ഇന്ത്യയില്‍ പേമെന്റ് സേവനം ലഭ്യമാക്കി തുടങ്ങാന്‍ വാട്സ്ആപ്പിന് നാഷണല്‍ പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) അനുമതി നല്കി. ബീറ്റാവേര്‍ഷന്‍ അവതരിപ്പിച്ച് രണ്ടരവര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് യൂണിഫൈയ്ഡ് പേമെന്റ് ഇന്റര്‍ഫെയ്സില്‍ (യുപിഐ) സേവനം ആരംഭിക്കാന്‍ വാട്സ്ആപ്പ് പേയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന് ഇന്ത്യയില്‍ ഗ്രേഡഡ് രീതിയില്‍ പേമെന്റ് സേവനം തുടങ്ങാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. തുടക്കത്തില്‍ പരമാവധി 20 ദശലക്ഷം ഉപയോക്താക്കളിലേക്കാണ് സേവനം എത്തിക്കാന്‍ സാധിക്കുക. പിന്നീട് ഘട്ടംഘട്ടമായി ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന വരുത്താന്‍ അനുവദിക്കും. യുപിഐയില്‍ മള്‍ട്ടി-ബാങ്ക് മാതൃകയില്‍ ലൈവ് ആകാനാണ് വാട്സ്ആപ്പ് പേയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ 400 ദശലക്ഷം ഉപയോക്താക്കളാണ് വാട്സ് ആപ്പിനുള്ളത്. അതിനാല്‍ യുപിഐയില്‍ വാട്സ്ആപ്പ് പേയ്ക്ക് വളരെ വേഗം സ്വീകാര്യത ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വാട്സ് ആപ്പ് കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പേമെന്റ് സേവനം ലഭ്യമാക്കുന്നുണ്ട്.
English Summary: Whatsapp Payment is Possible Now