ഓണ്‍ലൈനില്‍ സമ്മാന ഓഫറുകളുടെ തട്ടിപ്പ് കാലം; സൂക്ഷിക്കുക ഈ വ്യാജൻമാരെ

HIGHLIGHTS
  • യുപിഐ വഴി പണം തട്ടുന്നതാണ് സമ്മാനങ്ങള്‍ ഓഫര്‍ ചെയ്യുന്നവരുടെ പുതിയ രീതി
Digital-fraud
SHARE

കൊച്ചിയിലുള്ള ഒരു വിദ്യാര്‍ത്ഥി അഞ്ഞൂറു രൂപയില്‍ താഴെയുള്ള ഇലക്ട്രോണിക് ഉല്‍പന്നം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു. അടുത്ത ദിവസം തന്നെ ഇ കോമേഴ്‌സ് കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗത്തില്‍ നി്ന്നാണെന്ന പേരിലൊരു കോള്‍ വന്നു. ഉല്‍സവകാല ഓഫറുകളുടെ ഭാഗമായുള്ള സമ്മാനം ലഭിച്ചിട്ടുണ്ട്. 12 ലക്ഷം രൂപയുടെ കാര്‍ സമ്മാനമായി കിട്ടും. കാര്‍ വേണോ പണമായി വേണോ എന്നാണ് ഹിന്ദി കലര്‍ന്ന ഇംഗ്ലീഷിലെ ചോദ്യം. കുട്ടി ആകെ ആവേശത്തിലായെങ്കിലും മാതാപിതാക്കള്‍ തട്ടിപ്പു മണത്തതിനാല്‍ അല്‍പം ജാഗ്രത കാട്ടി. അതിനാല്‍ വലിയ നഷ്ടമൊന്നും അവര്‍ക്കു സംഭവിച്ചില്ല. 

സാധാരണ ഇത്തരത്തിലുള്ള ജാഗ്രതയൊന്നും കുട്ടികളെന്നല്ല മാതാപിതാക്കള്‍ പോലും കാട്ടാറില്ല. ഒടുവില്‍ പണം പോകുമ്പോഴേ അവര്‍ക്ക് അബദ്ധം മനസിലാകൂ. ചെറിയ തുകയാണു പോകുന്നതെങ്കില്‍ പലരും ഇനി സമയം കൂടി കളയേണ്ട എന്നു കരുതി മിണ്ടാതെ ഇരിക്കും. നാണക്കേടു മൂലവും പലരും ആരോടും പറയില്ല.

തട്ടിപ്പുകാരെ പൂട്ടിക്കെട്ടാന്‍ വളരെ എളുപ്പം

ഇ കോമേഴ്‌സ് സൈറ്റുകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ ഓഫര്‍ ചെയ്തു കോളുകളെത്തുക. ഇങ്ങനെ വിളിക്കുന്നവരോട് ഏത് ഉല്‍പന്നം വാങ്ങിയതിന്റെ പേരിലാണു സമ്മാനം എന്നു ചോദിച്ചാല്‍ തന്നെ 90 ശതമാനം തട്ടിപ്പുകളും അതോടെ പൊളിയും. യഥാര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നാണു വിളിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്താണു വാങ്ങിയതെന്ന് അവര്‍ക്കറിയാനാവുമല്ലോ. അതു പോലെ നിങ്ങളുടെ ഓര്‍ഡറിന്റെ മറ്റെല്ലാ വിവരങ്ങളും അവരുടെ പക്കലുണ്ടാകും. ഇവിടെ പക്ഷേ, അങ്ങനെയല്ല നടക്കുന്നത്. നിങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കിയപ്പോള്‍ സമ്മാനത്തിന് അര്‍ഹനായി എന്നാവും അവര്‍ പറയുക. അതു കേള്‍ക്കുന്ന ആവേശത്തില്‍ ഫോണ്‍ വാങ്ങിയതിന്റെ അല്ലേ എന്നു തുടങ്ങി മോഡലും വിലയും അടക്കം പലതും അങ്ങോട്ടു ചോദിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും തട്ടിപ്പുകാര്‍ ബാക്കി കാര്യങ്ങള്‍ പറയുക. നിങ്ങള്‍ വാങ്ങിയ ഉല്‍പന്നത്തിന്റെ പേരു പറയാതിരുന്നാല്‍ തട്ടിപ്പുകാര്‍ക്കു മുന്നോട്ടു പോകാനുള്ള വഴിയാണ് അടയുന്നത്. 

ഇങ്ങനെ സമ്മാനങ്ങള്‍ ലഭിച്ചുവെന്ന ഫോണ്‍ വരുന്നത് ഓര്‍ഡര്‍ നല്‍കിയവര്‍ക്കു മാത്രമാവില്ല എന്നതാണ് വസ്തുത. ഓണ്‍ലൈന്‍ ഷോപ്പിങിന് വന്‍ ആനുകൂല്യങ്ങള്‍ വരുന്ന വേളയില്‍ തട്ടിപ്പുകാര്‍ വെറുതെയങ്ങ് പല നമ്പറുകളിലും വിളിക്കും. കിട്ടിയാല്‍ ഊട്ടി എന്ന ഒരു ലൈനാണ് പയറ്റുന്നത്. അതു കൂടാതെ പല സൈറ്റുകളിലും നിരവധി ഓഫറുകളും കൂപ്പണുകളും കിട്ടുമെന്നു കേള്‍ക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കുന്നവര്‍ക്കും ഇത്തരത്തിലുള്ള കോളുകള്‍ ലഭിക്കാറുണ്ട്. ഇത്തരക്കാര്‍ ഓഫര്‍, സമ്മാനം എന്നെല്ലാം കേട്ടാല്‍ ഉടന്‍ ചാടി വീഴുമെന്ന് തട്ടിപ്പുകാര്‍ക്ക് ഉറപ്പാണല്ലോ. 

ഇനി എങ്ങാനും സമ്മാനം നല്‍കുന്നുണ്ടോ?

സമ്മാനം ലഭിച്ചു എന്നു പറഞ്ഞു ഫോണ്‍ വരുമ്പോള്‍ ആദ്യം തന്നെ വേണ്ട എന്നോ താല്‍പര്യമില്ല എന്നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഇവിടെയുള്ളു.  ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന ചോദ്യം മനസില്‍ ഉയരുന്നതാണ് പലരേയും കുഴിയില്‍ ചാടിക്കുന്നത്.  അത്തരം പ്രലോഭനങ്ങള്‍ ഒഴിവാക്കാനാവുന്നില്ലെങ്കില്‍ ഒരു കാര്യം ചെയ്യാം. ഫോണ്‍ വിളിച്ചവര്‍ക്കു വിവരങ്ങള്‍ പറഞ്ഞു കൊടുക്കും മുന്‍പ് നിങ്ങള്‍ക്കു 'സമ്മാനം നല്‍കിയ' ഇ കൊമേഴ്‌സ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് അവര്‍ നല്‍കുന്ന സമ്മാനങ്ങളുടെ വിവരം പരിശോധിക്കുക. ഒന്നോ രണ്ടോ ശതമാനം ഇളവു നല്‍കുന്നതു പോലും വന്‍ പരസ്യമാക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ സമ്മാനം നല്‍കുകയാണെങ്കില്‍ ഹോം പേജില്‍ തന്നെ അക്കാര്യം വലുതായി പ്രദര്‍ശിപ്പിക്കുമെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. അതൊന്നു നോക്കിയാല്‍ ഈ പ്രലോഭനം മറികടക്കാം. ചില സ്ഥാപനങ്ങള്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ട്. പരമാവധി മൊബൈല്‍ ഫോണ്‍ വരെയൊക്കെയാണ് നല്‍കാറ്. അതും അത്യപൂര്‍വ്വമായി മാത്രം. അതിന്റെ സ്ഥാനത്താണ് 12 ലക്ഷം രൂപ വില വരുന്ന കാര്‍ സമ്മാനമായി നല്‍കുന്നുവെന്ന ഫോണ്‍ വരുന്നത്. 

സമ്മാനം നല്‍കുന്നവര്‍ക്ക് തിരക്കു കൂടുതലാണോ? തട്ടിപ്പാണെന്ന് ഉറപ്പിക്കാം

ഓണ്‍ലൈനില്‍ അഞ്ഞൂറു രൂപയുടെ സാധനം വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയ നിങ്ങള്‍ക്ക് 12 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചുവെന്ന ഫോണ്‍ വരുന്നു. അതു നല്‍കിയിട്ടേ ഉറങ്ങുക പോയിട്ട് ഊണു കഴിക്കാന്‍ പോലും തയ്യാറാവു എന്ന ലൈനിലാണ് അക്കാര്യം അറിയിച്ചു വിളിക്കുന്നവര്‍ എങ്കില്‍ അതു തട്ടിപ്പാണെന്ന് ഉറപ്പിക്കാം. നിങ്ങളുടെ പ്രതികരണം അനുകൂലമാണെങ്കില്‍ ഉടന്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോദിക്കും. അതും അര മണിക്കൂറിനകം നല്‍കണമെന്ന രീതിയിലാവും ആവശ്യപ്പെടുക. ഇതിനായി തുടരെ വിളികളും വരും. ഇങ്ങനെ തന്ത്രപരമായി കിട്ടാവുന്നത്ര വിവരങ്ങള്‍ ചോര്‍ത്തി കഴിയുന്നത്ര പണം അക്കൗണ്ടില്‍ നിന്നു തട്ടിയെടുക്കുക എന്നതു തന്നെ ഇത്തരം സമ്മാനങ്ങളുടെ യഥാര്‍ത്ഥ രഹസ്യം. 

ഒടിപിയും അക്കൗണ്ട് നമ്പറും വേണ്ട, യുപിഐ വഴി പണം തട്ടുന്നതു പുതിയ രീതി

സാങ്കേതികവിദ്യയുടെ വളര്‍ച്ച ഏറ്റവും വേഗത്തില്‍ പ്രയോജനപ്പെടുത്തുന്നതു തട്ടിപ്പുകാരാണോ എന്നു പലപ്പോഴും തോന്നാറുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒടിപിയുമെല്ലാം പറഞ്ഞു കൊടുക്കുന്ന കാര്യത്തില്‍ പലരും ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയതോടെ യുപിഐ വഴി പണം തട്ടുന്നതാണ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ ഓഫര്‍ ചെയ്യുന്നവരുടെ പുതിയ രീതി. സമ്മാനം ലഭിച്ചു എന്നു പറഞ്ഞു ഫലിപ്പിച്ച ശേഷം വിവരങ്ങള്‍ രേഖപ്പെടുത്താനോ മറ്റെന്തെങ്കിലും കാര്യത്തിനായോ എന്ന പേരില്‍ അവര്‍ മെസേജ് അയക്കും  യുപിഐ വഴി നിങ്ങളുടെ പണം അവര്‍ക്കു നല്‍കാനുള്ള ലിങ്കാവും ഇത്തരം മെസേജില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ആക്ടിവേറ്റു ചെയ്യുന്നത്. അതായത് യുപഐ വഴി പണം നല്‍കാനായി അവര്‍ അയക്കുന്ന അപേക്ഷ നിങ്ങള്‍ അംഗീകരിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. പണം ലഭിക്കാനാണെന്നു കരുതി ക്ലിക്കു ചെയ്യുന്നത് പണം നല്‍കാനുള്ള ലിങ്കിലാണെന്നു ചുരുക്കം. ഒടിപി, യുപിഐ പിന്‍ എന്നിവ നല്‍കുതെന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ പോലും ഇത്തരം തട്ടിപ്പില്‍ വീഴാന്‍ സാധ്യത ഏറെയാണ്. 

സമ്പര്‍ക്ക ഭീതിയും ഓണ്‍ലൈന്‍ ഓഫറുകളും മുതലെടുക്കുന്നു

കോവിഡ് ഭീതിയെ തുടര്‍ന്ന് കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ വാങ്ങലുകളിലേക്കു നീങ്ങുമ്പോഴാണ് അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഏറുന്നത്. അടുത്ത ദിവസങ്ങളില്‍ പ്രമുഖ ഇ കോമേഴ്‌സ് സ്ഥാപനങ്ങള്‍ വിലക്കുറവ് അടക്കം നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതും പുതിയ നിരവധി ഉപഭോക്താക്കളെ ഓണ്‍ലൈനിലേക്ക് ആകര്‍ഷിക്കും.  പുതുതായി എത്തുന്നവരില്‍ ഗണ്യമായൊരു വിഭാഗം ഇത്തരം കാര്യങ്ങളെ കുറിച്ച് വലിയ ധാരണയില്ലാതെയാവും എത്തുക എന്നതാണ് തട്ടിപ്പുകാര്‍ക്കു തുണയാകുന്നത്. സാമാന്യ ബുദ്ധി പ്രയോഗിക്കുകയും ഓണ്‍ലൈന്‍ ഇടപാടുകളിലെ തട്ടിപ്പു സാധ്യതകളെ കുറിച്ചു മനസിലാക്കുകയും ചെയ്യുക എന്നതാണ് ഇവിടെ ചെയ്യാനാവുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA