ചിലവഴിക്കുമ്പോൾ മനസു പറയുന്നതു മാത്രം കേട്ടാൽ പോര

HIGHLIGHTS
  • ഓണനാളുകളിൽ പുതിയ അച്ചടക്കങ്ങള്‍ തുടങ്ങിവെയ്ക്കുക.
onam%20shopping
SHARE

കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് നമ്മുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളാണുണ്ടായത്. ജീവിത രീതി, അച്ചടക്കം, ശുചിത്വം, ഭക്ഷണം എന്നിങ്ങനെ ഓരോ കാര്യത്തിലും പുതിയ ചിട്ടകള്‍ രൂപപ്പെട്ടു. ഏറ്റവും പ്രധാനം നാം പണം കൈകാര്യം ചെയ്തിരുന്ന രീതിയിലാണ്. അത് ജീവിതശൈലിയിലും ധനവിനിയോഗത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കി. ഇനിയുള്ള നാളുകളില്‍ ജീവിതത്തില്‍ ബുദ്ധിയും മനസ്സും ഒരുപോലെ ഉപയോഗിച്ച് ധനപരമായ തീരുമാനമെടുക്കാനാകും. ജീവിതമാര്‍ഗവും ജീവിതവും വഴിമുട്ടി നില്‍ക്കുന്ന ഇന്നത്തെ കാലത്ത് ചെറിയ തീരുമാനങ്ങള്‍ക്കു പോലും വലിയ വിലയുണ്ട്. 

50 രൂപയല്ലേ അങ്ങോട്ട് പോട്ടന്നേ!

ചെറിയ നോട്ടുകള്‍ക്ക് വില കുറവാണ്. പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ അങ്ങിനെയല്ല. നിങ്ങള്‍ ടി വി വാങ്ങിക്കാനായി ഒരു കടയില്‍ പോകുന്നു. ടി വിയുടെ വില 28,550 രൂപയാണെന്ന് കടക്കാരന്‍ പറയുന്നു. അപ്പോള്‍ അടുത്തു നില്‍ക്കുന്ന മറ്റൊരു കസ്റ്റമര്‍ നിങ്ങളോട് പറയുകയാണ്. അഞ്ച് കടകള്‍ക്കപ്പുറം ഒരു ഷോറൂമില്‍ വില 28,500 മാത്രമേ ഉള്ളൂ എന്ന്. നിങ്ങള്‍ ഈ കടയില്‍ നിന്നിറങ്ങി സ്വല്‍പം നടന്ന് അങ്ങോട്ട് പോകുവാനുള്ള സാധ്യത എത്രമാത്രമാണ്?

ഇനി ഇതേ രീതിയിലുള്ള മറ്റൊരു അവസരം പരിശോധിക്കാം. നിങ്ങള്‍ ഒരു പുസ്തകം വാങ്ങാനായി ഒരു കടയില്‍ പോകുന്നു. അവിടെ അതിന്റെ വില 250 രൂപയാണെന്ന് അറിയുന്നു. ഇതേ പുസ്തകം കുറച്ചപ്പുറത്തുള്ള കടയില്‍ 200 രൂപയ്ക്ക് കിട്ടുമെന്നറിഞ്ഞാല്‍ നിങ്ങള്‍ അങ്ങോട്ട് പോകില്ലേ? തീര്‍ച്ചയായും പോകും. ഇവിടെ 200 എന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 50 രൂപ എന്നത് വലിയ തുകയായി തോന്നുമെങ്കിലും 28,500ന്റെ കൂടെയായപ്പോള്‍ അതൊരു ചെറിയ തുകയായി. ഇവിടെയാണ് ചിന്തിക്കേണ്ടത്. 50 രൂപ ഒരു ചെറിയ തുകയേ അല്ല. 

ഇതു പോലെ പലതവണ മടികൊണ്ട് എത്രമാത്രം പണം നാം അനാവശ്യമായി ചെലവാക്കിയിട്ടുണ്ട്. ഇന്ന് നമ്മൾ ഓരോ രൂപയും വളരെ സൂക്ഷിച്ചാണ് ചെലവാക്കുന്നത്. ഇതുപോലെ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ സൂക്ഷിച്ചിരുന്നെങ്കില്‍ നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ പതിനായിരങ്ങള്‍ ഉണ്ടായേനേ. പക്ഷെ ഖേദിക്കേണ്ട. ഇന്നു മുതല്‍ ശീലിച്ചാല്‍ മതി.

രണ്ടല്ല മൂന്നു വട്ടം ചിന്തിക്കണം

നമ്മുടെ സന്തോഷങ്ങള്‍ക്ക് തടസം വരാതെയും അതേസമയം കീശ കീറാതെയും ഇടപാടുകള്‍ നിയന്ത്രിക്കണം. ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെങ്കില്‍ ചിലവാക്കുന്നതു കൊണ്ട് കുഴപ്പമില്ല. പക്ഷെ അല്ലാത്ത പക്ഷം ഉടന്‍ തന്നെ മസ്തിഷ്‌കത്തിന്റെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്. ഒരു ഉദാഹരണം ശ്രദ്ധിക്കാം. 

കുടുംബസമേതം ഒരു എക്‌സിബിഷന്‍ കാണാനുള്ള 100 രൂപ വിലയുള്ള അഞ്ച് പാസുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങള്‍ വീട്ടിലെ എല്ലാവരെയും കൂട്ടി എക്‌സിബിഷന്‍ കാണാന്‍ പോകുന്നു. അകത്തു കയറാനായി ക്യൂവില്‍ നില്‍ക്കുന്നതിനിടയില്‍ നിങ്ങളുടെ കൈയില്‍ നിന്നും പാസ് നഷ്ടമാകുന്നു. നിങ്ങള്‍ എന്താണ് ചെയ്യുക? മിക്കവാറും അടുത്ത കൗണ്ടറില്‍ നിന്ന് പാസ് വാങ്ങി അകത്തു കയറാന്‍ ശ്രമിക്കും അല്ലേ? 

ഇനി ഇതു തന്നെ മറ്റൊരു പശ്ചാലത്തില്‍ നോക്കാം. എക്‌സിബിഷനു പോകാനായി ഒരുങ്ങുന്നതിനിടെ വീട്ടില്‍ വെച്ച് പാസ് കാണാതെ പോകുന്നു. എല്ലാ മുറിയിലും തിരഞ്ഞിട്ടും പാസ് കിട്ടുന്നില്ല. നിങ്ങള്‍ എന്തു ചെയ്യും.? ഉറപ്പായും യാത്ര വേണ്ടെന്നും വെയ്ക്കും. അല്ലേ?

ഈ രണ്ടു സന്ദര്‍ഭങ്ങളിലും സംഭവിച്ചത് ഒന്നു തന്നെയാണ്. പാസ് നഷ്ടപ്പെടുക. പക്ഷെ നടന്നത് രണ്ടു സ്ഥലങ്ങളിലാണെന്നു മാത്രം. ആദ്യത്തെ അവസരത്തില്‍ നിങ്ങള്‍ മാനസികമായും ശാരീരികമായും എക്‌സിബിഷന്‍ കാണാന്‍ തയ്യാറായിക്കഴിഞ്ഞു. കൂടുതലും അതിലേക്ക് മുഴുകി. അതുകൊണ്ട് എങ്ങിനെയും അത് കാണാനുള്ള ആഗ്രഹം ഉണ്ടായി. ചിലപ്പോള്‍ നിങ്ങള്‍ അത് ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കില്ല. പക്ഷെ സ്ഥലവും സന്ദര്‍ഭവും നിങ്ങളെ അതിലേക്ക് പ്രേരിപ്പിച്ചു. രണ്ടാമത്തെ അവസരത്തില്‍ നിങ്ങള്‍ സ്വന്തം വീട്ടിലാണ് ഉള്ളത്. മാനസികമായും ശാരീരികമായും എക്‌സിബിഷന്‍ എന്ന പ്രക്രിയയിലേക്ക് കാലൂന്നിയിട്ടില്ല. അതുകൊണ്ട് പോക്ക് വേണ്ടെന്ന് വെയ്ക്കാന്‍ സാധിച്ചു. 

നിങ്ങള്‍ ആദ്യത്തെ സന്ദര്‍ഭത്തില്‍ മനസ്സിനോടും രണ്ടാമത്തെ അവസരത്തില്‍ ബുദ്ധിയോടുമാണ് അനുവാദം ചോദിച്ചത്. ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യത്തില്‍ ഈയൊരു സന്ദര്‍ഭത്തെയാണ് നാം വിവേകപൂര്‍വം നേരിടേണ്ടത്. ജോലിക്കും സമ്പത്തിനും ആപത്തു നേരിടാന്‍ സാധ്യതയുള്ള ഇന്ന്, തീരുമാനങ്ങളെടുക്കുമ്പോള്‍ കൂടുതലും ബുദ്ധിയോടു ചോദിക്കേണ്ടതുണ്ട്. എന്നു വെച്ച് മനസ്സിനെ വേദനിപ്പിക്കാതെയും ശ്രദ്ധിക്കണം. അതുകൊണ്ട് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രണ്ടല്ല, മൂന്നു വട്ടമെങ്കിലും ആലോചിച്ച് ഒഴിച്ചു കൂടാനാകാത്തതാണെങ്കില്‍ മാത്രം പണം ചെലവാക്കുക. 

നാം കരുതുന്നതിലും വിശ്വസിക്കുന്നതിലും അപ്പുറമായിരിക്കും കോവിഡ് നമ്മുടെ ജീവിതങ്ങളില്‍ ഏല്‍പിക്കാന്‍ പോകുന്ന പ്രഹരം. നമ്മുടെ സാമ്പത്തിക സ്ഥിതി താറുമാറാകാതിരിക്കാന്‍ ചില മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 

1. കുറഞ്ഞത് ആറു മാസത്തേക്കുള്ള ചിലവിനുള്ള പണമെങ്കിലും ക്യാഷായി ബാങ്കില്‍, അനായാസമായി പിന്‍വലിക്കാവുന്ന തരത്തില്‍ കരുതുക. വായ്പാ അടവുകളും മറ്റ് ഇന്‍ഷുറന്‍സ് അടവുകളും ഇതില്‍ ഉള്‍പ്പെടും. 

2 വലിയ മൂലധനം വേണ്ടിവരുന്ന നിക്ഷേപങ്ങള്‍ തല്‍ക്കാലം നടത്താതിരിക്കുക. നടത്തുന്നുണ്ടെങ്കില്‍ അത് ഇന്നത്തെ അവസ്ഥയില്‍ അത്യാവശ്യമുള്ള എന്തെങ്കിലും വസ്തുവിനെ ഉദ്ദേശിച്ചായിരിക്കണം. 

3 നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുക. നാം വര്‍ഷങ്ങളായി ഉണ്ടാക്കിയിട്ടുള്ള നീക്കിയിരിപ്പുകള്‍ ക്ഷണനേരം കൊണ്ട് ഇല്ലാതാക്കാന്‍ ആശുപത്രി ചെലവുകള്‍ക്ക് സാധിക്കും.

4.ഓണനാളുകളിൽ പുതിയ അച്ചടക്കങ്ങള്‍ തുടങ്ങിവെയ്ക്കുക. ഈ ഓണ നാളുകളിൽ എല്ലാവരുടെയും ജീവിതത്തില്‍ പൊന്‍തിളക്കമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നിക്ഷേപകാര്യവിദഗ്ധനാണ്

English Summary : Develop a Smart Spending Habit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA