ADVERTISEMENT

അപ്രതീക്ഷിതമായിട്ടായിരുന്നു അനീഷിന്റെയും ഭാര്യ നീതുവിന്റെയും നാട്ടിലേക്കുള്ള വരവ്. അമ്മയ്ക്ക്് അസുഖം കൂടിയതിനാല്‍ മാര്‍ച്ച്് 13ന്  നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. മകന്‍ അഞ്ചാം ക്ലാസുകാരന് പരീക്ഷയായതിനാല്‍ കൂടെ കൂട്ടാനുമായില്ല. ബഹ്‌റിനില്‍ നഴ്‌സായ നീതുവും ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന അനീഷും പരമാവധി പത്ത് ദിവസം കണക്കാക്കിയാണ് നാട്ടിലേക്ക് തിരിച്ചത്. കുട്ടിയെ സുഹൃത്തിന്റെ കുടുംബത്തോടൊപ്പം ആക്കിയായിരുന്നു വരവ്. കൊറോണ വൈറസിനെ കുറിച്ച് കേട്ടിരുന്നുവെങ്കിലും ഇത്ര പ്രശ്‌നമാകുമെന്ന് ഇരുവരും കരുതിയില്ല.

നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞതോടെ സ്ഥിതി മാറി. രാജ്യം ലോക്ഡൗണിലേക്ക് പോയതിന് പിന്നാലെ വിദേശ രാജ്യങ്ങളും പ്രവേശന വഴികള്‍ ഒന്നൊന്നായി അടച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് പോകാനാവാത്ത അവസ്ഥ. ഐ ടി മേഖലയായതിനാല്‍ അനീഷിന്റെ ജോലി കമ്പനി വര്‍ക്ക് ഫ്രം ഹോം ആക്കി. എന്നാല്‍ നീതുവിന്റെ ജോലി തന്നെ പോകുമെന്ന അവസ്ഥയാണ്. കുട്ടിയാണെങ്കില്‍ ഏഴ് മാസമായി അവിടെ ഒറ്റയ്ക്ക്. എന്തു ചെയ്യും?  

നിനച്ചിരിക്കാതെ വന്ന കോവിഡ് ഇതുപോലെ നിരവധി കുടുംബങ്ങളെയാണ് മാസങ്ങളോളം കണ്ണീരു കുടിപ്പിച്ചത്. ഇപ്പോള്‍ യാത്രാ വിലക്കില്‍ അയവ് വരുത്തി തുടങ്ങിയതോടെ ഇങ്ങനെ പിരിഞ്ഞുപോയ കണ്ണികള്‍ കൂടിചേരാനുളള തിരക്കിലാണ്. പല വിദേശ രാജ്യങ്ങളിലേക്കും യാത്രാ വാതിലുകള്‍ തുറന്നിട്ടുണ്ടെങ്കിലും ഒരുപാട് ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നു.

അന്വേഷണമേറുന്നു

വിദേശ രാജ്യങ്ങളിലേക്കുളള യാത്രകളുടെ എന്‍ക്വയറി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വ്യാപകമായി കൊണ്ടിരിക്കുന്നു. കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് റദ്ദാക്കിയ വിദേശ യാത്രകള്‍ പുനഃസ്ഥാപിച്ച് വരികയാണ് മലയാളികള്‍ എന്നാണ് ട്രാവല്‍ മേഖലയിലുള്ള സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നത്. തിരക്ക് ഏറി വരുന്നതോടെ ടിക്കറ്റ് ലഭിക്കുക ബുദ്ധിമുട്ടാകുന്നു. വിമാനങ്ങൾ കുറച്ചേയുള്ളു എന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.  കോവിഡ് നിയന്ത്രാതീതമായി തുടരുന്നതിനാല്‍ യാത്ര മുമ്പത്തേ മാതിരി അത്ര ലളിതമല്ല. പലവിധ നൂലാമാലകളാണ്. യാത്രയുടെ ചട്ടങ്ങളാകട്ടെ ഒരോ രാജ്യത്തിനും വ്യത്യസ്തവുമാണ്. ചില രാജ്യങ്ങള്‍ പ്രാദേശിക, പ്രോവിന്‍സ്, സംസ്ഥാന അടിസ്ഥാനത്തിലാണ് വിദേശ യാത്രികര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. ഇതാകട്ടെ അടിക്കടി മാറിക്കൊണ്ടുമിരിക്കും. അതുകൊണ്ട് നിവൃത്തിയില്ലാത്ത കാരണങ്ങളാല്‍ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തുക.

