എസ്എംഎസ് വായിച്ചാല്‍ ദുഃഖിക്കേണ്ട, അറിയാം അഞ്ച് കാര്യങ്ങൾ

HIGHLIGHTS
  • ബാങ്കുകളില്‍ നിന്നും മറ്റും ലഭിക്കുന്ന അറിയിപ്പ് എസ്എംഎസുകള്‍ ആവശ്യം കഴിഞ്ഞാല്‍ ഡിലീറ്റു ചെയ്യണം
Mobile-Phone-1200
SHARE

വാട്സാപ്പും മെസഞ്ചറുമെല്ലാം നോക്കുന്നതിനിടെ നമ്മുടെ പഴഞ്ചന്‍ എസ്എംഎസിനെ പലരും മറക്കുകയാണ്. പക്ഷേ, പഴഞ്ചന്‍ എസ്എംഎസുകളോടുള്ള ഈ പുച്ഛം ഒരു പരിധി കഴിയാതെ നോക്കണം. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഈ എസ്എംഎസുകളിലൂടെയാണു വരുന്നതെന്നു മറക്കരുത്. നിങ്ങള്‍ പെട്രോള്‍ നിറച്ച ശേഷം ഡെബിറ്റ് കാര്‍ഡ് കൊടുക്കുമ്പോള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും പിഒഎസ് മിഷ്യനില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സെക്കന്റുകള്‍ക്കകം ഒരു എസ്എംഎസ് വരും. മിക്കവാറും അക്കൗണ്ടുകളില്‍ നിന്നു പ്രത്യക്ഷമായോ പരോക്ഷമായോ ചാര്‍ജ് ഈടാക്കിയാണ് ബാങ്കുകള്‍ ഈ എസ്എംഎസ് അലര്‍ട്ട് സേവനം നല്‍കുന്നതെങ്കിലും നമ്മില്‍ പലരുമത് ശ്രദ്ധിക്കുക പോലുമില്ല. 

ഞാന്‍ എടിഎമ്മില്‍ നിന്ന് രണ്ടായിരം രൂപ പിന്‍വലിച്ചു. ഉടനെ മൊബൈലില്‍ മെസേജ് അലര്‍ട്ട് ടോണ്‍ കേട്ടു. അതോടെ കാര്യം കഴിഞ്ഞു എന്നതാണ് പലരുടേയും രീതി. ഫോര്‍വേഡു ചെയ്തു കിട്ടുന്ന ആര്‍ക്കും ഗുണമില്ലാത്ത മെസേജുകള്‍ വായിക്കാന്‍ ചെലവഴിക്കുന്നതിന്റെ ചെറിയൊരംശം അധ്വാനമെങ്കിലും ഇത്തരം മെസേജുകള്‍ വായിക്കാനും മാറ്റി വെക്കണം. 

കൃത്യമായാണോ പണം ഈടാക്കിയത്?

പിഒഎസ് വഴി നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിച്ച തുക തന്നെയാണോ അക്കൗണ്ടില്‍ നിന്നു പോയതെന്നറിയാനുള്ള പ്രാഥമികമായ മാര്‍ഗമാണ് ഈ എസ്എംഎസുകള്‍. കൃത്യമായി പണം കൈമാറിയോ,  ഒന്നിലേറെ തവണ പണം പിന്‍വലിക്കപ്പെട്ടോ എന്നെല്ലാം അറിയാനും ഇതു സഹായിക്കും. 

തട്ടിപ്പുകള്‍ തടയാന്‍ എസ്എംഎസ്

നിങ്ങള്‍ അറിയാതെയാണ് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കപ്പെട്ടതെങ്കില്‍ അത് അറിയാനുള്ള ഏറ്റവും ആദ്യ മാര്‍ഗം ഇങ്ങനെ ബാങ്കില്‍ നിന്നുള്ള എസ്എംഎസുകളാണ്. നിങ്ങളുടെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ചതായുള്ള എസ്എംഎസ് സന്ദേശം വരുമ്പോള്‍ അതിന്റെ രണ്ടാമത്തെ വാചകം ശ്രദ്ധിച്ചിട്ടുണ്ടോ? ഈ പിന്‍വലിക്കല്‍ നടത്തിയതു നിങ്ങളല്ലെങ്കില്‍ ഈ സന്ദേശം ഉടന്‍ തന്നെ ഫോര്‍വേഡു ചെയ്തു കൊടുക്കാനായുള്ള ഒരു നമ്പര്‍ അതിലുണ്ടാകും. അതിനു പുറമെ പരാതി നല്‍കാനായുള്ള ടോള്‍ ഫ്രീ നമ്പറും അല്ലാതെയുള്ള നമ്പറും ഉണ്ടാകും. അതായത് തട്ടിപ്പായി നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടാല്‍ മിനിറ്റുകള്‍ക്കകം പരാതി നല്‍കാനാണ് ഇതു സഹായിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ മാത്രമല്ല. നെറ്റ് ബാങ്കിങ് അടക്കമുള്ള ഏതു രീതിയിലുള്ള തട്ടിപ്പുകളും ഇതേ രീതിയില്‍ ഉടന്‍ തന്നെ അറിയാന്‍ എസ്എംഎസുകള്‍ സഹായിക്കും. 

അറിയിപ്പുകള്‍ വരുന്നതും എസ്എംഎസ് വഴി

ലോക്ഡൗണ്‍ കാലത്തെ മോറട്ടോറിയം എങ്ങനെ പ്രയോജനപ്പെടുത്താം എന്നു പലരും സംശയം ചോദിക്കുന്നുണ്ടായിരുന്നു. മിക്കവാറും ബാങ്കുകള്‍ ഇടപാടുകാരുടെ റജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഇതു സംബന്ധിച്ച എസ്എംഎസുകള്‍ അയച്ചിരുന്നു. അതു വായിക്കാതെയാണ് അന്നു പലരും സംശയങ്ങള്‍ ചോദിച്ചത്. ചില ബാങ്കുകള്‍ എല്ലാ വായ്പകള്‍ക്കും മോറട്ടോറിയം ബാധകമാക്കി. അത് പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കാത്തവര്‍ എസ്എംഎസിനു മറുപടി അയച്ച് അക്കാര്യം അറിയിക്കണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. മോറട്ടോറിയം ലഭ്യമാണ്, അതു പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ മറുപടി എസ്എംഎസ് അയക്കണം എന്ന് നിര്‍ദ്ദേശിച്ച സ്ഥാപനങ്ങളുമുണ്ട്. ബാങ്കിന്റെ എസ്എംഎസ് കൃത്യമായി വായിക്കാത്തവര്‍ പലരും ഈ രണ്ടു സാഹചര്യങ്ങളിലും ആശയക്കുഴപ്പത്തിലായി.

ഇപ്പോള്‍ ബാങ്ക് വായ്പകള്‍ പുനക്രമീകരണം നടത്തുന്നതിനു പല ബാങ്കുകളും എസ്എംഎസ് അയയ്ക്കന്നുണ്ട്. കോവിഡ് പരിഗണിച്ച് ഒറ്റത്തവണ പുനക്രമീകരണം നടത്താന്‍ റിസര്‍വ് ബാങ്ക് നല്‍കിയ അനുമതി സംബന്ധിച്ചാണിത്. എസ്എംഎസ് വായിച്ചില്ലെങ്കില്‍ ഇതും ഒരു പക്ഷെ അറിയാതെ പോയേക്കാം. 

പിഴ പലിശ ഒഴിവാക്കാം

ഇഎംഐ അടക്കുന്നതു സംബന്ധിച്ചും ഇസിഎസ് ഇടപാടുകള്‍ വരുന്നതു സംബന്ധിച്ചുമെല്ലാം എസ്എംഎസ് വഴി എല്ലാ ബാങ്കുകളും അറിയിപ്പു നല്‍കാറുണ്ട്. അബദ്ധത്തില്‍ ഈ ദിവസം വിട്ടു പോയാല്‍ നല്‍കേണ്ടി വരുന്ന പിഴ പലിശയും മറ്റു ചാര്‍ജുകളും ഊഹിക്കാമല്ലോ. അവയെല്ലാം ഒഴിവാക്കാനും ഈ എസ്എംഎസുകള്‍ സഹായിക്കും. 

നിങ്ങളറിയാതെ അക്കൗണ്ടില്‍ പണം എത്തരുത്

വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്, പക്ഷേ, നിങ്ങള്‍ അറിയാതെ അക്കൗണ്ടില്‍ പണം വന്നാല്‍ എങ്ങനെ അറിയും? ഇങ്ങോട്ടു വന്ന പണമല്ലേ, അവിടെ കിടക്കട്ടെ എന്നു കരുതി കണ്ണടച്ചിരുന്നാല്‍ ചിലപ്പോള്‍ കിട്ടുന്നത് വലിയ പണിയായിരിക്കും. അങ്ങനെ നിങ്ങള്‍ അറിയാതെ പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ആയാല്‍ അക്കാര്യം അറിയാനും ഇത്തരം എസ്എംഎസുകള്‍ സഹായിക്കും. 

എന്തായാലും ഇങ്ങനെ എസ്എംഎസ് വായിക്കുന്ന സ്വഭാവത്തോടൊപ്പം മറ്റൊന്നു കൂടി ശീലിക്കണം. ബാങ്കുകളില്‍ നിന്നും മറ്റും ലഭിക്കുന്ന ഇത്തരം അറിയിപ്പ് എസ്എംഎസുകള്‍ ആവശ്യം കഴിഞ്ഞാല്‍ ഡിലീറ്റു ചെയ്യുകയും വേണം. അത് അനാവശ്യമായി സൂക്ഷിച്ചു വെയ്ക്കുന്നത് മറ്റു പല പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ടാക്കും.

English Summery : Know more about Importance of SMS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA