത്ത് വരാതാവുന്നതോടെ ഇത് വലിയ ബാധ്യതയായി പിന്നീട് മാറാം. സാധാരണ നിലയില്‍ 30 ശതമാനത്തിനും 40 ശതമാനത്തിനുമിടയിലായിരിക്കും ക്രെഡിറ്റ് കാര്‍ഡ് തുകയുടെ വാര്‍ഷിക പലിശ നിരക്ക്. അടവ് തുടര്‍ച്ചയായി മുടങ്ങിയാല്‍ ഇത് 60 ശതമാനം വരെ വര്‍ധിക്കാം.

ലേറ്റ് ഫീ

കാര്‍ഡ് പേയ്മെന്റില്‍ കാലതാമസം വരുത്തിയാല്‍ അധിക തുക പിഴയായി നല്‍കേണ്ടി വരും. പോയ മാസത്തെ ബില്ല് അടയ്ക്കാത്തതിന്റെ പിഴ തുകയും കൂടി ഉള്‍പ്പെടുത്തിയായിരിക്കും പുതിയ ബില്ല് കിട്ടുക. ആറ് മാസത്തിനകം എത്ര തവണ അടവ് മുടങ്ങി എന്ന് കണക്കാക്കിയാവും ഫീസ് തുക നിര്‍ണയിക്കപ്പെടുക. അതായത് സ്ഥിരം വൈകിക്കുന്ന ചരിത്രമുള്ള ആളാണെങ്കില്‍ തുക ഉയരാന്‍ കാരണമായേക്കാം.

റിവാഡ് പോയിന്റ്

രണ്ട് മാസത്തിലധികമാണ് കുടിശികയെങ്കില്‍ പലിശ നിരക്കിനെ അത് ബാധിക്കും. സാധാരണയിലും കവിഞ്ഞ പലിശ നിരക്കായിരിക്കും ഇത്തരം ഉപയോക്താക്കള്‍ പിന്നീട് നല്‍കേണ്ടി വരിക. അടവ് മുടങ്ങിയാല്‍ റിവാര്‍ഡ് പോയിന്റിനും അര്‍ഹതയുണ്ടാകില്ല.

വായ്പ വഴിയടയും

അടവ് ഒരു മാസത്തിലധികം താമസിച്ചാല്‍ ഇത് ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കപെടുകയും ഇത് ഏഴ് വര്‍ഷം നിലനില്‍ക്കുകയും ചെയ്യും. കുടിശിക ഇനിയും കൂടുതലായാല്‍ പിന്നീട് ഭാവിയില്‍ വായ്പകളെ അത് ബാധിക്കും. 180 ദിവസം കാര്‍ഡ് പേയ്മെന്റ് വൈകിയാല്‍ ബാങ്കുകള്‍ അക്കൗണ്ട് മരവിപ്പിക്കുകയും ഇതിനെ നഷ്ടക്കണക്കില്‍ എഴുതി ചേര്‍ക്കുകയും തുക തിരിച്ച് പിടിക്കാന്‍ റിക്കവറി എജന്റിന് കൈമാറുകയും ചെയ്യും. ഇതും ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com