വീട്ടില്‍ വെറുതെ ഇരിക്കുന്ന പത്ത് പവന് സ്വര്‍ണമുണ്ടോ? നിങ്ങള്‍ക്കും കിട്ടും മൂന്ന് ലക്ഷം രൂപ. സ്വര്‍ണം നല്കി ഏത് ബാങ്കില്‍ നിന്നും ഈ വായ്പ നേടാം. മുമ്പ് ഒരു ലക്ഷത്തിലധികം രൂപ സ്വര്‍ണപണയത്തില്‍ കാര്‍ഷിക വായ്പയായി നല്കുന്നതില് ബാങ്കുകള്‍ തടസം പറയുമായിരുന്നുവെങ്കില്‍ ഇന്ന്് സ്വര്‍ണമുണ്ടെങ്കില്‍ നാല് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്പ നല്‍കും. ഇതു പോലെ സുരക്ഷിതമായ വായ്പ മറ്റൊന്നില്ല താനും. സ്വര്‍ണം ഗ്രാമിന് ഒരോ ബാങ്കും ഒരോ തുകയാണ് വായ്പയായി നല്‍കുക. ഉദാഹരണത്തിന് കനറാ ബാങ്ക് ഒരു ഗ്രാം സ്വര്‍ണത്തിന് 3,600 വായ്പ നല്‍കും. ചില ബാങ്കുകള്‍ ഇതിലും കൂടിയ തുക നല്‍കുന്നുണ്ട്. പത്ത് പവന് സ്വര്‍ണമുണ്ടെങ്കില്‍ മൂന്ന് ലക്ഷം രൂപ വരെ നാല് ശതമാനം പലിശയ്ക്ക് വായ്പ നേടാം. ഒരു വര്‍ഷത്തിന് ശേഷം പലിശ നല്കിയാല് മതിയാകും. ചില ബാങ്കുകള്‍ പലിശ മാത്രം നല്കി വായ്പ ഒന്നിലേറെ വര്‍ഷം പുതുക്കാന്‍ അനുവദിക്കാറുണ്ട്.
കാര്‍ഷിക വായ്പ എടുത്തിട്ടുണ്ടോ?
നേരത്തെ ഏതെങ്കിലും ബാങ്കില്‍ നിന്ന് കിസാന്‍ ക്രെഡിറ്റ് വായ്പ (കൃഷി ചെയ്യാന്‍ നാല് ശതമാനം പലിശയ്ക്ക് നല്‍കുന്നത്) എടുത്തിട്ടുണ്ടെങ്കില്‍ അത് കിഴിച്ചിട്ടാകും കാര്‍ഷിക ആവശ്യത്തിനുള്ള സ്വര്‍ണപണയ വായ്പ അനുവദിക്കുക. ഉദാഹരണത്തിന് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം രൂപ കാര്‍ഷിക ആവശ്യത്തിന് ഈടില്ലാതെ കരം തീര്‍ത്ത രസീത് മാത്രം നല്കി നാല് ശതമാനം പലിശയ്ക്ക് എടുത്തിട്ടുണ്ടെങ്കില്‍ പിന്നീട് ഇതേ ബാങ്കില്‍ നിന്നോ മറ്റ് ബാങ്കുകളില്‍ നിന്നോ സ്വര്ണപണയത്തിന് മേല്‍ ഇതേ വായ്പ എടുത്താല്‍ ബാക്കി രണ്ട് ലക്ഷമേ ലഭിക്കൂ. പലിശ രണ്ടിലും തുല്യമാണ്. കാര്‍ഷിക വായ്പ എന്ന നിലയില്‍ പലിശ സബ്സിഡിയോടെ ഒരാള്‍ക്ക് ലഭിക്കാവുന്ന പരമാവധി വായ്പ മൂന്ന് ലക്ഷം എന്ന് നിജപ്പെടുത്തിയിരിക്കുന്നതു കൊണ്ടാണിങ്ങനെ.
രേഖകള്‍
സ്വര്‍ണപണയ കാര്‍ഷിക വായ്പയ്ക്ക് കരം തീര്‍ത്ത രസീത് മാത്രം മതിയാകും. ഏക്കറൊന്നിന് ഒരു ലക്ഷം എന്ന നിരക്കിലാണ് വായ്പ എന്നതിനാല്‍ അത്രയും സ്ഥലത്തിന്റെ കരം തീര്‍ത്ത രസീത് (കോപ്പിയായാലും) നല്‍കണം. കോവിഡ് കാലമായതിനാല്‍ ഭൂമിയുടെ വിസ്തൃതിയുടെ കാര്യത്തില്‍ അത്ര നിര്‍ബന്ധം കാണിക്കാറില്ല ഇപ്പോള്‍.
തിയതി മറക്കരുത്
കാര്‍ഷിക വായ്പ കുറഞ്ഞ പലിശയ്ക്കെടുക്കുന്ന പലരുടെയും പ്രശ്നമാണ് പുതുക്കേണ്ട തീയതി മറക്കുക എന്നത്. ഇങ്ങനെ ചെയ്താല്‍ പലിശ ഇളവ് ലഭിക്കില്ല. കാര്‍ഷിക വിളകള്‍ വിറ്റ് വായ്പ തിരിച്ചടക്കുക എന്ന സങ്കല്പമാണ് ഇവിടെ. അതുകൊണ്ട് വായ്പ അനുവദിച്ച്് കൃത്യം ഒരു വര്‍ഷത്തിനകം പലിശ നല്കി പുതുക്കേണ്ടി വരും.
English Summary : Gold Loan for Just Four Percentage Interest Rate