വിദേശയാത്ര അനിവാര്യമായ വിഭാഗം

വീസ കാലാവധി അവസാനിക്കുന്നവര്‍, തൊഴില്‍ പരമായ അനിവാര്യ സാഹചര്യമുള്ളവര്‍, പി ആര്‍ പ്രതിസന്ധിയുള്ളവര്‍ ഇങ്ങനെ ഒഴിച്ചുകൂടാനാകാത്ത കാരണങ്ങളാല്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ അനവധിയാണ്. യാത്രയ്ക്ക് വിമാന ടിക്കറ്റിനും മറ്റ് സഹായങ്ങള്‍ക്കുമായി നെട്ടോട്ടമോടുന്നവരില്‍ സിംഹഭാഗവും ഈ വിഭാഗക്കാരാണ്. വിദേശരാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്നവരും കുടുംബം അവിടെയുമിവിടെയുമായി പോയവരും കോവിഡ് കാലത്തും യാത്രയ്ക്ക് തിരക്ക് കൂട്ടുന്നുണ്ട്. വീസ തീരുന്നതിന് മുമ്പ് എത്തിയില്ലെങ്കിൽ പിന്നീട് പ്രവാസ ജിവിതത്തിന് തടസമായി തീരും. കോവിഡിന് മുമ്പോ അതിന് ശേഷമോ ലീവെടുത്ത് നാട്ടില്‍ വന്നവര്‍ക്കും പോകാതിരിക്കാനാവില്ല. തൊഴില്‍ തന്നെ നഷ്ടപ്പെട്ടേക്കാം എന്ന സ്ഥിതിയാണിവര്‍ക്ക്. അമേരിക്ക,യുറോപ്, ആസ്‌ത്രേലിയ പോലുള്ള രാജ്യങ്ങളില്‍ പി ആര്‍ ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തിലേറെ അവിടെ നിന്ന് വിട്ടു നില്‍ക്കാനാവില്ല. അവിടെയുള്ള മക്കളുടെ അടുത്തേയ്ക്ക് സൗകര്യാര്‍ഥം വര്‍ഷത്തില്‍ ഒരിക്കല്‍ പോയി ബാക്കി സമയം നാട്ടിലെ കാര്യങ്ങള്‍ നോക്കുന്ന നിരവധി മാതാപിതാക്കള്‍ക്ക് പി ആര്‍ പ്രശ്‌നമുണ്ട്. പെര്‍മനന്റ് റെസിഡന്‌റ് സ്റ്റാറ്റസ് നിലനിര്‍ത്തണമെങ്കില്‍ ഇവര്‍ക്ക് തിരിച്ച് പോയേ മതിയാകു. ഇങ്ങനെ ആവശ്യക്കാര്‍ അനവധിയാണെങ്കിലും യാത്രാസൗകര്യം കുറവാണെന്നതാണ് പ്രശ്‌നം.

യാത്ര ചട്ടം ലളിതമാക്കിയ രാജ്യങ്ങള്‍

∙അമേരിക്ക, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് നിലവില്‍ വലിയ പ്രശ്‌നങ്ങളില്ല. 

∙ഡല്‍ഹിയില്‍ നിന്ന്് വന്ദേഭാരത് മിഷന് കീഴിലുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ അമേരിക്ക,ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ദിവസേന എന്ന തോതില്‍ സര്‍വീസ് നടത്തുന്നുണ്ട്. ചില വിദേശ സ്വകാര്യ കമ്പനികളും സര്‍വീസ് നടത്തുന്നുണ്ട്.

∙യുറോപ്യന്‍ രാജ്യങ്ങളില്‍ യാത്രാ വിലക്ക് ഇല്ലാത്തതിനാല്‍ അവിടെ ചെന്നിട്ടും ലക്ഷ്യസ്ഥാനത്തേയ്ക്ക്് പറക്കാം. 

∙ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കാനഡയില്‍ ചില മേഖലകളില്‍ 14 ദിവസത്തെ ക്വാറന്റീന്‍ വേണം. അമേരിക്കയില്‍ ഇത് പോലും നിര്‍ബന്ധമല്ല. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായതിന് ശേഷം കോവിഡ് ടെസ്റ്റ് ചെയ്ത് ജോലിയില്‍ പ്രവേശിക്കാം.

ഗള്‍ഫ് രാജ്യങ്ങള്‍

∙കോവിഡ് കുറയുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ യാത്രാവിലക്കിന്റെ കാര്‍ക്കശ്യത്തില്‍ അയവ് വരുത്താന്‍ തുടങ്ങിയിട്ടുണ്ട്. 

∙ദുബായ്, അബുദാബി, ഷാര്‍ജ, യു എ ഇ എന്നീ രാജ്യങ്ങള്‍ ഓപ്പണാണ്. 

∙യാത്രികരെ സംബന്ധിച്ച് പല വിദേശ രാജ്യങ്ങളും പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളിലെ അവ്യക്തതയാണ് ട്രാവല്‍ ഏജന്‍സികളെയും എയര്‍ലൈന്‍ കമ്പനികളെയും വലയ്ക്കുന്നത്. എന്നാല്‍ ഇപ്പറഞ്ഞ രാജ്യങ്ങളില്‍ ഈ ആശയക്കുഴപ്പമില്ല.

∙അതേസമയം സൗദി അറേബ്യ, ബഹറിന്‍ എന്നിവിടങ്ങളില്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ യാത്ര എളുപ്പമല്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. 

∙സാധാരണ സര്‍വീസ് ഇല്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനങ്ങളാണ് പലപ്പോഴും ഉപയോഗിക്കുന്നത്. കൃത്യമായ മാര്‍ഗ രേഖ ഇല്ലാത്തതിനാല്‍ ഇത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്

∙ബഹ്‌റൈനില്‍ എത്തിപ്പെടണമെങ്കില്‍ ദുബായില്‍ 14 ദിവസം ക്വാറന്റീനിലിരുന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങി വേണം യാത്ര ചെയ്യാന്‍. 

∙അതേ സമയം ഇന്ത്യയില്‍ നിന്നുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ല. 

∙ദുബായില്‍ ഹോട്ടല്‍ മുറിയെടുത്ത് 14 ദിവസം താമസിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങി വേണം യാത്ര ചെയ്യാന്‍. 

∙ഇത് മുന്നില്‍ കണ്ട് ഒമാന്‍ എയര്‍ പോലുള്ള കമ്പനികള്‍ ഇതും കൂടി ഉള്‍പ്പെടുത്തിയുള്ള യാത്രാ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. യാത്ര ഹോട്ടല്‍ താമസം, ഭക്ഷണം, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇവയെല്ലാം കമ്പനികളുടെ ഉത്തരവാദിത്വമായിരിക്കും. വലിയ തുകയാണ് ഇതിന് ഈടാക്കുക. അതുകൊണ്ട് ചെറിയ ജോലിക്കാര്‍ക്കൊന്നും ഇത് പ്രാപ്യമല്ല.

ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്

∙മറ്റേതൊരു രാജ്യത്തെക്കാളും യാത്രയ്ക്ക് നിലവില്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളാണിവ. വിമാനങ്ങള്‍ ഇല്ല എന്നതാണ് പ്രധാനം. 

∙വന്ദേ ഭാരത് വിമാനങ്ങളിലാകട്ടെ യാത്രക്കാരുടെ എണ്ണത്തില്‍ ഈ രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

∙യാത്രക്കാര്‍ തമ്മിലുള്ള അകലം സംബന്ധിച്ച ചട്ടം മൂലം വളരെ കുറച്ച് പേര്‍ക്കേ പോകാനാവു.

∙അതുകൊണ്ട് നിലവില്‍ ഏറ്റവുമധികം എന്‍ക്വയറി ഉള്ളതും എന്നാല്‍ പോകാനാവാത്തതുമായ രാജ്യം ആസ്‌ട്രേലിയ ആണ്. 

∙വിദ്യാര്‍ഥികളും വീസ കാലാവധി കഴിഞ്ഞവരുമടക്കം നിരവധി പേരാണ് തിരക്ക് കൂട്ടുന്നതെങ്കിലും ടിക്കറ്റ് ലഭിക്കുന്നതിനടക്കം വലിയ ബുദ്ധിമുട്ടാണെന്ന് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനികള്‍ പറയുന്നു.

English Summary : Foreign Travel is Turning Tough in these Covid Period 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com