ADVERTISEMENT


ലോക്ഡൗണ്‍ കഴി‍‍ഞ്ഞപ്പോൾ വന്ന കറണ്ടു ബിൽ 11000 രൂപ എന്ന് തലയ്ക്കു കൈയും വെച്ച് സങ്കടപ്പെടുകയാണ് കൊച്ചിയിലെ ഒരു വീട്ടമ്മ. കാരണം തിരക്കിയപ്പോഴോ? മക്കൾ രണ്ടാളും ലോക്ഡൗണിനെ തുടർന്ന് 'വർക് ഫ്രം ഹോം' ചെയ്തത് വീട്ടിലെ എസി മുറികളിരുന്നാണ്. കിടപ്പു മുറിയിലെ എസി കൂടിയായപ്പോൾ വിശ്രമമില്ലാതെ പ്രവർത്തിച്ചത് മൂന്ന് എസി കൾ. പിന്നെങ്ങനെ കറണ്ടു ബിൽ കൂടാതിരിക്കും?സമാനമായ അനുഭവങ്ങളുള്ള നിരവധി പേരാണുള്ളത്.ചിലകാര്യങ്ങൾ അറിഞ്ഞിരുന്നാൽ വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കാനാകും.

വളഞ്ഞ വഴി വേണ്ട

വെറുതെയങ്ങ്  നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ പകുതിയോളം വിനിയോഗിക്കപ്പെടുന്നത് ഗാര്‍ഹിക -വാണിജ്യ മേഖലകളിലാണ്. ഈ രംഗത്ത് വൈദ്യുതി കൈകാര്യം ചെയ്യുന്നതില്‍ കാര്യക്ഷമത പുലര്‍ത്താനായാല്‍ ഗണ്യമായ തോതില്‍ വൈദ്യുതി ലാഭിക്കാനാകും. വിവിധ മാര്‍ഗങ്ങളിലൂടെ 20 ശതമാനമെങ്കിലും വൈദ്യുത ഉപഭോഗം കുറയ്ക്കാനായാല്‍ കറന്റ് ബില്ലില്‍ ഏകദേശം മൂന്നില്‍ ഒന്നിന്റെ കുറവാണ് വരികയെന്നു ഓര്‍ക്കുക.
വളഞ്ഞ വഴികളില്ലാതെ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ എവിടെയും വൈദ്യുതി ലാഭിക്കാനാകും. അതിലൂടെ അനാവശ്യമായ പണച്ചെലവും. ഓര്‍ക്കുക, ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നത് അത്രയും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു തുല്യമാണ്.

വൈദ്യുതി ഉപകരണം

1. വൈദ്യുതിയുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വാങ്ങുമ്പോള്‍ നിലവാരമുള്ളതു മാത്രം തെരഞ്ഞെടുക്കുക.
2. ആവശ്യത്തിനു മാത്രം വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക.
3. സാധാരണ ഫിലമെന്റ് ബള്‍ബുകള്‍ക്കു പകരം നിലവാരമുള്ള സി.എഫ് ലാമ്പുകളും വാട്‌സ് കുറഞ്ഞ ട്യൂബ് ലൈറ്റുകളും എല്‍ഇഡി ബള്‍ബുകളും ഉപയോഗിക്കുക.
4. ഉപയോഗശേഷം ലൈററും ഫാനും ടിവിയും അതു പോലുള്ള മറ്റുപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുത്.
5. ബള്‍ബുകളും ട്യൂബുകളും അവയ്ക്ക് ഉപയോഗിക്കുന്ന ഷേഡുകളും ഇടയ്ക്കിടെ തുടച്ചു വ്യത്തിയാക്കുക.
6. രാത്രി കാലങ്ങളില്‍ വീടിനു പുറത്തുള്ള ലൈറ്റുകള്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.
7. വീടിനകം പെയിന്റു ചെയ്യാന്‍ ഇളംനിറങ്ങള്‍ മാത്രം പ്രയോജനപ്പെടുത്തുക.
8. പീക്ക് ലോഡ് സമയത്ത് (വൈകുന്നേരം ആറു മണി മുതല്‍ 10 വരെ) കൂടുതല്‍ വൈദ്യുതി വേണ്ടി വരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
9. തകരാറിലായ ഉപകരണങ്ങള്‍ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കുക.

ടിവി

24-lakh-home-kuttanad-tv-JPG

10. ടിവി തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
11. ഉപയോഗശേഷം റിമോട്ട് മാത്രം ഉപയോഗിക്കാതെ പ്ലഗ് സ്വിച്ച് ഓഫ് ചെയ്യുക.
12. സി.ആര്‍.ടി സ്‌ക്രീനിനു പകരം എല്‍.സി.ഡി സ്‌ക്രീനുള്ള ടിവി ഉപയോഗിക്കുക.
13. സാധാരണഗതിയില്‍ ടിവിയുടെ വലിപ്പം കൂടുമ്പോള്‍ വൈദ്യുത ഉപയോഗവും വര്‍ധിക്കുന്നുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

ഫ്രിഡ്ജ്

14. ആവശ്യത്തിനു വലിപ്പമുള്ളതും അനുയോജ്യവുമായ ഫ്രിഡ്ജ് തിരഞ്ഞെടുക്കുക.
15. ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുന്നത് ഒഴിവാക്കിയാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാം.
16. ഫ്രിഡ്ജ് ഡോറിലെ റബര്‍ ബീഡിംങ്ങ് പരിശോധിച്ച് പഴക്കം ചെന്നതാണെങ്കില്‍ മാറ്റുക.
17. തെര്‍മോസ്റ്റാറ്റ് ശരിയാം വണ്ണം ക്രമീകരിക്കുകയും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഉറപ്പിക്കുകയും ചെയ്യുക.
18. മൂടിയുള്ള പാത്രങ്ങളില്‍ വേണം ആഹാരം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കാന്‍. അല്ലെങ്കില്‍ ഈര്‍പ്പം ഫ്രിഡ്ജിനകത്തു വ്യാപിക്കുകയും വൈദ്യുതോപയോഗം കൂടുകയും ചെയ്യും.
19. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുക.
20. ഡീഫ്രോസ്റ്ററിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തണം. ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നത് ഊര്‍ജ്ജനഷ്ടം വരുത്തും.
21. ദിവസം മുഴുവനും ഫ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കണമെന്നില്ല. വേണമെങ്കില്‍ ഇടയ്ക്ക് രണ്ടോ മൂന്നോ മണിക്കൂര്‍ ഓഫ് ചെയ്തിടാം.
22. ഫ്രിഡ്ജിലെ ഫ്രീസറിന്റെ ഡോര്‍ ശരിയാംവണ്ണം അടയുന്നുണ്ടെന്നു ഉറപ്പുവരുത്തുക.
23. ഉപയോഗത്തിനനുസരിച്ച് 'ഡബിള്‍ ഡോര്‍' ഫ്രിഡ്ജ് തിരഞ്ഞെടുക്കുന്നത് അഭികാമ്യം.
24. ഫ്രിഡ്ജിന്റെ ഡോര്‍ തുറന്നിടരുത്.
25. സ്റ്റാര്‍ റേറ്റിങ് കൂടിയ ഫ്രിഡ്ജ് വാങ്ങുക. ഉയര്‍ന്ന റേറ്റിങ് ഉള്ള ഫ്രിഡ്ജുകള്‍ക്ക് വൈദ്യുതി കുറഞ്ഞ അളവില്‍ മതിയാകും.

മിക്‌സി

26. മിക്‌സി തുടര്‍ച്ചയായി കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കരുത്.
27. കുറഞ്ഞ സ്പീഡില്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങുക.
28. ഓവര്‍ലോഡ് നല്‍കരുത്. ഇതു വൈദ്യുതി ചെലവു കൂട്ടും.
29. നിലവാരമുള്ളതും ഐഎസ്‌ഐ മാര്‍ക്കോടു കൂടിയതുമായ മിക്‌സികള്‍ മാത്രം ഉപയോഗിക്കുക.
30. സമയാസമയങ്ങളില്‍ ബ്ലേഡുകള്‍ക്ക് മൂര്‍ച്ച കൂട്ടുകയോ മാറ്റിയിടുകയോ ചെയ്യുക.

ഫാന്‍

31. ഗുണമേന്മയില്ലാത്തതും തീരെ വിലകുറഞ്ഞതുമായ ഫാനുകള്‍ ഒഴിവാക്കുക.
32. ഡബിള്‍ 'ബോള്‍ ബെയറിംഗ്' ഉപയോഗിക്കുന്ന ഫാനുകള്‍ വേണം വാങ്ങാന്‍.
33. സാധാരണ റെഗുലേറ്ററുകള്‍ക്കു പകരം ഇലക്‌ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിക്കുക.
34. ബെയറിംഗ് തകരാര്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ പരിഹരിക്കണം.
35. വളരെ പഴക്കം ചെന്ന ഫാനുകള്‍ മാറ്റി പുതിയതു പിടിപ്പിച്ചാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാം.
36. മൂന്നു ലീഫുകളുള്ള ഫാനുകള്‍ തന്നെ ഉപയോഗിക്കുന്നതാണ് താരതമ്യേന നല്ലത്.

വാഷിംങ് മെഷീന്‍

washing-machine

37. വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന വാഷിംങ് മെഷീനുകള്‍ക്ക് വൈദ്യുതചെലവ് കൂടും.
37 'ഫ്രണ്ട് ലോഡ്' വാഷിംഗ് മെഷീനാണ് കാര്യക്ഷമത കൂടുതല്‍. കുറഞ്ഞ വെള്ളം മതിയെന്നതിനു പുറമേ വൈദ്യുതി ചെലവും കുറവായിരിക്കും.
38. അലക്കുമ്പോള്‍ മെഷീന്റെ പൂര്‍ണശേഷി തന്നെ പ്രയോജനപ്പെടുത്തുക.
39. സ്പിന്നിംഗ് ഒഴിവാക്കി തുണി പുറത്തെടുത്ത് ഉണങ്ങാനായാല്‍ അത്രയും വൈദ്യുതിലാഭം.
40. വാഷിംങ് മെഷീന്റെ ബെല്‍റ്റ് അയഞ്ഞിട്ടുണ്ടോയെന്നു ഇടയ്ക്കു പരിശോധിക്കുന്നതും വര്‍ഷത്തിലൊരിക്കലെങ്കിലും സര്‍വീസ് ചെയ്യിക്കുന്നതും കാര്യക്ഷമത കൂട്ടും.

എയര്‍ കണ്ടീഷണര്‍

41. പഴക്കം ചെന്ന വിന്‍ഡോ ടൈപ്പ് എയര്‍ കണ്ടീഷണറുകള്‍ക്ക് പകരം പുതിയ സ്പ്‌ളിറ്റ് എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുക.
42. റിമോര്‍ട്ട് ഉപയോഗിച്ചു മാത്രം ഓഫ് ചെയ്യാതെ പവര്‍ സ്വിച്ചു കൂടി ഓഫാക്കുക.
43. സ്ലീപ് ടൈമര്‍ ഉള്ള എയര്‍ കണ്ടീഷണറുകള്‍ കൂടുതല്‍ നല്ലത്.
44. എയര്‍ ഫില്‍ട്ടര്‍ ഇടയ്ക്കിടെ പുറത്തെടുത്ത് വൃത്തിയാക്കുക.
45. ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ യഥാവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
46. വില അല്‍പം കൂടിയാലും ഉയര്‍ന്ന സ്റ്റാര്‍ റേറ്റിങ് ഉള്ള എയര്‍ കണ്ടീഷണറുകള്‍ തെരഞ്ഞെടുക്കുക.
47. എസിയുള്ള മുറിയിലെ വെന്റിലേറ്ററുകളും എയര്‍ഹോളുകളും ജനലുകളുമെല്ലാം നന്നായി അടച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്തുക.
48. ഉയരം ക്രമീകരിച്ചു ഫോള്‍സ് സീലിംങ്ങ് നടത്തുന്നതു എസിയുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കുകയും വൈദ്യുത ഉപഭോഗം കുറയ്ക്കുകയും ചെയ്യും.
49. തറയില്‍ കാര്‍പെറ്റ് ഉപയോഗിക്കുന്നതും നല്ലതാണ്.
50. ചൂട് പുറത്തേക്കു വിടുന്ന ഉപകരണങ്ങള്‍ എസി ഉപയോഗിക്കുന്ന മുറിയില്‍ കഴിവതും ഒഴിവാക്കുക.
51. ജനലുകളുടെയും ഗ്ലാസ് ഭിത്തികളുടേയും എണ്ണം എത്ര കുറയ്ക്കാമോ അത്രയും നല്ലത്.
52. ഡോറുകളില്‍ 'ഡോര്‍ ക്ലോസര്‍' ഘടിപ്പിക്കുക.
53. എസിയുടെ കാര്യക്ഷമതയില്‍ കുറവു തോന്നിയാല്‍ വൈകാതെ ടെക്‌നീഷ്യന്റെ സഹായം തേടുക.

