ഒരു പവന്റെ വില കൊടുത്താലും കിട്ടുന്നത് മുക്കാല്‍ പവനോളം മാത്രം

HIGHLIGHTS
  • ഏറ്റവും ലേറ്റസ്റ്റ് ഫാഷനിലുള്ള ആഭരണങ്ങളാണെങ്കില്‍ 35% വരെ പണിക്കൂലിയാകാം
gold-1
SHARE

മകളുടെ വിവാഹത്തിനായി 20 പവന്‍ വാങ്ങാനാണ് വേണുഗോപാല്‍ പോയതെങ്കിലും 23 പവന്റെ വില കൈയില്‍ കരുതിയിരുന്നു. പണിക്കൂലിയും ടാക്‌സും ഒക്കെ  വരുമല്ലോ? പക്ഷേ എന്നിട്ടും വാങ്ങാനായത് 17 പവന്‍ മാത്രം. അതായത് 23 പവന്റെ വിലയ്ക്ക് കിട്ടിയത് 17 പവന്‍ മാത്രം.

ഇതു വേണുഗോപാലിന്റെ മാത്രം അനുഭവമല്ല. സ്വര്‍ണാഭരണം വാങ്ങാന്‍ ജ്വല്ലറിയിലെത്തുന്ന ഓരോരുത്തരുടേയും അനുഭവമാണ്. കൈയില്‍ കരുതുന്ന തുകയ്ക്ക് ഉദ്ദേശിച്ചത്ര ആഭരണം വാങ്ങാന്‍ കഴിയില്ലെന്നത്.

എല്ലാവരും പറയും സ്വര്‍ണം വില്‍ക്കുമ്പോളാണ് നഷ്ടം സംഭവിക്കുക എന്ന്. പക്ഷേ അറിയുക ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് കാല്‍ പവനോളം കുറവ് സംഭവിക്കുന്നു. ഇനി ഏറ്റവും ലേറ്റസ്റ്റ് ഫാഷനിലുള്ളതോ, കല്ലോ മറ്റു വസ്തുക്കളോ ചേര്‍ത്ത് മോടി പിടിപ്പിച്ചതോ ഒക്കെയായ ആഭരണങ്ങളാണെങ്കില്‍ ഈ കുറവ് 35% വരെയാകാം.അതായത് പത്തു പവന്‍ വാങ്ങുമ്പോള്‍ മൂന്നര പവന്റേതിനേക്കാള്‍ വില നിങ്ങള്‍ അധികമായി നല്‍കേണ്ടി വരും.

വില്ലന്‍മാര്‍ രണ്ട്

പണിക്കൂലിയും നികുതിയുമാണ് ഇവിടെ വില്ലനാകുന്നത്. ഇത് രണ്ടും സ്വര്‍ണം വാങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ക്കു നഷ്ടപ്പെടുന്ന തുകയാണ്.  ഇതേ സ്വര്‍ണം വില്‍ക്കാന്‍ ചെന്നാല്‍ അവിടേയും നല്ലൊരു തുക നഷ്ടമാകും. ഇനി പഴയതു മാറി പുതിയതു വാങ്ങുമ്പോള്‍ അപ്പോളും പണിക്കൂലി, നികുതി ഇനത്തില്‍ നല്ലൊരു തുക അധികമായി നല്‍കുകയും വേണം. അതായത് പഴയ സ്വര്‍ണാഭരണം മാറ്റി വാങ്ങുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇരട്ടി നഷ്ടമാണ്.

സ്വര്‍ണവില കൂടുമ്പോള്‍ പണിക്കൂലിയും കൂടും  

ഒരു ആഭരണത്തിന്റെ പണിക്കൂലിയായി ഈടാക്കുന്നത് ഒരു നിശ്ചിത തുകയല്ല. മറിച്ച് സ്വര്‍ണവിലയുടെ നിശ്ചിത  ശതമാനമാണ്. അതായത്  സ്വര്‍ണ വില കൂടുന്നതനുസരിച്ച്  നിങ്ങള്‍  നല്‍കേണ്ട പണിക്കൂലിയും കൂടും.

എട്ടു മുതല്‍ 35% വരെ

സ്വര്‍ണവിലയുടെ എട്ടു മുതല്‍ 35 % വരെയാണ് പണിക്കൂലിയായി ഈടാക്കുന്നത്. ഏറ്റവും ലളിതമായ ഡിസൈനുകള്‍ക്കും സാദാ ചെയിന്‍, വള എന്നിവയ്ക്കൊക്കെയാണ് പണിക്കൂലി കുറവ്.

എന്നാല്‍  ഭൂരിഭാഗം ആഭരണങ്ങള്‍ക്കും പണിക്കൂലി 20% ത്തിനടുത്താണ്.ആന്റിക്, ട്രെന്‍ഡി ഡിസൈനുകള്‍ക്ക് അതു 35% വരെ ഉയരും. അതായത് നാലു പവന്റെ വില കൊടുത്താലും മൂന്നു പവന്റെ ആഭരണം കിട്ടില്ല.

നികുതി മൂന്നു ശതമാനം

 മൊത്തം വിലയില്‍ ആണ് നികുതി ഈടാക്കുക.അതായത് സ്വര്‍ണവിലയില്‍ എട്ടു മുതല്‍ 35% വരെ ശതമാനം പണിക്കൂലി. ഈ പണിക്കൂലി അടക്കമുള്ള മൊത്തം വിലയില്‍ മൂന്നു ശതമാനം നികുതി കൂടി പിടിക്കും. സ്വര്‍ണവില കൂടുന്ന സമയത്താണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി എന്ന പോലെ തന്നെ നികുതി തുകയും കൂടും.

നഷ്ടമെന്നു പറയാനാകില്ല

എന്നാല്‍  വ്യത്യസ്തമായ മികച്ച ഡിസൈനിലുള്ള ആഭരണങ്ങള്‍ ധരിക്കണമെങ്കില്‍ അതിനു കൂടുതല്‍  വില നല്‍കിയേ മതിയാകൂ. കാരണം സ്വര്‍ണാഭരണ നിര്‍മാണം എന്നത് ഏറെ വൈദഗ്ധ്യവും പരിചയസമ്പത്തും ആവശ്യമായ ഒന്നാണ്. അതിനു അതിന്റേതായ വില നല്‍കിയേ മതിയാകൂ.അതായത് ഇഷ്ടാനുസരണം അണിയാന്‍ ആഭരണം വാങ്ങുന്നവരെ സംബന്ധിച്ച്  പണിക്കൂലി നഷ്ടമാണെന്നു പറയാനാകില്ല.അതുപോലെ ആഭരണങ്ങള്‍ ട്രെന്‍ഡിനു അനുസരിച്ചു മാറ്റി വാങ്ങുന്നവരും സംഭവിക്കുന്ന വന്‍നഷ്ടത്തെ കുറിച്ച് ആശങ്കപ്പെടുന്നതില്‍ അര്‍ത്ഥമില്ല

എന്നാല്‍ നിക്ഷേപം എന്ന നിലയിലാണെങ്കിൽ അതിനായി ആഭരണം വാങ്ങുന്നത് വലിയ നഷ്ടമാണ്.

English Summary : Gold Ornament is not a Good Investment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA