ക്രഡിറ്റ്‌ കാര്‍ഡുപയോഗം, ഇവ ശ്രദ്ധിച്ചാൽ കടക്കെണി ഒഴിവാക്കാം

HIGHLIGHTS
  • പലിശരഹിത കാലയളവ്‌ ക്രഡിറ്റ്‌ കാര്‍ഡിലൂടെ പണം പിന്‍വലിക്കുന്നതിനില്ല
credit–card
SHARE

ഉത്സവകാല ചെലവുകള്‍ക്കായി ക്രഡിറ്റ്‌ കാര്‍ഡിനെയാണ്‌ നിങ്ങള്‍ ആശ്രയിക്കുന്നത്‌ എങ്കില്‍ അല്‍പം കരുതല്‍വേണം. സ്വന്തം തിരിച്ചടവ് ശേഷിയെ കുറിച്ച്‌ കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഉത്സവകാലം കഴിയുന്നതോടെ നിങ്ങള്‍ കടക്കെണിയില്‍ വീണേക്കാം, സാമ്പത്തിക അച്ചടക്കമില്ലെങ്കിൽ പ്രത്യേകിച്ചും‌. ക്രഡിറ്റ് ‌കാര്‍ഡ് കടക്കെണിയില്‍ വീഴുന്നത്‌ ഒഴിവാക്കാനുള്ള ചില മാര്‍ഗങ്ങള്‍

∙തിരിച്ചടവ്‌ ശേഷി  കണക്കാക്കുക  

നിങ്ങളുടെ ക്രഡിറ്റ്‌ കാര്‍ഡ്‌ ബില്ലില്‍ അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുക (എംഎഡി) തിരിച്ചടയ്‌ക്കുന്നതില്‍ എന്തെങ്കിലും വീഴ്‌ച സംഭവിക്കുകയാണെങ്കില്‍ ഓരോ ബില്ലിങ്‌ ചക്രത്തിലും 1,300 രൂപ വരെ പേമെന്റ്‌ ചാര്‍ജ്‌ നല്‍കേണ്ടി വരും. ബില്‍ തുകയെയും ക്രഡിറ്റ്‌ കാര്‍ഡ്‌ കമ്പനിയെയും ആശ്രയിച്ചാണിത്‌. ഇത്‌ നിങ്ങളുടെ ക്രഡിറ്റ്‌ സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും ഭാവിയിലെ വായ്‌പ–ക്രഡിറ്റ്‌ കാര്‍ഡ്‌ യോഗ്യത കുറയുന്നതിന്‌ കാരണമാവുകയും ചെയ്യും. കുടിശ്ശിക തീര്‍ക്കുന്നത്‌ വരെ പുതിയ ക്രഡിറ്റ്‌ കാര്‍ഡ്‌ ഇടപാടുകളുടെ പലിശ രഹിത കാലയളവ്‌ അസാധുവാകും. 

∙ഒരുമിച്ച്‌ അടയ്‌ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇഎംഐ മാര്‍ഗത്തിലേക്ക്‌ മാറുക

ബില്‍ തുക കൃത്യ സമയത്ത്‌ അടയ്‌ക്കാന്‍ കഴിയാത്തവര്‍ മൊത്തം കുടിശ്ശികയോ ഒരു ഭാഗമോ ഇഎംഐ ആയി മാറ്റാം. 

കാര്‍ഡ്‌ ഇഷ്യു ചെയ്‌ത സ്ഥാപനം, കാലാവധി, കാര്‍ഡ്‌ ഉടമയുടെ ക്രഡിറ്റ്‌ പ്രൊഫൈല്‍ എന്നിവ അടിസ്ഥാനമാക്കി ഇഎംഐയുടെ പലിശ നിരക്ക്‌ കൂടാം എങ്കിലും ക്രഡിറ്റ്‌ കാര്‍ഡ്‌ കുടിശ്ശിക അടയ്‌ക്കാത്തപ്പോള്‍ ഈടാക്കുന്ന ചാര്‍ജുകളെ അപേക്ഷിച്ച്‌ ഇത്‌ കുറവായിരിക്കും.

കുടിശ്ശിക  ഇഎംഐ ആയി മാറ്റുന്നതിലൂടെ പലിശ ചെലവ് കുറയ്ക്കാനാകും. ഇത്തരം ഇഎംഐകളുടെ തിരിച്ചടവ്‌ കാലാവധി 3 മുതല്‍ 60 മാസങ്ങള്‍ വരെ വ്യത്യാസപ്പെടാം . അതിനാല്‍ നിങ്ങളുടെ തിരിച്ചടവ്‌ ശേഷിക്ക്‌ അനുസരിച്ച്‌ ഇഎംഐ കാലാവധി തിരഞ്ഞെടുക്കണം. ക്രഡിറ്റ്‌ സ്‌കോറിനെയും പണലഭ്യതയെയും ബാധിക്കാതെ ചെറിയ തവണകളിലൂടെ തിരിച്ചടവ്‌ സൗകര്യപ്രദമാക്കാനാകും.

∙വലിയ വാങ്ങലുകള്‍ക്ക് പലിശ രഹിത ഇഎംഐ 

ഉത്‌പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പലിശ രഹിത ഇഎംഐ ലഭ്യമാക്കുന്നതിനായി ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമുള്ള വ്യാപാരികളുമായി നിരവധി ക്രഡിറ്റ്‌ കാര്‍ഡ്‌ കമ്പനികള്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്തരം ഓപ്‌ഷനുകളില്‍ പലിശ ചെലവുകള്‍ വ്യാപാരികള്‍ വഹിക്കും, കാര്‍ഡ്‌ ഉടമകള്‍ വാങ്ങിയതിന്റെ ചെലവ്‌ മാത്രം ഇഎംഐ രൂപത്തില്‍ തിരിച്ചടച്ചാല്‍ മതിയാകും. പലിശക്ക്‌ മേല്‍ ഈടാക്കുന്ന ജിഎസ്‌ടിയും കാര്‍ഡ്‌ ഉടമ വഹിക്കേണ്ടി വരും. കുടിശ്ശിക ഉടന്‍ തിരിച്ചടയ്‌ക്കാന്‍ ശേഷി ഇല്ലാത്തവര്‍ക്കും വലിയ ചെലവുകള്‍ക്ക്‌ പണം കണ്ടെത്താന്‍ കഴിയാത്തവര്‍ക്കും ഈ ഓപ്‌ഷന്‍ അനുയോജ്യമായിരിക്കും.

വ്യാപാരികളുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ചില കാര്‍ഡ്‌ കമ്പനികള്‍ അധിക ഇളവുകള്‍ നല്‍കാറുണ്ട്‌. ചെലവ്‌ വീണ്ടും കുറയ്‌ക്കാന്‍ ഇത് സഹായിക്കും. ഒന്നിലേറെ ക്രഡിറ്റ്‌ കാര്‍ഡുകള്‍ ഉള്ളവര്‍ വിവിധ കമ്പനികള്‍ ലഭ്യമാക്കുന്ന പലിശ രഹിത ഇഎംഐ താരതമ്യം ചെയ്‌ത് വാങ്ങല്‍ തീരുമാനം എടുക്കുക.

∙ക്രഡിറ്റ്‌ കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കരുത്

ക്രഡിറ്റ്‌ കാര്‍ഡ്‌ ഇടപാടുകള്‍ക്ക്‌ ലഭ്യമാകുന്ന പലിശരഹിത കാലയളവ്‌ എടിഎമ്മുകളില്‍ നിന്നും ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്നതിന്‌ ബാധകമാവില്ല. ക്രഡിറ്റ്‌കാര്‍ഡ്‌ വഴി പണം പിന്‍വലിച്ചാൽ അന്നു മുതല്‍ തിരിച്ചടയ്‌ക്കുന്ന ദിവസം വരെ പ്രതിവര്‍ഷം 30-49 ശതമാനം നിരക്കില്‍ ഫിനാന്‍സ്‌ ചാര്‍ജ്‌ ഈടാക്കും. ഇതിന്‌ പുറമെ പിന്‍വലിച്ച തുകയുടെ 3.5 ശതമാനം വരെ ക്വാഷ്‌ അഡ്വാന്‍സ്‌ ഫീസും നല്‍കേണ്ടി വരും. ഈ രണ്ട്‌ ചാര്‍ജുകളും കൂടി നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, അതിനാല്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ വഴി പണം പിന്‍വലിക്കുന്നത്‌ എപ്പോഴും ഒഴിവാക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരത്തില്‍ പണം പിന്‍വലിക്കേണ്ടി വരികയാണെങ്കില്‍ എത്രയും പെട്ടെന്ന്‌ പിന്‍വലിച്ച തുക തിരിച്ചടയ്‌ക്കുക.

∙റിവാര്‍ഡ്‌ പോയിന്റുകള്‍ ഉപയോഗപ്പെടുത്തുക

മിക്ക ക്രഡിറ്റ്‌ കാര്‍ഡ്‌ റിവാര്‍ഡ്‌ പോയിന്റുകളും നിശ്ചിത തീയതിക്കുള്ളില്‍ ഉപയോഗപ്പെടുത്തേണ്ട തരത്തിലാണ്‌ ലഭ്യമാക്കുന്നത്‌. കാലാവധി അവസാനിച്ചാല്‍ ഉപയോഗിക്കാന്‍ കഴിയില്ല. സേവനങ്ങളും സാധാനങ്ങളും വാങ്ങുന്നതിന്‌ ഈ റിവാര്‍ഡ്‌ പോയിന്റുകള്‍ ഉപയോഗിക്കാം. ഈ ഉത്സവ കാലത്തെ ചെലവുകളില്‍ അല്‍പം കുറവ്‌ വരുത്താന്‍ ഇത്‌ സഹായിക്കും.

English Summary : Credit Card Using Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA