ADVERTISEMENT
വാഹനങ്ങളുടെ റജിസ്ര്‌ടേഷന്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സെന്റീമീറ്റര്‍ പച്ചസ്റ്റിക്കര്‍ പുതിയ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്നു. ബി എസ് 6 വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ബി എസ് 6 മാനദണ്ഡമനുസരിച്ചുള്ള വാഹനങ്ങള്‍ അവയുടെ മൂന്നാം നമ്പര്‍ പ്ലേറ്റിന് മുകളില്‍ ഒരു സെന്റീമീറ്റര്‍ വലുപ്പത്തില്‍ പച്ച അടയാളം പതിച്ചിരിക്കണമെന്ന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
 
2019 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ വാഹനങ്ങള്‍ക്കും ഉന്നത സുരക്ഷാ നിലവാരത്തിലുള്ള രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ വേണമെന്ന് (എച്ച് എസ് ആര്‍ പി) സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പുതുതായി നിര്‍മ്മിക്കുന്ന വാഹനങ്ങളില്‍ എച്ച് എസ് ആര്‍ പി അഥവാ മൂന്നാം നമ്പര്‍ പ്ലേറ്റ് വിന്‍ഡ് ഷീല്‍ഡിന് അകത്ത് നിര്‍മാതാക്കള്‍ തന്നെ ഘടിപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെയുളള മൂന്നാം നമ്പര്‍ പ്ലേറ്റില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം തിരിച്ചറിയാന്‍ കളര്‍ കോഡിങും നല്‍കിയിരുന്നു. പെട്രോള്‍, സി എന്‍ ജി എന്നിവയ്ക്ക് ഇളം നീലയും ഡീസലിന് ഓറഞ്ച് കളറുമാണ് നല്‍കിയിരുന്നത്. ഇതാണ് പരിഷ്‌കരിച്ച് പച്ച എന്ന ഒറ്റക്കളറാക്കുന്നത്.

 2020 ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത്് മാലിന്യ ബഹിര്‍ഗമനം കുറഞ്ഞ ബി എസ് 6 വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയത്. അതുവരെ ബി എസ് 4 മാനദണ്ഡമനുസരിച്ച എഞ്ചിനുകളുള്ള വാഹനങ്ങളാണ് നിര്‍മാതാക്കള്‍ വിറ്റഴിച്ച് കൊണ്ടിരുന്നത്. മലിനീകരണം കുറഞ്ഞ പുതിയ വാഹനങ്ങളെ വേഗത്തില്‍ തിരിച്ചറിയുന്നതിനാണ് കളര്‍ കോഡിംഗ് നിര്‍ബന്ധമാക്കിയത്.
എച്ച് എസ് ആര്‍ പി സുരക്ഷാ മാനദണ്ഡമനുസരിച്ച് നമ്പര്‍ പ്ലേറ്റില്‍ മുകളില്‍ ഇടത് ഭാഗത്ത് ക്രോമിയം അധിഷ്ഠിത ഹോളോഗ്രാം മുദ്രയുണ്ടായിരിക്കും. കൂടാതെ താഴെ ഇടത് ഭാഗത്തായി പ്രതിഫലനമുണ്ടാകുന്ന വിധത്തില്‍ പത്തക്ക തിരിച്ചറിയല്‍ നമ്പറും ഉണ്ടാകും. വാഹനങ്ങളില്‍ മുന്നിലും പിന്നിലും ഇവ സ്ഥാപിച്ചിരിക്കണം. ഇതിന് പുറമേയാണ് വിന്‍ഷീല്‍ഡിനുള്ളിലെ മൂന്നാം നമ്പര്‍ പ്ലേറ്റ്.
വാഹനമോഷണങ്ങള്‍ തടയുന്നതിനും വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയാണ് അതീവ സുരക്ഷയുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപരിതലമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നത്. വാഹനത്തിന്റെ നിര്‍മാതാക്കള്‍ തന്നെ വാഹനത്തോടൊപ്പം നമ്പര്‍ പ്ലേറ്റും നല്‍കും.  15 വര്‍ഷത്തേ ഗാരണ്ടിയിലാണ് നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നത്. റജിസ്‌ട്രേഷന്‍ നമ്പര്‍, റജിസ്റ്ററിങ് അതോറിറ്റി, വാഹനത്തിന്റെ പെര്‍മനന്റ് നമ്പര്‍, എഞ്ചിന്‍,ചേസിസ് നമ്പര്‍, ഉപയോഗിക്കുന്ന ഇന്ധനം ഇവയാണ് മൂന്നാം നമ്പര്‍ പ്ലേറ്റിലുള്ള വിവരങ്ങള്‍.

English Summery:Display the Details of Your Bs 6 Vehicle
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com