ADVERTISEMENT

വിദേശത്ത് താമസിക്കുന്ന ആരും ഭയക്കുന്ന ഒന്നാണ് മെഡിക്കല്‍ ബില്ല്. സന്ദര്‍ശനത്തിനോ അല്ലാതെയോ വിദേശത്തെത്തുന്ന ആള്‍ക്ക് അപ്രതീക്ഷിതമായി അസുഖം പിടിപെട്ടാല്‍ പെട്ടത് തന്നെ. അത്രയ്ക്ക് വലുതാണ് മിക്കവാറും രാജ്യങ്ങളിലെ ചികിൽസാചെലവ്. മുമ്പ് ട്രാവല്‍ എജന്‍സികള്‍ വിദേശ യാത്രാ ടിക്കറ്റുകളോടൊപ്പം ഇന്‍ഷൂറന്‍സും കൂടി ഉള്‍പെടുത്തിയുള്ള പാക്കേജ് പറയുമ്പോള്‍ വിമുഖത കാണിച്ചിരുന്ന യാത്രക്കാര്‍ പലരും ഇന്ന് അത് ചോദിച്ചു വാങ്ങുന്നു. കാരണം കോവിഡ് തന്നെ. കോവിഡ് ആരോഗ്യരംഗത്തുണ്ടാക്കിയ ആശങ്ക ഭയങ്കരമാണ്. വിദേശത്തെ താമസകാലത്ത് എങ്ങാനും അസുഖം പിടിപെട്ടാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യത ഒരു പുരുഷായുസുകൊണ്ട് പോലും തിരിച്ച് പിടിക്കാനാവാത്തതായിരിക്കും. അത്രയേറെ ചെലവാണ് ആശുപത്രി വാസത്തിന്.

പ്രായം

വിദേശയാത്രികര്‍ക്കുള്ള ഇന്‍ഷൂറന്‍സിന് പരിഗണിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പ്രായം. പ്രായം  കൂടിയ യാത്രക്കാര്‍ക്ക് റിസ്‌ക് കൂടുതലായതിനാല്‍ പ്രീമിയത്തിലും വ്യത്യാസമുണ്ടാകും. വിദേശത്ത് ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ തുക അല്‍പ്പം കൂടിയാലും പ്രായത്തിന്റെ റിസ്‌ക് കവര്‍ ചെയ്യാന്‍ പോളിസി എടുക്കുന്നതാണ് നല്ലത്.

തങ്ങുന്ന ദിവസങ്ങള്‍

ഒറ്റത്തവണ ഇന്‍ഷൂറന്‍സ് പോളിസി എടുക്കുമ്പോള്‍ ഏത് രാജ്യത്തേക്കാണോ യാത്ര അവിടെ തങ്ങുന്ന സമയം പ്രധാന ഘടകമാണ്. കുറച്ച് ദിവസത്തെ ട്രിപ്പാണെങ്കില്‍ പ്രീമിയം കുറച്ച് മതിയാകും. കൂടുതല്‍ ദിവസം തങ്ങണമെങ്കില്‍ പ്രീമിയത്തിലും അതിനനുസരിച്ച് വര്‍ധനയുണ്ടാകും. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുളള യാത്രയ്ക്ക് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

50,000 ഡോളറിന്റെ കവറേജ്

 ഓരോ രാജ്യത്തിന് വേണ്ടിയുള്ള പ്രത്യേക പദ്ധതികളും എല്ലാ സ്ഥലത്തേയ്ക്കും ബാധകമായ ഒറ്റ പോളിസികളും ലഭ്യമാണ്. ആവശ്യക്കാര്‍ അവരവരുടെ താത്പര്യമനുസരിച്ച് വേണം തിരഞ്ഞെടുക്കാന്‍. 1200 രൂപയ്ക്ക് അരലക്ഷം ഡോളര്‍ വരെ കവറേജ് ഉള്ള പോളിസികളുണ്ട്. ഓരോ രാജ്യത്തിനനുസരിച്ചും പോകുന്ന ആളുകള്‍, യാത്രാ സ്ഥലം, ആവശ്യം, ദിവസം എന്നിവ അനുസരിച്ചും ആയിരിക്കും പ്രീമിയം തുക. ട്രിപ് കാന്‍സലേഷന്‍, ബാഗേജ് ലോസ്, ഫ്‌ളൈറ്റ് മിസിങ്, അപകടം, അപ്രതീക്ഷിത അസുഖങ്ങള്‍ തുടങ്ങിയവ പോളിസികളുടെ സ്വഭാവമനുസരിച്ച് കവറേജില്‍ വരും. ബന്ധപ്പെട്ട  ടൂര്‍ ഓപ്പറേറ്റര്‍മാരോട് അന്വേഷിച്ചാല്‍ വിവരങ്ങള്‍ ലഭ്യമാകും.

യാത്രക്കാര്‍ കരുതേണ്ടത്

കോവിഡ് കാലമായതിനാല്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കേണ്ടത് ഒരോരുത്തരുടെയും കടമയാണ്. ഇതിന്റെ ഭാഗമായി ഒരോ യാത്രക്കാരും പി പി ഇ കിറ്റ് (ആവശ്യമുണ്ടെങ്കില്‍) കരുതണം. കൂടാതെ യാത്രയുടെ ദൈര്‍ഘ്യമനുസരിച്ച് ഗ്ലൗസുകള്‍, എന്‍ 95 മാസ്‌ക്, സാനിറ്റൈസര്‍, ഷീല്‍ഡ് എന്നിവ കരുതണം. ഇതില്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ എയര്‍ലൈന്‍ കമ്പനികള്‍ നല്‍കും.

വിദേശ കറന്‍സികള്‍

ഇന്ത്യയില്‍ കോവിഡ്ബാധ രൂക്ഷമായതിനാല്‍ തുടക്കകാലത്തേ പോലെ വിദേശത്ത് നിന്ന് ഇങ്ങോട്ടുള്ള യാത്രകള്‍ ഇല്ല. അതേ സമയം ഇങ്ങോട്ടെത്തിയവര്‍ കൂട്ടത്തോടെ തിരികെ പോകുവാനും തുടങ്ങുന്നു. ഇത് ഇവിടെ വിദേശ കറന്‍സികള്‍ക്ക് പ്രത്യേകിച്ച ഡോളര്‍ ക്ഷാമത്തിന് കാരണമാകുന്നുണ്ട്. പോകുന്നവര്‍ക്ക് ആവശ്യാനുസരണം ഡോളര്‍ മാറ്റി നല്‍കുന്നതിന് പ്രതിസന്ധിയുണ്ട്. തന്നെയുമല്ല കൂടുതല്‍ രേഖകളും ഫോറിന്‍ കറന്‍സി കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് പോകുന്നതിന് അവസാന ദിവസങ്ങളിലേക്ക് കാത്തിരിക്കാതെ കറന്‍സികള്‍ ആവശ്യത്തിന് കൈവശം കരുതേണ്ടതാണ്.

English Summary :Foreign Travel Insurance Becoming Popular

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com