ADVERTISEMENT

ലോക്ഡൗൺ കഴിയുമ്പോൾ പ്രതിസന്ധികൾ എവിടെ നിന്നൊക്കെയാകും വരിക എന്ന കാര്യത്തിൽ വലിയ ധാരണയില്ല ആർക്കും. പക്ഷെ വരാനിരിക്കുന്ന പ്രതിസന്ധികളെ കഴിയുന്നത്ര തടയിടാൻ ഇപ്പോഴേ ശ്രമം തുടങ്ങിയാലേ കാര്യമുള്ളു. കിട്ടുന്ന ഒഴിവു നേരങ്ങളില്‍ അധിക വരുമാനമുണ്ടാക്കാൻ സഹായിച്ചേക്കാവുന്ന ചില മേഖലകൾ തെരഞ്ഞെടുക്കാം.

1. റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കിംങ്

പ്രത്യേക സമയമോ നിഷ്‌കര്‍ഷയോ കൂടാതെ ആര്‍ക്കും സ്വതന്ത്രമായി ആരംഭിക്കാവുന്ന ഒരു പാര്‍ട്ട് ടൈം ജോലിയാണ് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കിംങ് ബിസിനസ്. വിദ്യാഭ്യാസമോ പ്രായമോ ഇപ്പോഴുള്ള ജോലിയോ ഒന്നും ഇതിനു തടസമാകുന്നില്ല. വിശ്വാസ്യതയോടെ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാനായാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച നേട്ടം സ്വന്തമാക്കാം.
സുഹൃത്തുക്കള്‍ക്കിടയിലോ ബന്ധുക്കളിലോ സ്ഥലമോ വീടോ വില്‍ക്കാനോ വാങ്ങാനോ ആഗ്രഹിക്കുന്നവരെ കണ്ടെത്തുക. ഇവര്‍ക്കിടയില്‍ ഇടനിലക്കാരനായി നിന്നു കൊണ്ട് കച്ചവടം നടത്തിക്കൊടുക്കുക. കച്ചവടമൂല്യത്തിന്റെ നിശ്ചിത ശതമാനം കമ്മീഷനായി കൈയില്‍ കിട്ടും. ഏതു കാലത്തും വീടും സ്ഥലവും വില്‍ക്കുന്നതിനും വാങ്ങുന്നതിനും ആവശ്യക്കാരുണ്ട്.അത് കൃത്യമായി തിരിച്ചറിഞ്ഞാൽ അധിക വരുമാനം നേടാനാകും

2. കമ്മീഷന്‍ ഏജന്റ്

ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് ഉൾപ്പടെയുള്ള ജനറല്‍ ഇന്‍ഷുറന്‍സുകള്‍, ചിട്ടിഫണ്ടുകള്‍ തുടങ്ങിയവയുടെ കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നത് നല്ലൊരു പാര്‍ട്ട്‌ടൈം ജോലിയാണ്. ഈ ജോലി ചെയ്യുന്നതിനും ക്ലിപ്ത സമയമോ സാഹചര്യമോ ഇല്ല. ആളുകളെ ബിസിനസിലേക്ക് കാന്‍വാസ് ചെയ്യുന്നതാണ് ജോലി എന്നതുകൊണ്ട് നയചാതുരിയോടെ സംസാരിക്കാനുള്ള കഴിവ് അഭികാമ്യമായി കരുതാം.
ഏജന്‍സി എടുത്തു കഴിഞ്ഞാല്‍ പ്രവര്‍ത്തന മേഖലയെക്കുറിച്ചും രീതികളെക്കുറിച്ചും അതതു സ്ഥാപനങ്ങള്‍ തന്നെ വിദഗ്ധ പരിശീലനവും ഉപദേശവും നല്‍കാറുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്തുന്നതിനൊപ്പം സ്വന്തമായി കണ്ടെത്തുന്ന ആശയങ്ങള്‍ കൂടി പ്രാവര്‍ത്തികമാക്കാനായാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാസംതോറും മികച്ച വരുമാനത്തിലേക്കെത്താനാകും. ടാര്‍ഗറ്റിനനുസരിച്ച് കമ്പനികള്‍ നല്‍കുന്ന ഇന്‍സെന്റീവും മറ്റാനുകൂല്യങ്ങളും നേട്ടമാണ്. കൂടാതെ പുതുതായി പിടിക്കുന്ന ഓരോ ബിസിനസിനും നിശ്ചിത ശതമാനം കമ്മീഷന്‍ കൂടി ഉറപ്പിക്കാം.കോവിഡിനു ശേഷം ഇൻഷുറൻസ് പോളിസികൾക്ക് മുമ്പെങ്ങുമില്ലാത്തവിധം ആവശ്യക്കാരേറി വരികയാണെന്നത് ഈ മേഖലയുടെ സാധ്യത വർധിപ്പിക്കുന്നുമുണ്ട്.

3. ബില്ലിംങ്ങ് മാന്‍

സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടല്‍ ശൃംഖലകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഫുട് വെയര്‍ ഷോപ്പുകള്‍ തുടങ്ങിയവയിലൊക്കെ കാഷ്യറെ കൂടാതെ കസ്റ്റമേഴ്‌സിനു ബില്ല് തയാറാക്കി നല്‍കാനായി പ്രത്യേകം ആളെ ചുമതലപ്പെടുത്താറുണ്ട്. സെയില്‍സ്മാന്‍ പറയുന്ന ലിസ്റ്റ് വെച്ച് ബില്ലടിച്ചു നല്‍കുകയും ഉത്പന്നങ്ങള്‍ ഒത്തു നോക്കുകയുമാവും ഇവരുടെ ജോലി. പകല്‍സമയങ്ങളില്‍ വീട്ടില്‍ വെറുതെയിരിക്കുന്ന സ്ത്രീകള്‍ക്ക് വളരെ അനുയോജ്യമാണ് ഈ ജോലി. അതുപോലെ വൈകുന്നേരം ജോലി കഴിഞ്ഞു വന്ന ശേഷം മുന്നോ നാലോ മണിക്കൂര്‍ കൂടി ജോലി ചെയ്ത് അധികവരുമാനം ആഗ്രഹിക്കുന്നവര്‍ക്കും ബില്ലിംങ് ജോലി പാര്‍ട്ട്‌ടൈമായി സ്വീകരിക്കാം.
മാസശമ്പളമായോ മണിക്കൂറുകള്‍ കണക്കാക്കിയോ ആകും വേതനം ലഭിക്കുക. ബില്ല് തയാറാക്കുന്നത് കമ്പ്യൂട്ടറിലായാലും കാല്‍ക്കുലേറ്ററിലായാലും അതിനു പ്രത്യേക വൈദഗ്ധ്യമൊന്നും വേണ്ട. ഇന്ന് ഇത്തരത്തിലുള്ള ബില്ലിംങ് സോഫ്ട് വെയറുകള്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും ഉപയോഗിക്കുന്നതു കൊണ്ട് താത്പര്യമുള്ള ആര്‍ക്കും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ജോലിയില്‍ പ്രാവീണ്യം നേടാം.

4. ഡ്രൈവര്‍

പാര്‍ട്ട്‌ടൈം ജോലികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രവര്‍ത്തിക്കുന്ന ഒരു മേഖലയാണിത്. യൂബറും മറ്റും വ്യപകമായതോടെ മികച്ചൊരു അധിക വരുമാന അവസരമാണ് ഇത്.  ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ സ്വന്തമായോ കൂലിക്കോ വാഹനം ഓടിക്കുന്ന ധാരാളം പേരുണ്ട്. ചെറുപ്പക്കാർ പ്രത്യേകിച്ചും. ഓട്ടോറിക്ഷ മുതല്‍ വലിയ ചരക്കുവാഹനങ്ങള്‍ വരെ ഇതില്‍പ്പെടുന്നു. ഡ്രൈവിങ് പരിചയവും ലൈസന്‍സും മാത്രമാണ് വേണ്ട യോഗ്യത.
നിലവില്‍ സ്ഥിര ജോലിയുള്ള ആളാണെങ്കില്‍ ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങള്‍ ഓടിക്കുന്നതാവും ഉചിതം. ജോലി ചെയ്യുന്ന സ്ഥലത്തോ സ്വന്തം സ്ഥലത്തോ ഇതാകാം.ഓട്ടോറിക്ഷ വാങ്ങുന്നതിനു ഇപ്പോള്‍ വായ്പ കിട്ടുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്തി ഒരു ഓട്ടോറിക്ഷ സ്വന്തമായി വാങ്ങിയാല്‍ വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ ലോണടച്ചു തീര്‍ക്കാനും വരുമാനം കണ്ടെത്താനും കഴിയും. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ഇടവേളകളില്‍ ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടാവുന്നതാണ്.

5. സെയില്‍സ്മാന്‍

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പും പെട്രോള്‍ പമ്പുകളും ഇന്റര്‍നാഷണല്‍ ചെയിന്‍ റെസ്റ്റോറന്റുകളുമൊക്കെ നമ്മുടെ നാട്ടിലുണ്ട്. ഇവിടങ്ങളില്‍ പല ഷിഫ്ടുകളിലായാകും സെയില്‍സ്മാന്‍മാര്‍ ജോലി ചെയ്യുന്നത്. പാര്‍ട്ട്‌ടൈം ജോലിക്ക് ഇതൊരു മികച്ച മേഖല തന്നെ. മണിക്കൂര്‍ കണക്കിലാകും അലവന്‍സ് ലഭിക്കുക. തൊഴില്‍ പരിചയത്തിനൊപ്പം റീട്ടെയില്‍ ബിസിനസിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും അവസരം കിട്ടുന്നു. ഓൺലൈൻഫുഡ് ഡെലിവറി ആപ്പായ സ്വിഗിയുടെയും സൊമാറ്റോയുടെയുമൊക്കെ ഫുഡ് ഡെലിവറി ചെയ്യുന്നതിനും മികച്ച അവസരമുണ്ട്. ഇത്തരം തൊഴില്‍ ചെയ്യാന്‍ പ്രത്യേക പ്രാവീണ്യമൊന്നും നേടേണ്ട ആവശ്യമില്ലാത്തതു കൊണ്ട് അധികവരുമാനം ആഗ്രഹിക്കുന്ന ആര്‍ക്കും ഈ രംഗത്ത് തൊഴില്‍ സ്വന്തമാക്കാം.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com