വില കൂടിയാലും കുറഞ്ഞാലും സ്വർണമെന്നും തിളങ്ങും

HIGHLIGHTS
  • പുതിയ കാലത്തെ ധരിക്കാവുന്ന നിക്ഷേപമാണ് സ്വർണം
Ahamed- malbar
SHARE

കോവി‍ഡ് കാലത്തെ പ്രതിസന്ധിഘട്ടത്തിൽ പലർക്കും തുണയായത് സ്വർണാഭരണങ്ങളായിരുന്നു. "പലരും പണയം വെച്ച സ്വർണം പോലും എടുത്ത് വിറ്റ് ആവശ്യൾക്കുപയോഗിക്കുകയായിരുന്നു. ആളുകളുടെ അത്യാവശ്യം മനസിലാക്കി അവരിൽ നിന്നു പഴയ സ്വർണം എടുത്ത് പണം കൊടുക്കുന്നതിന് ജൂവലറിക്കാർ മുൻഗണന നൽകി.സാധാരണ വിൽക്കുന്നതിലും രണ്ടും മൂന്നും ഇരട്ടി സ്വർണം ആണ് ഇങ്ങനെ ജൂവലറികളിൽ തിരിച്ചെത്തിയത്. ഞങ്ങളത് ഉരുക്കി കമോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിനു കൈമാറുകയായിരുന്നു". സ്വർണത്തിലെ പുതിയ താൽപ്പര്യങ്ങളെക്കുറിച്ച് മലബാർ ഗോൾഡ് ആൻ‍ഡ് ഡയമണ്ട്സിന്റെ ചെയർമാൻ എം പി അഹമ്മദ് മനോരമ ഓൺലൈനോടു പറയുന്നു. പ്രസക്ത ഭാഗങ്ങൾ:

നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനു ഡിമാൻഡ് കൂടുകയാണല്ലോ?

മാറിയ കാലത്ത് ധരിക്കാവുന്ന നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രസക്തി ഏറുകയാണ്. സാധാരണക്കാർക്കിടയിൽ പ്രത്യേകിച്ചും. വില കൂടിയാലും കുറഞ്ഞാലുമൊക്കെ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള തിരക്ക് കാണാം. പ്രതിസന്ധിയുടെ വേളകളില്‍ ഓഹരി ഉൾപ്പടെ മറ്റെല്ലാ നിക്ഷേപങ്ങളോടുമുള്ള വിശ്വാസം നഷ്ടപ്പെട്ടാലും ഈ മഞ്ഞലോഹത്തോടുള്ള താൽപ്പര്യമേറികൊണ്ടിരിക്കും. കോവിഡ് കനത്ത പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ സാധാരണ കുടുംബങ്ങൾ മാത്രമല്ല, രാജ്യങ്ങൾ പോലും തങ്ങളുടെ പക്കലുള്ള കരുതൽ സ്വർണം ഉപയോഗിച്ചാണ് പിടിച്ചു നിന്നത്. സ്വർണത്തിന്റെ പ്രസക്തി ഏറ്റവും നന്നായി മനസിലാക്കി തന്ന സാഹചര്യമായിരുന്നു അത്. എവിടെ നിന്നു വാങ്ങിയ ആഭരണമാണെങ്കിലും അതിലെ സ്വർണത്തിന്റെ അളവിനനുസരിച്ചുള്ള വിലതന്നെ നൽകി. ഇന്ത്യയൊട്ടാകെ ഏകീകൃത വിലയെന്ന ആശയം മലബാർ ഗോൾഡ് പ്രാബല്യത്തിൽ വരുത്തിയത് ഇതിന്റെ ചുവടു പിടിച്ചാണ്. ഇപ്പോൾ നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഒട്ടേറെ സാധ്യതകളുയർന്നു വന്നിട്ടുമുണ്ട്. ഒരു വ്യക്തിയുടെ നിക്ഷേപ പോര്‍ട്ട് പോളിയോയിൽ 15 ശതമാനം വരെ സ്വർണത്തിലായിരിക്കണമെന്ന് ലോകമെങ്ങുമുള്ള സാമ്പത്തിക വിദഗ്ധർ പറയുന്നത് അതു കൊണ്ടാണ്.

സ്വർണാഭരണം നിക്ഷേപമായി വാങ്ങാനാകുമോ?

എന്തുകൊണ്ട് പാടില്ല? സ്വർണത്തിന് ഇക്കാലത്ത് ധരിക്കാവുന്ന നിക്ഷേപം എന്ന നിലയിൽ പ്രസക്തി ഏറി വരികയാണ്.അതു പോലെ തന്നെ സ്വർണം സമ്മാനമായി നൽകുന്ന രീതി പണ്ടേയുണ്ടെങ്കിലും ഇപ്പോഴത് കൂടി വന്നിട്ടുണ്ട്. കോവിഡ് കാലത്ത് വിവാഹ ആർഭാടത്തിനായി നീക്കി വെച്ചിരുന്ന തുകയും മകൾക്ക് സ്വർണ സമ്മാനം നൽകാൻ ഉപയോഗിക്കുന്നു.അങ്ങനെ മകളുടെ ഭാവി കൂടുതൽ സുരക്ഷിതമാകുമല്ലോ?  നിങ്ങളുടെ അമ്മയ്ക്ക്,ഭാര്യക്ക്, സഹോദരിക്ക് അല്ലെങ്കിൽ മകൾക്ക് ഒക്കെ സമ്മാനമായി സ്വർണം പ്രത്യേകിച്ച് സ്വർണാഭരണം നൽകുമ്പോഴുള്ള സന്തോഷം , അംഗീകാരം ഒക്കെ എത്ര വലുതാണ്. സ്വർണാഭരണമെന്നത് നിക്ഷേപം മാത്രമല്ല, വൈകാരികമായ ബന്ധം ഇഴുകി ചേർന്നതുമാണ്. അതുകൊണ്ടാണ് സ്വർണാഭരണം നിക്ഷേപമെന്നതിനൊപ്പം സമ്മാനമെന്ന നിലയിലും തിളങ്ങുന്നത്. ഇതിനു പകരം വെക്കാൻ ഇന്ത്യൻ സഹചര്യത്തിൽ ഇ ഗോൾഡിന് ഇതു വരെ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

ഇങ്ങനെ ആഭരണമായി വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

∙ബില്ല് നിർബന്ധമായി വാങ്ങി സൂക്ഷിക്കുകയാണ് പ്രധാനം. ആഭരണത്തിന് ഗ്യാരന്റി കിട്ടുന്നതിനും മോഷ്ടിക്കപ്പെട്ടുവെങ്കിൽ തെളിവിനായും ഇൻഷുറൻസ് പരിരക്ഷയ്ക്കുമൊക്കെ ബില്ല് വേണം. വിവാഹ വീട്ടിൽ പലരും വന്നു പോകുന്നതിനിടയിൽ ആഭരണങ്ങൾ മോഷ്ടിക്കപ്പെടുന്ന സംഭവങ്ങൾ ഏറെയാണ്.

∙നിസാരമെന്ന് തോന്നുമെങ്കിലും സ്വർണത്തിന്റെ വില അറിഞ്ഞിട്ടേ ആഭരണം വാങ്ങാൻ പോകാവൂ. അതുപോലെ എത്ര ചെറിയ ആഭരണമാണെങ്കിലും പണിക്കൂലി അറിയണം. ആഭരണത്തിന് എല്ലാക്കാലവും മെയ്ന്റനൻസ് സൗകര്യം ലഭിക്കുമോ എന്നും ചോദിച്ചുറപ്പാക്കണം .

∙ഏറ്റവും പ്രധാനപ്പെട്ട കാര്യം വളഞ്ഞ വഴിയിലൂടെ സ്വർണം വാങ്ങരുതെന്നതാണ്. അതായത് കണക്കിൽ പെടുന്ന സ്വർണാഭരണം മാത്രമേ വാങ്ങാവു. ജീവിത കാലം മുഴുവൻ ആസ്തിയായി സൂക്ഷിക്കാനുള്ള മുതലിനെ ചൊല്ലി മനസമാധാനക്കേടും പ്രശ്നങ്ങളും ആരും ഇഷ്ടപ്പെടില്ല.

∙ ആഭരണം എന്തുപയോഗത്തിനുള്ളതായിരിക്കുമെന്ന് ധാരണയുണ്ടാകണം.

സ്വർണാഭരണം വിൽക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

∙വിൽക്കുമ്പോൾ നാം കൊടുത്ത സ്വർണത്തിന്റെ തൂക്കം ശ്രദ്ധിക്കുക. അവരത് ഉരുക്കുമ്പോഴും പ്രോസസ് ചെയ്യുമ്പോഴുമൊക്കെ ശ്രദ്ധിക്കുക. പിന്നെ ഒരു സ്ലിപ്പ് തരും. അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൃത്യമായി ചോദിച്ചു മനസിലാക്കുക. കാരണം സ്വർണം നിങ്ങളുടേതാണ്.

∙മറ്റൊരു പ്രധാന കാര്യം ആഭരണം വിറ്റ തുക പണമായി കൈപ്പറ്റരുത്. ചെക്കായി വാങ്ങുക, അല്ലെങ്കിൽ അക്കൗണ്ടിലേയ്ക്ക് ആർടിജിഎസ് പോലുള്ള ഡിജിറ്റൽ ട്രാൻസ്ഫർ ആവശ്യപ്പെടാം. എങ്കിലേ ആ പണം അക്കൗണ്ടബിൾ ആകൂ. കൗണ്ടറിലിരുന്ന് ഒരു ചായ കുടിക്കുന്നതിനുള്ള താമസമേയുള്ളു പണം നിങ്ങളുടെ അക്കൗണ്ടിലേക്കെത്താൻ.

സ്വർണാഭരണങ്ങളുടെ വാങ്ങൽരീതി മാറിയില്ലേ?

നേരത്തെ പറഞ്ഞതു പോലെ സ്വര്‍ണം വാങ്ങുകയെന്നത് കുടുംബത്തോടെ ആഘോഷപൂർവം നടത്തിയിരുന്ന ഒരു കാര്യമായിരുന്നു കോവിഡിനു മുമ്പ് വരെ. ഇപ്പോൾ അതിനു മാറ്റം വന്നിട്ടുണ്ട്. കൂടുതലും ഓണ്‍ലൈനിൽ കണ്ട് വേണ്ടവയെല്ലാം തിരഞ്ഞെടുത്തശേഷം ഓൺലൈനിലൂടെയോ അല്ലെങ്കിൽ ഷോപ്പിൽ വന്ന് നേരിട്ടോ വാങ്ങുന്ന പ്രവണതയാണിപ്പോൾ. ഞങ്ങളും മാറ്റങ്ങളുൾകൊണ്ട് മുന്നേറുകയാണ്. ഓൺലൈനായും ഓഫ് ലൈനായും വാങ്ങാനവസരമൊരുക്കുന്ന ഒമ്നി ചാനൽ ഇതിനായുള്ളതാണ്. അമേരിക്കയിലിരിക്കുന്ന ഭർത്താവിനും നാട്ടിലുള്ള ഭാര്യക്കും ഒരുമിച്ച് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാൻ അവസരമൊരുക്കുന്ന വിധത്തിലുള്ള സംവിധാനമാണത്.

വലിയ ഗ്രൂപ്പുകളൊഴികെ ചെറുകിട ജൂവലേഴ്സ് പ്രതിസന്ധി നേരിടുന്നുണ്ട്. അവരോട് എന്താണ് പറയാനുള്ളത്?

വലിയ ജൂലറികൾക്ക് പരിമിതികളുണ്ട്. വ്യക്തിഗത സേവനങ്ങളൊരുക്കുന്നതിൽ പ്രത്യേകിച്ചും. ഇവിടെയാണ് ചെറുകിടക്കാരുടെ ശക്തി. വ്യക്തിഗതവും സുതാര്യവുമായ സേവനം നൽകിയാൽ അവർക്ക് മുന്നേറാൻ കഴിയും. തൽക്കാലത്തേക്ക് പിടിച്ചു നിൽക്കാൻ അൺഅക്കൗണ്ടബിൾ ബിസിനസിന് മുതിരരുത്. തൽക്കാല ലാഭത്തിനു അത്തരം വിട്ടു വീഴ്ചകള്‍ ചെയ്താൽ ജീവിതത്തിലുണ്ടാക്കിയ ഗുഡ് വിൽ ഇല്ലാതാകുമെന്ന ഓർമയുണ്ടാകണം.

English Summary : Changing Trends in Gold Ornament

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA