കുറച്ച് റിസ്ക് എടുക്കാനാകുമെങ്കിൽ നേടാം, മൂന്ന് ശതമാനം കൂടുതൽ പലിശ

HIGHLIGHTS
  • നിക്ഷേപിച്ച പണത്തിനോ അതിന് ലഭിക്കുന്ന പലിശയ്‌ക്കോ ഉറപ്പില്ല
grow2
SHARE

പലിശ നിരക്ക് കുറയുമ്പോള്‍ സ്വാഭാവികമായും ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ അനാകര്‍ഷങ്ങളാകും. ഇത് പലിശ വരുമാനത്തില്‍ വലിയ കുറവ് വരുത്തും. നിലവില്‍ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള ശരാശരി പലിശ വരുമാനം അഞ്ച് ശതമാനമാണ്. ഈ സാഹചര്യത്തില്‍ മറ്റ് നിക്ഷേപമാര്‍ഗങ്ങള്‍ ആരായുന്നത് സ്വാഭാവികം. ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന മറ്റൊരു നിക്ഷേപ പദ്ധതിയാണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍.

റേറ്റിംഗ് കൂടുതലുളള (എ എ എ) കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ ഇന്ന് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് രണ്ടോ മൂന്നോ ശതമാനം പലിശ കൂടുതല്‍ ലഭിക്കുമെന്ന ആകര്‍ഷണമാണ് ഇതിനുള്ളത്. ഉദാഹരണത്തിന് എ എ എ റേറ്റിംഗ് ഉള്ള എച്ച് ഡി എഫ് സി ലിമിറ്റഡ്, ഐ സി ഐ സി ഐ ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്നിങ്ങനെയുളള കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ ബാങ്ക് പലിശയേക്കാള്‍ 1-2 ശതമാനമാണ് വാഗ്ദാനം ചെയ്യുന്നത്.  എന്നാല്‍ റിസ്‌ക്  വളരെയേറെ കൂടുതലുളളതായതിനാല്‍ ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുന്നത് നല്ലതാണ്.

നിക്ഷേപത്തിന് ഗ്യാരണ്ടിയില്ല

കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് നിക്ഷേപങ്ങളെ പോലെ ഒരു വിധത്തിലുമുള്ള ഗ്യാരണ്ടിയില്ല. നിക്ഷേപിക്കപ്പെട്ടിരിക്കുന്ന പണത്തിനോ അതിന് ലഭിക്കുന്ന പലിശയ്‌ക്കോ ഇവിടെ ഉറപ്പില്ല. ഈ ഗ്യാരണ്ടിയില്ലായ്മയിലെ റിസ്‌ക് ഫാക്ടറാണ് അധിക പലിശയ്ക്ക് ഇവിടെ കാരണമാകുന്നത്. എപ്പോഴെങ്കിലും പണം നിക്ഷേപിച്ച കമ്പനിയ്ക്ക്് സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ നിക്ഷേപിച്ച പണം പോലും നഷ്ടമായേക്കാം.

പിഴയൊടുക്കണം

സാധാരണ എല്ലാ സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തിലും കാലാവധിയുണ്ടാവാറുണ്ട്. കൂടുതല്‍ സ്ഥാപനങ്ങളും നിക്ഷേപങ്ങള്‍ക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെ ലോക്കിന്‍ ഇന്‍ കാലാവധി നിഷ്‌കര്‍ഷിക്കുന്നു. അതിന് ശേഷവും പണം പിന്‍വലിക്കണമെങ്കില്‍ കാലാവധി എത്തണം. ഇവിടെ ഭാഗീകമായി പിന്‍വലിക്കല്‍ സാധ്യമല്ല. മുഴുവന്‍ തുകയും പിന്‍വലിക്കേണ്ടി വരും. ഇതിന് പലിശയും കുറയ്ക്കും.

പലിശയ്ക്ക് നികുതി

കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശയ്ക്ക് നികുതി ഇളവില്ല. പലിശ ഇവിടെ വരുമാനമായിട്ടാണ് കാണുന്നത്. അതുകൊണ്ട് നിക്ഷേപകന് ബാധകമായ സ്ലാബിനനുസരിച്ച് നികുതിയുണ്ടാകും. അതുകൊണ്ട് ഉയര്‍ന്ന നികുതി സ്ലാബിലുള്ളവര്‍ക്ക് ഇത് ആദായകരമാകില്ല. ഇതൊക്കെയാണെങ്കിലും റിസ്‌ക് എടുക്കാവുന്ന സാഹചര്യത്തിലുള്ള നിക്ഷേപകര്‍ക്ക് ഒരു ഭാഗം എ എ എ റേറ്റിംഗ് ഉള്ള കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപം ആലോചിക്കാവുന്നതാണ്.

English Summary : Coporate Fixed Deposite is Ideal for Risk Taking Investors

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA