ADVERTISEMENT

കുടുംബ ബജറ്റിനേയും ഫിനാന്‍ഷ്യല്‍ പ്ലാനിങിനേയുമെല്ലാം കുറിച്ചു വായിക്കുമ്പോള്‍ നമ്മില്‍ പലരും തീരുമാനിക്കുന്ന ഒരു കാര്യമുണ്ട്. ഇനി എല്ലാം ഒന്ന് ഉഷാറാക്കണം. കണക്കുകളെല്ലാം എഴുതി വെക്കണം. കൃത്യമായ ബജറ്റിങ് നടത്തണം. എല്ലാം പ്ലാന്‍ ചെയ്യണം. വരവു ചെലവു കണക്കുകള്‍ അങ്ങ് എഴുതി വെച്ചതു കൊണ്ടു മാത്രം കുടുംബ ബജറ്റ് ആകില്ലെന്നതു വേറെ കാര്യം. അതിലേക്കു പോലും എത്താതെ ഇങ്ങനെ തീരുമാനിച്ച കാര്യങ്ങളെല്ലാം ഏറെ വൈകാതെ തന്നെ നിലച്ചു പോകുന്നതാണ് പലരുടേയും യഥാര്‍ത്ഥ പ്രശ്‌നം. അതിലേക്കു വഴി വെക്കുന്ന ചെറിയ തടസങ്ങള്‍ കണ്ടെത്താനാണ് നാം ശ്രമിക്കേണ്ടത്. 

നോട്ടു പുസ്തകമോ എക്‌സല്‍ ഷീറ്റോ?

എങ്ങനെയായിരിക്കും നിങ്ങള്‍ കണക്കുകള്‍ എഴുതി തുടങ്ങുക? പഴയ രീതിയാണെങ്കില്‍ ഒരു നോട്ടുപുസ്തകത്തില്‍ എഴുതി വെക്കും. ഇപ്പോള്‍ ലാപ്‌ടോപിലോ മൊബൈലിലോ സൗകര്യം പോലെ ഇതെല്ലാം ചെയ്യാന്‍ സാധിക്കും. എക്‌സല്‍ ഷീറ്റില്‍ വളരെ കൃത്യമായി എല്ലാം ഉള്‍ക്കൊള്ളിക്കാനും ഏതു സമയത്തും എല്ലാ കണക്കുകളും വിശകലനം ചെയ്യാനുമൊക്കെ കഴിയുമല്ലോ. ഇനി അതിലേക്കൊന്നും പോകാതെ തന്നെ നിങ്ങളുടെ വ്യക്തിഗത കണക്കുകള്‍ കൈകാര്യം ചെയ്യാനുള്ള ആപുകളും ലഭ്യമാണ്. അവ ഡൗണ്‍ലോഡു ചെയ്തും ഉപയോഗിക്കാം. 

പക്ഷേ, ആപുകളോ എക്‌സല്‍ ഷീറ്റോ ഉപയോഗിക്കുന്നതിനേക്കാള്‍ സൗകര്യപ്രദം പഴയ രീതിയിലെ നോട്ടു പുസ്തകത്തില്‍ എഴുതുന്നതാണെന്നു കരുതുന്നവരും നിരവധിയുണ്ട്. ചെറുപ്പക്കാരിലും ചിലര്‍ക്ക് വ്യക്തിഗത കണക്കുകള്‍ കടലാസില്‍ എഴുതി സൂക്ഷിക്കാനാണ് താല്‍്പര്യം. അതേ പോലെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ആപുകള്‍ ഉപയോഗിക്കുന്ന മുതിര്‍ന്ന പൗരന്‍മാരും ധാരാളമുണ്ട്. നിങ്ങള്‍ക്ക് ഏതാണ് തൃപ്തികരം എന്നത് അനുസരിച്ചു വേണം കണക്കുകള്‍ എഴുതി സൂക്ഷിക്കുവാന്‍. അതല്ലെങ്കില്‍ രണ്ടോ മൂന്നോ ആഴ്ച അല്ലെങ്കില്‍ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ഇതു നിങ്ങള്‍ക്കു തുടരാനാകാതെ വരും. കുടുംബ ബജറ്റ് തയ്യാറാക്കാന്‍ ആരംഭിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും പരിഗണിക്കേണ്ട ഒരു വിഷയമാണിത്. അതനുസരിച്ച് നിങ്ങളുടെ താല്‍പര്യം മാത്രം പരിഗണിച്ച് കണക്കുകള്‍ കടലാസില്‍ എഴുതുകയോ ഇലക്ട്രോണിക് രീതിയില്‍ എഴുതുകയോ ചെയ്യണം. ആപുകളോ ഷീറ്റുകളോ ഉപയോഗിക്കുകയാണെങ്കില്‍ കടലാസില്‍ എഴുതുന്നതിനെ അപേക്ഷിച്ച് നിരവധി നേട്ടങ്ങളുണ്ട്. പക്ഷേ, അത് തുടരാനാവില്ലെങ്കില്‍ എന്തു ചെയ്യും.

