ADVERTISEMENT

ആഗോള തലത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകി വരികയാണ്. ഡാറ്റാ ചോര്‍ത്തുന്നത് മാത്രമല്ല പ്രധാനം. ഇങ്ങനെ ചോര്‍ത്തിയെടുക്കുന്ന വ്യക്തിഗത വിവരങ്ങളുപയോഗിച്ച് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാപകമായി അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്വോഴാണ് ശരാശരി ഇടപാടുകാര്‍ അറിയുന്നത് തന്നെ. നെറ്റ് വര്‍ക്ക് പ്രശ്‌നം പോലുള്ള സാങ്കേതിക തകരാറും മറ്റും മൂലം കൃത്യമായി ഫോണില്‍ സന്ദേശങ്ങള്‍ എത്താത്തതും എത്തിയാല്‍ തന്നെ അവഗണിക്കുന്നതും മൂലം ഇത് അക്കൗണ്ടുടമ അറിയുന്നത് പലപ്പോഴും വൈകിയായിരിക്കും. അപ്പോഴേക്കും പണം നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കും.

മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

പലപ്പോഴും സമയാസമയങ്ങളില്‍ ധനകാര്യസ്ഥാനപങ്ങള്‍ ഇത്തരം തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും വലിയ പ്രാധാന്യം കൊടുക്കാറില്ല.  ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്ത് കൂടുകയാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും കഴിഞ്ഞ ദിവസം ആര്‍ ബി ഐ വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് 39 ശതമാനം പേരും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതിന്റെ അനുഭവസ്ഥരാണെന്നാണ് ഇത് സംബന്ധിച്ച ഒരു പഠനം കാണിക്കുന്നത്. 

ഓണ്‍ലൈന്‍ ഷോപ്പിങ്

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസമായി ഓണ്‍ലൈന്‍ വില്‍പ്പനകള്‍ സജീവമാണ്. ഈ സാഹചര്യത്തില്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രവേശിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍ ശരിയായവയാണെന്ന് ഉറപ്പു വരുത്തുകയാണ് ആദ്യം വേണ്ടത്. ഇത് ഡാറ്റ ചോരാതിരിക്കുന്നതിനും ഒപ്പം യഥാര്‍ഥ ഉത്പന്നം തന്നെ ലഭ്യമാകുന്നതിനും ഇടയാക്കും.

ഫോണ്‍ ബാറ്ററി തീര്‍ന്നാല്‍

സ്മാര്‍ട്ട് ഫോണുകള്‍ക്ക് ബാറ്ററി തീരുന്നത് സാധാരണമാണ്. പലരും പവര്‍ബാങ്ക് ഉപയോഗിക്കാറുണ്ടെങ്കിലും ചില ഘട്ടങ്ങളില്‍ ഇതും പണി തരും. ഇത്തരം അവസരങ്ങളില്‍ ഗത്യന്തരമില്ലാതെ റെയില്‍വേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാന്‍ഡുകളിലെയും ഷോപ്പിംഗ് മാളുകളിലെയും മറ്റും പൊതു ചാര്‍ജിംഗ് സംവിധാനം ഉപയോഗിക്കേണ്ടി വരും. ഇത് കഴിയുന്നതും വേണ്ട. പ്രത്യേക മാല്‍വെയര്‍ കടത്തി ഇവിടെ നിന്നും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാം. ഇതിനകം തന്നെ അനവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സൗജന്യ ഡാറ്റ

ഫോണ്‍ ഡാറ്റാ നിരക്കുകള്‍ അടിക്കടി വര്‍ധിച്ച് വരികയാണ്. റെയില്‍വേ സ്‌റ്റേഷന്‍, ഷോപ്പിംഗ് മാള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ ഇടപഴകുന്നവര്‍ ഡാറ്റ സൗജന്യമായി ലഭിക്കാന്‍ ഇവിടങ്ങളിലെ വൈഫൈ സംവിധാനം ഉപയോഗിക്കാറുണ്ട്. ഇത് തീരെ സുരക്ഷിതമല്ല. ഇങ്ങനെ സുരക്ഷിതമല്ലാത്ത നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്നതു വഴി നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത ഏറെയാണ്. 

ഫോണ്‍ ഉപേക്ഷിക്കുമ്പോള്‍

പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ എന്നതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് പഴയവ ഒഴിവാക്കുമ്പോഴും. വിലപ്പെട്ട വിവരങ്ങള്‍ ഒന്നും പഴയ ഫോണില്‍ അവശേഷിക്കുന്നില്ല എന്നുറപ്പു വരുത്തണം. പുതുതായി വാങ്ങുന്ന സ്മാര്‍ട്ട ഫോണ്‍, ലാപ്‌ടോപ്പ് പോലുള്ളവയില്‍ വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുക.

∙ഒപ്പം ബാങ്കുകളില്‍ നിന്നും മറ്റ് പ്രമുഖ കമ്പനികളില്‍ നിന്നുമുള്ള ഇ മെയിലുകളായോ സന്ദേശങ്ങളായോ വരുന്ന സംശയകരമായ ലിങ്കുകള്‍ തുറക്കാതിരിക്കുക 

∙പിന്‍ നമ്പര്‍, ഒടിപി, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഒരു കാരണവശാലും കൈമാറാതിരിക്കുകയും വേണം.

English Summery: Beware About Cyber Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com