sections
MORE

സർക്കാരിനു കടം കൊടുക്കാം

HIGHLIGHTS
  • കേന്ദ്രസർക്കാറി‌ന്റെ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകളിൽ നിക്ഷേപിക്കാം
money purse
SHARE

പൊതുജനങ്ങൾക്കു നിക്ഷേപം നടത്താവുന്ന രീതിയിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളാണ് എഫ്ആർഎസ്ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകൾ. കടം വാങ്ങുന്നത് സർക്കാർ ആയതിനാൽ മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ നിക്ഷേപം നടത്താം. ഒരുപക്ഷേ പൊതുജനങ്ങൾക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും ഉയർന്ന സുരക്ഷിതത്വമുള്ള അവസരമാണ് എഫ്ആർഎസ്ബി.

അടിസ്ഥാന സവിശേഷതകൾ

1000 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്ന എഫ്ആർഎസ്ബിയിൽ ഇപ്പോൾ 7.15% വാർഷിക നിരക്കിൽ പലിശ ലഭിക്കുന്നു. നിക്ഷേപം നടത്തി 7 വർഷം വരെ പിൻവലിക്കാൻ അനുവദിക്കുന്നില്ല. 6 മാസം കൂടുമ്പോഴാണ് പലിശ നൽകുന്നതെങ്കിലും പലിശയ്ക്ക് ആദായനികുതിയും അക്കാരണത്താൽ സ്രോതസ്സിൽ കിഴിവും ഉണ്ടാകും. കടപ്പത്രങ്ങൾ റദ്ദ് ചെയ്യുന്നതിന് സർക്കാർ തീരുമാനിക്കുന്നതുവരെ നിക്ഷേപ കാലാവധിയുണ്ടാകും.

ആർക്കൊക്കെ നിക്ഷേപിക്കാം

വ്യക്തികൾക്കു സ്വന്തം പേരിലും കൂട്ടായ പേരുകളിലും ബോണ്ടുകൾ വാങ്ങാം. അച്ഛൻ, അമ്മ, മറ്റ് രക്ഷകർത്താക്കൾ എന്നിവരുടെ പേരിലും കുട്ടികൾക്കു വേണ്ടി നിക്ഷേപം നടത്താം. പ്രവാസികൾക്ക് ബോണ്ട് വാങ്ങാനാകില്ല.
 
പലിശ നിരക്ക്

ഫ്ളോട്ടിങ് നിരക്കിൽ പലിശ നിർണയിക്കുന്നതിനാൽ നിരക്ക് മാറിക്കൊണ്ടിരിക്കും. ഓരോ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും തൊട്ടടുത്ത 6 മാസത്തേക്കു ലഭിക്കുന്ന പലിശ നിരക്ക് പ്രഖ്യാപിക്കും. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾക്കു നൽകുന്ന നിരക്കിൽനിന്ന് 35 ബേസിസ് പോയിന്റ് അഥവാ 0.35 ശതമാനം ഉയർന്ന നിരക്കിലായിരിക്കും ബോണ്ടുകൾക്ക് നൽകുന്ന പലിശ. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന് ഇപ്പോൾ നൽകുന്ന 6.8 ശതമാനത്തിനു മുകളിൽ 0.35 ശതമാനം ചേർത്ത് 7.15 ശതമാനമാണ് 2020 ഡിസംബർ 31 വരെയുള്ള പലിശ.
 
കൂട്ടുപലിശയില്ല

വർഷത്തിൽ രണ്ട് തവണ, അതായത് ജനുവരി ഒന്നാം തീയതിയും ജൂലൈ ഒന്നാം തീയതിയുമാണ് പലിശ വിതരണം ചെയ്യുക. പലിശ മുതലിനോടു കൂട്ടിച്ചേർത്ത് പലിശയ്ക്കു പലിശ നൽകുന്ന രീതിയില്ല. എന്നാൽ ഓരോ 6 മാസം കൂടുമ്പോഴും ലഭിക്കുന്ന പലിശ തുക 1000 രൂപയുടെ ഗുണിതങ്ങളായി വീണ്ടും ബോണ്ടുകൾ വാങ്ങാം. പുതുതായി നടത്തുന്ന നിക്ഷേപങ്ങൾക്ക് വീണ്ടും 7 വർഷത്തെ കാലാവധിയുണ്ടാകും.
 
ബോണ്ട‌്  വാങ്ങാൻ

കേന്ദ്ര ധനമന്ത്രാലയം ബോണ്ടുകളെ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്തിന്റെ വെളിച്ചത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ പൊതുമേഖലാ ബാങ്കുകളിലും ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിലും നിന്ന് കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിക്കുന്ന ബോണ്ടുകൾ വാങ്ങാം. ബോണ്ടുകൾ പേപ്പർ രൂപത്തിലല്ലാതെ ഇലക്ട്രോണിക് രൂപത്തിൽ ബോണ്ട് ലെഡ്ജർ അക്കൗണ്ടുകളായാണ് ലഭിക്കുക. ബോണ്ട് ലെഡ്ജർ അക്കൗണ്ടുകളുടെ ഹോൾഡിങ് സർട്ടിഫിക്കറ്റുകൾ ഉടമയ്ക്കു ലഭിക്കും.

വിൽപന, കൈമാറ്റം, പണയം

ബോണ്ടുകൾ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. ഇക്കാരണത്താൽ വിൽക്കാൻ സാധ്യമല്ല. കൂടാതെ ബോണ്ടുകൾ പണയപ്പെടുത്തിയോ ജാമ്യമായി നൽകിയോ വായ്പകൾ എടുക്കാനും അനുവാദമില്ല. ബോണ്ട് ലെഡ്ജർ അക്കൗണ്ട് തുടങ്ങിയിട്ടുള്ളവർ മരണമടഞ്ഞാൽ നോമിനിയ്ക്കോ അനന്തരാവകാശികൾക്കോ പേര് മാറ്റി നൽകും.

മുതിർന്ന പൗരന്മാർക്ക് ഇളവ്

ബോണ്ടുകളിൽ പലിശ നിരക്ക് പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു പോലെയാണെങ്കിലും നിക്ഷേപ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് ഇളവുണ്ട്. 60നു മുകളിൽ പ്രായമുള്ളവർക്ക് നിക്ഷേപം 7 കൊല്ലം തികയുന്നതിനുമുൻപു പിൻവലിച്ചെടുക്കാൻ അനുവദിക്കുന്നുണ്ട്. 60നും 70നുമിടയിൽ പ്രായമുള്ളവർക്ക് 6 വർഷം തികയുമ്പോഴും 70നും 80നുമിടയിൽ പ്രായമുള്ളവർക്ക് 5 വർഷം തികയുമ്പോഴും 80ന് മുകളിൽ പ്രായമുള്ളവർക്ക് 4 വർഷം തികയുമ്പോഴുമാണ് പണം പിൻവലിക്കാവുന്നത്. മുൻകൂർ പിൻവലിക്കുന്നതിന് അപേക്ഷ നൽകുന്നതിന്റെ തൊട്ടടുത്തു വരുന്ന ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതി പണം നൽകും. ഇങ്ങനെ മുൻകൂർ പിൻവലിക്കുമ്പോൾ അവസാന 6 മാസത്തിന്റെ പലിശയിൽ 50% കിഴിവ് വരുത്തും. കൂട്ടായ പേരിൽ വാങ്ങിയിട്ടുള്ള ബോണ്ടുകളിൽ നിക്ഷേപകരിൽ മുതിർന്ന ആളുടെ പ്രായമാണ് പരിഗണിക്കുക.

താരതമ്യപ്പെടുത്തുമ്പോൾ

10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുള്ള മാതാപിതാക്കാന്മാർക്ക് ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന സുകന്യ സമൃദ്ധി യോജനയിൽ വാർഷിക പലിശ 7.6 ശതമാനമാണ്. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം പ്രധാനമന്ത്രി വയവന്ദന യോജന എന്നിവയിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന രീതിയിൽ 7.4 ശതമാനം പലിശ ലഭിക്കുന്നുണ്ടെങ്കിലും പ്രായം കുറഞ്ഞവർക്ക് ഇവ പ്രയോജനപ്പെടുത്താനാകില്ല. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ, ബോണ്ടുകളുടേതിനേക്കാൾ വളരെ കുറവാണ്.  

സുരക്ഷ ഉറപ്പ്

ചില ഹൗസിങ് ഫിനാൻസ് കമ്പനികൾ, ബാങ്കിതര ഫിനാൻസ് കമ്പനികൾ എന്നിവ ബോണ്ടിനേക്കാളും ഉയർന്ന നിരക്കിൽ പലിശ നൽകുന്നുണ്ടെങ്കിലും നഷ്ട സാധ്യത കൂടുതലാണ്. ഡെറ്റ് ഫണ്ടുകൾ ഉറപ്പായ വരുമാനവും ആദായ നികുതി മെച്ചങ്ങളും നൽകുമെങ്കിലും നഷ്ട സാധ്യതയുണ്ട്, വരുമാന നിരക്കും കുറവാണ്. ഏതു പ്രായക്കാരുടേയും മിച്ച സമ്പാദ്യ നിക്ഷേപങ്ങളിൽ ഒരു നിശ്ചിത ശതമാനം തുക നിശ്ചയമായും എഫ്ആർഎസ് ബോണ്ടുകളിൽ നിക്ഷേപിക്കാം.പ്രായം കൂടുന്നതനുസരിച്ച് ബോണ്ടുകളിലെ നിക്ഷേപ അനുപാതം ഉയർത്താം. വിപണിയിലും സ്ഥാപനങ്ങളിലും എന്തൊക്കെ തകർച്ച സംഭവിച്ചാലും ബോണ്ടുകളിലെ പണവും ലഭിക്കാനുള്ള പലിശയും സുരക്ഷിതമായിരിക്കും.

English Summery:Give Loan to Government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA