ADVERTISEMENT

ആവശ്യത്തിനു മാത്രം ചെലവഴിക്കുക എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ഓൺലൈനിൽ ബിഗ് ബില്യൺ ഡേയ്സും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമൊക്കെ പൊടിപൊടിക്കാൻ തുടങ്ങിയിരിക്കുന്നത്. സമ്പർക്കമൊഴിവാക്കി കോവിഡിനെ അകറ്റി നിർത്തുന്നതോടൊപ്പം കാര്യമായ വിലക്കുറവിൽ വേണ്ടതെല്ലാം വാങ്ങാൻ ഓൺലൈൻ ഷോപ്പിങ് അവസരമൊരുക്കുന്നുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിലെ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെ ലാഭകരമാക്കാം എന്നെല്ലാം അറിയുക. 

ഇപ്പോൾ വീട്ടുസാധനങ്ങളും പച്ചക്കറിയും വരെ ഓൺലൈനിലൂടെ വാങ്ങുന്ന ശീലം സാധാരണക്കാർക്കിടയിലും ഉൾപ്രദേശങ്ങളിലുമൊക്കെ പതിവായിക്കഴിഞ്ഞു. ഫ്രിഡ്ജും ടിവിയും വാഷിങ് മെഷീനും മൈക്രോവേവ് ഓവനും എസിയുമെല്ലാം ഇന്ന് ഓൺലൈനിലൂടെയാണ് പലരും വാങ്ങുന്നത്.

ഓൺലൈൻ ഷോപ്പിങ്ങിലെ നേട്ടം

∙കോവിഡ് പേടി വേണ്ട– കടയിൽ പോയി മറ്റുള്ളവരുമായി ഇടപഴകുമ്പോൾ കോവിഡ് പേടിയാണ് മുന്നിൽ. അത്തരം ആശങ്കയില്ലാതെ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം  

∙ പണം ലാഭം– കാഷ്ബാക്ക്, കൂപ്പൺ കോഡുകൾ, കാർഡ് േപയ്മെന്റ് ഡിസ്കൗണ്ടുകൾ തുടങ്ങിയവ വഴി പണം ലഭിക്കാം. അതോടൊപ്പം ഓഫറുകൾ ഉള്ള ബിഗ് ബില്യൺ പോലുള്ള ദിവസങ്ങളിൽ കൂടുതൽ ലാഭം നേടാം.

∙ ഹോം ‍െഡലിവറി– കടയിൽ പോകാതെ, ബില്ലടയ്ക്കാൻ ക്യൂ നിൽക്കാതെ, സാമൂഹിക സമ്പർക്കം ഒഴിവാക്കി വാങ്ങാം. വാങ്ങിയ സാധനങ്ങൾ വീട്ടിലെത്തും.  

∙ സമയലാഭം– രാത്രിയോ രാവിലെയോ സ്വന്തം സൗകര്യമനുസരിച്ച് പർച്ചേസ് നടത്താം. മാത്രമല്ല, ഇഷ്ടപ്പെട്ട സാധനം എളുപ്പം കണ്ടുപിടിക്കാനും വിലകൾ താരതമ്യം ചെയ്യാനും േസവനത്തെയോ ഉൽപന്നത്തെയോ കുറിച്ചുള്ള  വിവരങ്ങൾ മനസ്സിലാക്കാനുമൊക്കെ ഓൺലൈൻ ഷോപ്പിങ് സഹായകരമാണ്. ഉൽപ്പന്നം വാങ്ങിയവരുടെ വിലയിരുത്തൽ മനസിലാക്കാനുമാകും. വാങ്ങിയ ഉൽപന്നം മടക്കി നൽകേണ്ട അവസ്ഥ വന്നാൽ അതിനും അവസരമുണ്ട്.

കാഷ് ഓൺ ഡെലിവറി വേണ്ട

പണം കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാമെന്നു മാത്രമല്ല, പല ഓൺലൈൻ കമ്പനികളും കാർഡ് പേയ്മെന്റ് ആണെങ്കിൽ ചില ഓഫറുകൾ കൂടി നൽകുന്നുണ്ട്. ഓരോ സാധനം വാങ്ങുമ്പോഴും മടക്കി നൽകാനുള്ള നിബന്ധനകൾ കൂടി നോക്കിവെക്കുക. ആമസോണും ഫ്ലിപ്കാർട്ടുമൊക്കെ ഈ റിട്ടേൺ നിയമങ്ങൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ഉൽപ്പന്നം ഡെലിവറി ചെയ്യാൻ പലപ്പോഴും 10 ദിവസത്തിലേറെ കാലതാമസം എടുക്കാറുണ്ട്.

∙കോവിഡ് കാലത്ത് ഓൺലൈൻതട്ടിപ്പുകൾ വളരെ വ്യാപകമായി നടക്കുന്നുണ്ട് എന്ന കാര്യം മറക്കരുത്. പർച്ചേസു ചെയ്തപ്പോൾ സമ്മാനമടിച്ചു എന്നൊക്കെ പറഞ്ഞു വരുന്ന ഫോൺ കോളുകൾ കേട്ട് മനസ് ചാഞ്ചാടി ബാങ്കിങ് വിവരങ്ങളൊന്നും നൽകരുത്.

∙  ഓൺലൈൻ പർച്ചേസുകൾ വിശ്വാസ്യതയുള്ള സൈറ്റുകളിൽനിന്നു മാത്രം നടത്തുന്നുവെന്ന് ഉറപ്പാക്കുക. 

∙ ഒരു ഉൽപന്നം കിട്ടിയാൽ കഴിവതും േവഗം അതു പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കുക. തൃപ്തികരമല്ലെങ്കിൽ എത്രയും പെട്ടെന്ന് മടക്കി നൽകാനുള്ള നടപടി ചെയ്യുക.

∙വിലക്കുറവിനൊപ്പം വിശ്വസനീയത കൂടി ഉറപ്പ് എന്നു കണ്ട് മറ്റൊന്നും ആലോചിക്കാതെ ഷോപ്പിങ് നടത്തരുത് 

കിട്ടും അധിക നേട്ടം

ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോൾ 10ശതമാനം വരെ കിഴിവ് കിട്ടാം. എസ്ബിഐ പോലുള്ള കാർഡ് േപയ്മെന്റിന് 10 ശതമാനം അധിക കിഴിവും ലഭ്യമാണ്. കൂടാതെ കാർഡ് വഴി പണമയയ്ക്കുമ്പോൾ ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ ശേഖരിച്ച് ഭാവിയിൽ അവ ഉപയോഗിച്ചും വാങ്ങലുകൾ നടത്താം. ചില കാഷ്ബാക്ക് സൈറ്റുകളിലൂടെ ഷോപ്പിങ് സൈറ്റുകളിലേക്ക് എത്തിയാൽ കൂടുതൽ കാഷ് ബാക്ക് ഓഫറുകൾ കിട്ടുകയും ചെയ്യും.

വോലറ്റുകൾ വഴി പണമിടപാടുകൾ തുടങ്ങുമ്പോഴും ചില കിഴിവുകളും കാഷ്ബാക്കും ലഭിക്കാറുണ്ട്. ആമസോൺ പേ, ഗൂഗിൾ പേ തുടങ്ങിയവയിലൂടെയുള്ള പണമടയ്ക്കലുകൾക്ക്  കാഷ്ബാക്ക് സൗകര്യമുണ്ട്. കൂടുതൽ ഓഫറുകൾ ലഭിക്കുന്ന ഇതു പോലുള്ള ദിവസങ്ങളും സീസണുകളും സമയവും പ്രയോജനപ്പെടുത്തി ആവശ്യമായ സാധനങ്ങൾ വാങ്ങാനാകും. 

 English Summary: Flipkart and Amazon Offers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com