സ്ഥിരം ചെലവുകള്‍ എന്തെല്ലാം?

കുടുംബ ബജറ്റ് തയ്യാറാക്കും മുന്‍പ് ആദ്യം ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണ് സ്ഥിരം ചെലവുകളെ കുറിച്ചു കൃത്യമായ ധാരണ ഉണ്ടാക്കല്‍. വീട്ടു സാധനങ്ങള്‍ വാങ്ങലും വൈദ്യുതി ബില്ലും പോലുള്ളവ എല്ലാവരും മറക്കാതെ ഇതില്‍ ഉള്‍പ്പെടുത്തും. പക്ഷേ, നികുതിയുടെ കാര്യമോ?  ആദായ നികുതി ഓഫിസില്‍ നിന്നു പിടിക്കുന്നതിനാല്‍ അക്കാര്യവും മറന്നേക്കില്ല. കെട്ടിട നികുതി പോലുള്ളവ പലപ്പോഴും മറന്നു പോയേക്കും. ആരാധനാലയങ്ങളിലേക്കു നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക, ചാരിറ്റിക്കായി മാറ്റി വെക്കാന്‍ ഉദ്ദേശിക്കുന്ന തുക എന്നിവയെല്ലാം ഇതേ രീതിയില്‍ കണക്കാക്കണം. ഔപചാരികമായ രീതികളില്‍ നല്‍കുവാന്‍ പോകുന്നതായാലും തികച്ചും അനൗപചാരികമായി സഹായിക്കുവാന്‍ പോകുന്നതായാലും ഈ ഇനത്തില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തണം. 

ഡിജിറ്റല്‍ പെയ്‌മെന്റിനു പ്രാധാന്യം ഏറെ

പണമടക്കലുകള്‍ ഏതു രീതിയില്‍ വേണമെന്ന കാര്യത്തിലും കണക്കു കൂട്ടലുകള്‍ നടത്തുന്നതു നന്നായിരിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി പല ആനുകൂല്യങ്ങളും സൗജന്യങ്ങളും ലഭിക്കുന്നുണ്ട്. അവ പരമാവധി പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ പണമിടപാടുകള്‍ നടത്താനും മുന്‍കൂട്ടി തയ്യാറാകണം. അതു പോലെ തന്നെ ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കുന്നതിനും പ്രാധാന്യം ഏറെയാണ്. ഇതിനായി നേരത്തെ സൂചിപ്പിച്ച രണ്ടു രീതികളിലൊന്നു തെരഞ്ഞെടുക്കണം. ഓണ്‍ലൈന്‍ രീതി പിന്തുടരുന്നവര്‍ നിശ്ചിത ഇടവേളകളില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഡൗണ്‍ലോഡു ചെയ്ത് മറ്റു കണക്കുകളുമായി താരതമ്യം ചെയ്യണം. കടലാസില്‍ എഴുതി വെക്കുന്നവരാണെങ്കില്‍ സ്റ്റേറ്റ്‌മെന്റിന്റെ പ്രിന്റ് ഔട്ട് എടുക്കുന്നതായിരിക്കും നല്ലത്. അങ്ങനെയാണെങ്കില്‍ കണക്കു പരിശോധിക്കുമ്പോള്‍ അത് ബാങ്ക് ഇടപാടുമായി താരതമ്യം ചെയ്യാന്‍ എളുപ്പമായിരിക്കും.

EEnglish Summary : How to Prepare Family Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com