ADVERTISEMENT

ഒരു പ്രമുഖ ബാങ്കില്‍ നിന്ന് ഭവനവായ്പയെടുത്ത രാജീവിന്റെ അനുഭവം നോക്കൂ. ശമ്പളവരുമാനമില്ലെങ്കിലും രണ്ട് ഭവനവായ്പകളിലായി മാസഗഡുവായ 22,000 രൂപ കൃത്യമായി സേവിങ്സ് അക്കൗണ്ടില്‍ അടയ്ക്കുന്നയാളാണ് രാജീവ്. കഴിഞ്ഞ 9 വര്‍ഷമായി ക്രമം തെറ്റാതെ ഇത് ചെയ്ത് വരുന്നു. മോറട്ടോറിയം പ്രഖ്യാപിക്കപ്പെട്ടതോടെ പലിശ പിന്നീട് കുടിശികയായി വരുമെന്നതിനാല്‍ മോറട്ടോറിയം സ്വീകരിക്കാതെ ചിട്ടയോടെ തന്നെ തന്റെ വായ്പ ഗഡു അടയ്ക്കാന്‍ രാജീവ് തീരുമാനിച്ചു. 

ശാഖാ മാനേജരെ ബന്ധപ്പെട്ടപ്പോള്‍ മോറട്ടോറിയം വേണ്ടെങ്കില്‍ പ്രശ്‌നമില്ല അടവ് തുടര്‍ന്നാല്‍ മതി എന്നായിരുന്നു നിര്‍ദേശം. അതനുസരിച്ച് പതിവ് പോലെ സേവിങ്സ് അക്കൗണ്ടിലേക്ക് മാസതിരിച്ചടവ് തുടര്‍ന്നുകൊണ്ടിരുന്നു.

അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച സന്ദേശം മൊബൈലില്‍ എത്താറുണ്ടെങ്കിലും ഇതു കൃത്യമായി കിട്ടുകയോ പിന്തുടരുകയോ ചെയ്തിരുന്നുമില്ല. പിന്നീട് ഓഗസ്റ്റില്‍ ലഭിച്ച സന്ദേശത്തില്‍ സേവിങ്സ് അക്കൗണ്ടില്‍ പ്രതീക്ഷിക്കാത്ത തുക കണ്ട് രാജീവ് ഞെട്ടി. ബാങ്കില്‍ എത്തി വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഗതി മനസിലായത്. ഭവനവായ്പയുടെ മാസതിരിച്ചടവായി സേവിങ്സ് അക്കൗണ്ടില്‍ കൃത്യമായി അടച്ചുകൊണ്ടിരുന്ന പണം വായ്പ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നില്ല. കാരണം മോറട്ടോറിയം വേണ്ട എന്ന് രേഖാമൂലം ബാങ്കിനെ അറിയിച്ചിരുന്നില്ല! ഇത് രേഖാമൂലമോ സന്ദേശം വഴിയോ അറിയിച്ചിരിക്കണമായിരുന്നു.  എന്തായാലും അക്കൗണ്ടില്‍ കിടന്ന പണം മുഴുവനായും ലോണ്‍ അക്കൗണ്ടിലേക്ക് മാറ്റി പ്രശ്‌നം തൽക്കാലം അവസാനിപ്പിച്ചു.

 

പലിശ നല്‍കേണ്ടി വരുമോ?

മോറട്ടോറിയം കാലമായതിനാലാണ് ഈ കേസില്‍ ഇടപാടുകാരനെ ബാങ്ക് ബന്ധപ്പെടാതിരുന്നത്. അല്ലെങ്കില്‍ മൂന്ന് മാസത്തെ അടവ് മുടങ്ങിയാല്‍ ബാങ്കില്‍ നിന്ന് അറിയിപ്പ് വരുമായിരുന്നു. ഇവിടെ വായ്പ എടുത്തയാള്‍ സേവിങ്സ് അക്കൗണ്ടിലേക്ക് പണം അടച്ചു എങ്കിലും ആ തുക വായ്പയിലേക്ക്് പോയിട്ടില്ല. അതുകൊണ്ട് ഇക്കാലയളവിലെ പലിശ നൽകേണ്ടിയും വരും. സ്വാഭാവികമായും വായ്പാ മോറട്ടോറിയം സ്വീകരിച്ച ആള്‍ എന്ന നിലയ്ക്കാകും ഇത് പരിഗണിക്കപ്പെടുക. 

വായ്പ മോറട്ടോറിയം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല എന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും പിന്നീട് വായ്പ ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മോറട്ടോറിയം സ്വീകരിക്കാത്തവര്‍ക്ക് ബാങ്കുകള്‍ മുന്തിയ പരിഗണന നല്‍കുക സ്വാഭാവികമാണ്. 

ബാങ്കിനെ ബന്ധപ്പെട്ട് ഉറപ്പാക്കുക

ആര്‍ ബി ഐ നിര്‍ദേശിച്ച മോറട്ടോറിയം അവസാനിച്ചതോടെ വായ്പ തിരിച്ചടവ് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബറില്‍ തുടങ്ങി. മോറട്ടോറിയം കാലത്തെ പലിശയിളവ് സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ അന്തിമ വിധിയ്ക്കായി കാക്കുകയാണ്. എന്തായാലും വായ്പ തിരിച്ചടവ് സേവിങ്സ് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ചെയ്യുന്നവരും ബാങ്ക് സന്ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തവരും തങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. ബാങ്കിൽ നിന്നു ലഭിക്കുന്ന മെസേജുകൾ വായിക്കാനും സമയം കണ്ടെത്തുക.

English Summary: Contact Your Bank to Know the Details of your Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com