ADVERTISEMENT

വീട്ടിലിരുന്ന് സ്ഥാപനത്തിന് വേണ്ടി പണിയെടുക്കുന്നവര്‍ 'തൊഴിലാളി'യാണോ? അവരുടെ ജോലി സമയം ഏതൊക്കെയായിരിക്കണം? എത്ര മണിക്കൂര്‍ ജോലി ചെയ്താലാണ് ഒരു തൊഴില്‍ ദിനമാകുന്നത്?  ഒരു ഷിഫ്റ്റില്‍ എത്ര മണിക്കൂര്‍ തുടര്‍ച്ചയായി തുടരേണ്ടി വരും? ഒന്നിലധികം കമ്പനികള്‍ക്ക് വേണ്ടി വര്‍ക്ക് ഫ്രം ഹോ ജോലി ചെയ്യുന്നവരുടെ പി എഫ് ആര് അടയ്ക്കും? ഇവരുടെ തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങള്‍ എവിടെ പരിഹരിക്കും?
 
കൊറോണ വരുത്തിയ 'ഡിസ്‌റപ്ഷന്‍'

കൊറോണ വൈറസ് ഇന്ത്യയില്‍ തൊഴില്‍ മേഖലയില്‍ വരുത്തിയ മാറ്റം ചെറുതല്ല. അല്പം സംശയത്തോടെയാണെങ്കിലും 'വര്‍ക്ക് ഫ്രം ഹോം', പ്രത്യേകിച്ച് ഐ ടി രംഗത്ത് ഇന്നൊരു യാഥാര്‍ഥ്യമായി കഴിഞ്ഞു. രണ്ട് മാസത്തെ ലോക്ഡൗണ്‍, വീട്ടിലിരുന്ന് തൊഴില്‍ ചെയ്യിക്കാവുന്ന നിലയിലേക്ക് കമ്പനികളെയും അതു സാധ്യമാണെന്ന മാനസികാവസ്ഥയിലേക്ക് ജീവനക്കാരെയും എത്തിച്ചുകഴിഞ്ഞു. 2025 ആകുന്നതോടെ ഐ ടി സ്ഥാപനങ്ങളിലെ ജോലികളില്‍ നല്ലൊരു പങ്കും  വീടുകളിലേക്ക് ചുരുങ്ങുമെന്ന തരത്തിലാണ് പഠനങ്ങള്‍. ഓഫീസുകളില്‍ പോയുള്ള ജോലി പരമാവധി 25 ശതമാനത്തിലേക്കൊതുക്കാന്‍ ഇന്ത്യയിലെ പ്രമുഖ ഐ ടി കമ്പനികള്‍ ശ്രമം തുടങ്ങി. ഇത് കോര്‍പ്പറേറ്റുകള്‍ക്ക് വിലയേറിയ നഗരങ്ങളിലെ ഓഫീസ് സ്‌പേസുകള്‍ ലാഭിക്കുന്നതിനും ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെ കുടുംബത്തോടൊപ്പം ജോലി ചെയ്യുന്നതിനും ഇടയാക്കും. ഐ ടി രംഗത്താണ് തൊഴില്‍ മേഖലയിലെ ഈ അപ്രതീക്ഷിത ഡിസ്‌റപ്ഷന്‍ ഗുണകരമാകുന്നത്. രാജ്യത്തെ 43 ലക്ഷം ഐടി ജോലിക്കാരില്‍ 50 ശതമാനവും വീടുകളില്‍ ഇരുന്നാണ് ഇപ്പോള്‍ തൊഴിലെടുക്കുന്നത്.

ആരാണ് തൊഴിലാളി?

തൊഴിലുകള്‍ വ്യാപകമായി വീടുകള്‍ക്കുള്ളിലേക്ക് ഉള്‍വലിയുന്നതോടെ തൊഴില്‍ നിയമങ്ങളിലും സമഗ്രപരിഷ്‌കാരം വേണ്ടി വരും. തൊഴില്‍, തൊഴില്‍ സമയം, ഷിഫ്റ്റ്, പി എഫ്, തൊഴില്‍ തര്‍ക്കങ്ങള്‍ ഇങ്ങനെ സേവനവും ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും പരിഷ്‌കാരങ്ങള്‍ വേണ്ടി വരും. ഇതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ടെക്‌നോളജി ഭീമന്‍മാരായ ടി സി എസ് തുടര്‍ന്നങ്ങോട്ടും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുമെന്ന്് പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ്് പല ഐടി സ്ഥാപനങ്ങളും ഈ വഴി പിന്തുടരുമെന്ന് സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരും തൊഴില്‍ നിയമങ്ങളിലും ചട്ടങ്ങളിലും പരിഷ്‌കാരം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്.

നിലവിലുള്ള തൊഴില്‍ നിയമങ്ങളും സേവന വേതന വ്യവസ്ഥകളും സ്ഥാപനങ്ങളിലോ, ഒരു പ്രത്യേക സ്ഥലത്തോ ജോലി ചെയ്യുന്ന കാഴ്ചപാടിലുള്ളതാണ്. ദശലക്ഷക്കണക്കിന് പേര്‍ ഒരു വൈറസ് ഉണ്ടാക്കിയ അടിയന്തര സാഹചര്യത്തില്‍ വീടുകളില്‍ കുടിയേറുമ്പോള്‍ ചട്ടങ്ങളില്‍ മാറ്റം വരുത്താനുളള സാവകാശം സര്‍ക്കാരുകള്‍ക്ക് കിട്ടിയിട്ടില്ല. ഈ സാഹര്യത്തിലാണ് തൊഴില്‍ നിയമങ്ങളിലും അവധി അടക്കമുള്ള മറ്റുകാര്യങ്ങളിലും നികുതി, പി എഫ്, പെന്‍ഷന്‍ അടക്കമുളളവയിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അടിയന്തര ആലോചനയക്ക്  സര്‍ക്കാര്‍ മുതിരുന്നത്. കഴിഞ്ഞ മാസം ഇതു സംബന്ധിച്ച യോഗത്തില്‍ തൊഴില്‍ രീതിയുടെ ചരിത്രപരമായ ഈ മാറ്റത്തിനനുകൂലമായ നിയമ ഭേദഗതികള്‍ വരുത്തേണ്ടതിന്റെ ആവശ്യകത ഗവണ്‍മെന്റിന്് ഐ ടി കമ്പനികള്‍ ബോധ്യപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയത്തിനും ടെലികോം വകുപ്പിനും എത്രയും വേഗം സമര്‍പ്പിക്കാന്‍ നാസ്‌കോമിനോട് (നാഷണല്‍ അസേസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വ്വീസ കമ്പനീസ്) ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അടുത്ത ആഴ്ചയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

എട്ടു മണിക്കൂര്‍ ജോലി

ദിവസം ഇത്ര മണിക്കൂര്‍ ജോലി എന്നതിലും തൊഴിലിന്റെ ഷിഫ്റ്റ് സമയങ്ങളിലും വ്യവസായം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പുതിയ പരിഷ്‌കാരത്തില്‍ ഉണ്ടാകാം. പലപ്പോഴും വിദേശ കമ്പനികള്‍ക്ക് വേണ്ടി തൊഴില്‍ ചെയ്യേണ്ടി വരുമ്പോള്‍ അവിടത്തെ സമയം പാലിക്കാറുണ്ട്. അതിനനുസരിച്ചാവും ഷിഫ്റ്റുകള്‍ ക്രമീകരിക്കുക. കൂടാതെ ഇ പി എഫ് ഒ നിയമങ്ങളും പരിഷ്‌കരിക്കപ്പെടാം.  ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ഐ ടി വ്യവസായത്തിന്റെ 90 ശതമാനം ജീവനക്കാരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്ക്് നിലവില്‍ അനുവദിച്ചിട്ടുള്ള ലീവ്, ആഴ്ച അവസാനത്തെ അവധി ദിനങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചയാവാം.

ഓഫീസില്‍ 25 ശതമാനം പേര്‍
ടി സി എസ്, ടെക് മഹീന്ദ്ര, വിപ്രോ  തുടങ്ങിയ കമ്പനികളെല്ലാം സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ടി സി എസിന്റ് 4.5 ലക്ഷം വരുന്ന ആഗോള ജീവനക്കാരുടെ 75 ശതമാനവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. 2025 ഓടെ ഓഫീസില്‍ 25 ശതമാനം ജിവനക്കാരെ ഓഫീസിലിരുത്തി വര്‍ക്ക്് ഫ്രം ഹോം നടപ്പാക്കുമെന്ന് കമ്പനി പറയുന്നു.100 ശതമാനം ഉത്പാദന ക്ഷമതയ്ക്ക്് 25 ശതമാനം സമയം ഒരോ തൊഴിലാളിയും ഓഫീസില്‍ ചെലവഴിച്ചാല്‍ മതിയെന്നാണ് ടി സി എസ് വ്യക്തമാക്കുന്നത്. എച്ച് സി എല്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം എന്ന നിലയിലുളള മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാക്കി പകുതി പേര്‍ ഓഫീസുകളിൽ ഇരുന്ന് ജോലി ചെയ്യും. ഇൗ സമ്പ്രദായം റൊട്ടേറ്റ് ചെയ്യും.

സ്‌പേസ്, വൈദ്യുതി, സുരക്ഷ

നിലവില്‍ നഗര മധ്യത്തില്‍ ഓഫീസുള്ള ഒരു സ്ഥാപനത്തിന്റെ നിശ്ചിത ചെലവ് എത്രയാണെന്ന് നോക്കൂ. 25 ചതുരശ്ര അടിയെങ്കിലും സ്ഥലം വേണം ശരാശരി ഒരു ജീവനക്കാരന്റെ സീറ്റിന്, അഥവാ ക്വിബിക്കിളിന്. അതിന്റെ വാടക,റിയല്‍ എസ്‌റ്റേറ്റ് മൂല്യം എന്നിവ കണക്കാക്കി നോക്കൂ. കാന്റീന്‍, ശുചിത്വസംവിധാനങ്ങള്‍, സെക്യൂരിറ്റി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിങ്ങനെ എത്രയെത്ര ചെലവുകളാണ് വര്‍ക്ക്് ഫ്രം ഹോമിലേക്ക് മാറുന്നതോടെ കമ്പനികള്‍ക്ക് ലാഭിക്കാനാവുക. നിലവിലുള്ള ജീവനക്കാരില്‍ പകുതിയോ 75 ശതമാനമോ പേര്‍ വീട്ടിലിരുന്ന് 100 ശതമാനം കാര്യക്ഷമതയോടെ ജോലി ചെയ്താലോ? ്ഇതാണ് വരും നാളുകളില്‍ കമ്പനികള്‍ ലക്ഷ്യം വയ്ക്കുക.

ജീവനക്കാര്‍ക്ക് സമയലാഭം

പലപ്പോഴും രാവിലെയും വൈകുന്നേരവും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രകള്‍ മണിക്കൂറുകള്‍ തന്നെ നീളാറുണ്ട്. ഉത്പാദനക്ഷമമാക്കേണ്ട വിലയേറിയ സമയം വര്‍ക്ക്് ഫ്രം ഹോമില്‍ പണമാക്കി മാറ്റാം. വീട്ടിലായിരിക്കുന്നതിനാല്‍ ജീവനക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കൂടുംബകാര്യങ്ങളിലും കുട്ടികളുടെ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്താനാകും. പലപ്പോഴും അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് കൂടുതല്‍ പ്രവര്‍ത്തന മികവ് കാഴ്ചവയ്ക്കാനുമാകും. സമസ്തമേഖലയിലുമെന്ന പോലെ കൊച്ചുകൊറോണ വൈറസ് തൊഴില്‍ മേഖലയേയും ഉടച്ചു വാര്‍ക്കുകയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com