ഗീസര്‍

54. ഗീസര്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.
55. സ്റ്റാര്‍ റേറ്റിങ് ഉള്ള ഗീസര്‍  വാങ്ങിക്കാന്‍ ശ്രദ്ധിക്കുക.
56. ഗീസറിന്റെ തെര്‍മല്‍ കട്ട് ഓഫ് ശരിയാംവണ്ണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ വൈദ്യുതി ഉപയോഗം കൂടും.
57. കൂടിയ അളവില്‍ ചൂടുവെള്ളം വേണമെന്നുണ്ടെങ്കില്‍ ഇലക്ട്രിക് ഗീസര്‍ ഒഴിവാക്കി സോളാര്‍, ഗ്യാസ് മോഡലുകള്‍ തിരഞ്ഞെടുക്കുകയാണ് നല്ലത്.

ഇസ്തിരിപ്പെട്ടി

58. ഓട്ടോമാറ്റിക് കട്ട് ഓഫ് ഉള്ള ഇസ്തിരിപ്പെട്ടികള്‍ ഉപയോഗിക്കുക.
59.തെര്‍മോസ്റ്റാറ്റില്‍ തുണിക്കനുസരിച്ചുള്ള ചൂടുമാത്രം സെറ്റ് ചെയ്യുക.
60. തുണികളെല്ലാം അടുപ്പിച്ചു വച്ച ശേഷം വേണം ഇസ്തിരിപ്പെട്ടി ഓണ്‍ ചെയ്യാന്‍.
61. ഇസ്തിരി ഇടുന്നതിനിടയില്‍ മറ്റു ജോലികള്‍ക്ക് പോകാതിരിക്കുക.
62. ചൂട് കുറവു വേണ്ടത് ആദ്യവും അവസാനവും ആയി ഇസ്തിരിയിടുക
63. ഒന്നോ രണ്ടോ വസ്ത്രങ്ങള്‍ക്കു മാത്രമായി ഇസ്തിരിപ്പെട്ടി ഉപയോഗിക്കാതെ ആഴ്ചയിലൊരിക്കല്‍ എന്ന രീതിയില്‍ ഇതു ക്രമീകരിക്കുക.

വാട്ടര്‍ പമ്പ്

64. വോള്‍ട്ടേജ് കുറഞ്ഞ സമയങ്ങളില്‍ പമ്പു പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
65.വിലക്കൂടുതല്‍ നോക്കാതെ ഗുണമേന്മയുള്ള പമ്പുകള്‍ തെരഞ്ഞെടുക്കുക.
66.പമ്പിന്റെ ശേഷി ആവശ്യമനുസരിച്ചു വേണം. കൂടിയാലും കുറഞ്ഞാലും വൈദ്യുതി പാഴാകും.
67. ബെയറിങ് തകരാറുകള്‍ യഥാസമയം പരിഹരിക്കണം.
68. പമ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പുകളില്‍ വളവും തിരിവും കഴിവതും കുറയ്ക്കുക.

computer

കമ്പ്യൂട്ടറുകള്‍

69. സിആര്‍ടി മോണിട്ടറുകള്‍ക്ക് പകരം എല്‍സിഡി മോണിട്ടറുകള്‍ ഉപയോഗിക്കുക.
70. കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തപ്പോള്‍ പൂര്‍ണമായി ഷട്ട്ഡൗണ്‍ ചെയ്യുക.
71. സീറ്റില്‍ നിന്നും എഴുന്നേറ്റു പോകുമ്പോഴൊക്കെ മോണിട്ടര്‍ സ്വിച്ച് ഓഫ് ചെയ്യുക.
72. സ്ലീപ് മോഡും സ്‌ക്രീന്‍ സേവറുകളും പ്രയോജനപ്പെടുത്തുക.

ഇന്‍വേര്‍ട്ടര്‍

73. ബാറ്ററി തിരഞ്ഞെടുക്കുമ്പോള്‍ ഗുണമേന്മ നിര്‍ബന്ധമായും ഉറപ്പു വരുത്തുക.
74. പകല്‍ മാനുവല്‍ മോഡിലും രാത്രി ഓട്ടോ മോഡിലും ഉപയോഗിക്കുക.
75.അസ്വാഭാവികമായി വൈദ്യുതബില്‍ വര്‍ധിച്ചാല്‍ ഇന്‍വേര്‍ട്ടര്‍ ബാറ്ററി ചാര്‍ജിങ് ടെക്‌നീഷ്യനെ വിളിച്ച് പരിശോധിപ്പിക്കുക.

English Summery:75 Smart Ways to save Electricity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com