ലോക്ഡൗണ്‍ മാറിയപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളും കുറയുന്നു

HIGHLIGHTS
  • മെയ് 19മുതല്‍ ജൂലൈ 25 വരെ തട്ടിപ്പിൽ 29 ശതമാനം കുറവുണ്ടായി
mob-0nlne-banking
SHARE

കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ രംഗത്തേക്ക് വന്‍തോതില്‍ ഉപഭോക്താക്കള്‍ കടന്നു വന്നതിനെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കുറയുന്നു. അണ്‍ലോക് പ്രക്രിയയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങളും ഓഫിസുകളുമെല്ലാം ഘട്ടം ഘട്ടമായി പ്രവര്‍ത്തിച്ചു തുടങ്ങിയ മെയ് മാസം മുതല്‍ തട്ടിപ്പുകളുടെ കാര്യത്തില്‍ ചെറിയ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

ആഗോള തലത്തിലും ഇന്ത്യയ്ക്കകത്തും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കുള്ള ശ്രമങ്ങളുടെ തോതില്‍ കുറവുണ്ടെന്നാണ് ഇതേക്കുറിച്ച് ട്രാന്‍സ് യൂണിയന്‍ നടത്തിയ വിശകലനം ചൂണ്ടിക്കാട്ടുന്നത്. മാര്‍ച്ച് 11 മുതല്‍ മെയ് 18 വരെയുള്ള കാലത്ത് ഇന്ത്യയിലെ തട്ടിപ്പിനുള്ള ശ്രമങ്ങളുടെ കാര്യത്തില്‍ 121 ശതമാനം വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ അണ്‍ലോക് പ്രക്രിയ ആരംഭിച്ച മെയ് 19 മുതല്‍ ജൂലൈ 25 വരെയുള്ള കാലത്ത് ഇതില്‍ 29 ശതമാനം കുറവും ഉണ്ടായി.  

ചില മേഖലകളിൽ തട്ടിപ്പ് ശ്രമം കൂടുന്നു

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എന്നു സംശയിക്കുന്ന സംഭവങ്ങളുടെ കാര്യത്തില്‍ മൊത്തത്തില്‍ കുറവുണ്ടായെങ്കിലും ചില മേഖലകളില്‍ തട്ടിപ്പു ശ്രമങ്ങള്‍ വര്‍ധിക്കുന്നുമുണ്ട്. ലോജിസ്റ്റിക് മേഖലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനുള്ള ശ്രമങ്ങള്‍ എന്നു സംശയിക്കുന്ന സംഭവങ്ങളുടെ കാര്യത്തില്‍ 81 ശതമാനം വര്‍ധനവാണെന്ന് മെയ്-ജൂലൈ കാലത്തെ വിശകലനവും ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സേവന മേഖലകളിലിത് 72 ശതമാനം വര്‍ധനയാണ്. യാത്രാ-വിനോദ സഞ്ചാര മേഖലയാണ് തട്ടിപ്പു ശ്രമങ്ങള്‍ വര്‍ധിച്ചിട്ടുള്ള മറ്റൊരു മേഖല. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് ഈ രംഗത്തു വര്‍ധിക്കുന്നത്.  ഇതേ സമയം ഇന്‍ഷൂറന്‍സ്, ആരോഗ്യ സേവന മേഖലകളില്‍ തട്ടിപ്പിനായുള്ള ശ്രമങ്ങളുടെ കാര്യത്തില്‍ കുറവാണുള്ളത്. ചെറുകിട വില്‍പന രംഗത്തും തട്ടിപ്പു ശ്രമങ്ങള്‍ കുറഞ്ഞു.

വ്യക്തിഗത വിവരങ്ങളിൽ ജാഗ്രത വേണം

കോവിഡിനെ തുടര്‍ന്ന മറ്റു മാര്‍ഗങ്ങളില്ലാതെ ഓണ്‍ലൈന്‍ ഇടപാടുകളിലേക്കു വന്നവര്‍ക്ക് ഇക്കാര്യങ്ങളില്‍ വലിയ ധാരണയില്ലാത്തതാണ് പലപ്പോഴും തട്ടിപ്പുകാര്‍ മുതലെടുക്കുവാന്‍ ശ്രമിച്ചത്. ഇതേക്കുറിച്ചുള്ള അവബോധം വര്‍ധിച്ചതും തട്ടിപ്പുകള്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ പല സ്ഥാപനങ്ങളും ഊര്‍ജിതമാക്കിയതും ഉപഭോക്താക്കള്‍ക്കു നേട്ടമായി. എങ്കില്‍ തന്നെയും പുതിയ  രീതികളുമായി തട്ടിപ്പുകാര്‍ ഇറങ്ങുന്നതും കാണാം. കഴിഞ്ഞ ദിവസങ്ങളില്‍ യുപിഐ ഇടപാടുകാര്‍ക്കും പേടിഎം വോലെറ്റ് ഇടപാടുകാര്‍ക്കും ആനുകൂല്യങ്ങള്‍ എന്ന പേരില്‍ മെസേജുകള്‍ വന്നത് ഇക്കാര്യം തന്നെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക സേവന മേഖലകളിലെ തട്ടിപ്പുകളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഐഡന്റിറ്റി തെഫ്റ്റ് അനുബന്ധ തട്ടിപ്പുകള്‍ ആണെന്ന കണ്ടെത്തലിന്റെ സാഹചര്യത്തില്‍ ഇത്തരം ആനുകൂല്യങ്ങളെ കുറിച്ചും അതിന്റെ തുടര്‍ച്ചയായി ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളെ കുറിച്ചും കൂടുതല്‍ ജാഗ്രത ആവശ്യമാണ്.

English Summary : Beware about Online Fraud

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA