ഗ്രാമവാസിയാണോ നിങ്ങള്‍? എങ്കില്‍ ഇപ്പോള്‍ പണചിലവില്ലാതെ കുടിവെള്ളം വീട്ടുമുറ്റത്തു ഉറപ്പാക്കാന്‍ ജല്‍ജീവന്‍ പദ്ധതിയില്‍ അവസരമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ 2024 ഓടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൈപ്പിലൂടെ ശുദ്ധജലം എത്തിക്കുന്ന ജലജീവന്‍ പദ്ധതിക്കു കേരളത്തിലും തുടക്കമായി.
പഞ്ചായത്തുകളില്‍ 90% സബ്സിഡിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൊത്തം ചെലവിന്റെ 45% കേന്ദ്രസര്‍ക്കാരും 30% സംസ്ഥാന സര്‍ക്കാരും 15% തദ്ദേശസ്വയംഭരണ സ്ഥാപനവും നല്‍കും. 10% ഗുണഭോക്താക്കള്‍ വഹിച്ചാല്‍ മതി. ഇതു പണമായി നല്‍കാനില്ലെങ്കില്‍ സേവനമായോ സാധനങ്ങളായോ നല്‍കാം. അപേക്ഷയുടെ നിര്‍ദിഷ്ട കോളത്തില്‍ ഇക്കാര്യം കാണിച്ചാല്‍ മതി.
നോഡല്‍ ഏജന്‍സി കേരള വാട്ടര്‍ അതോറിറ്റിയാണ്. ഗ്രാമപഞ്ചായത്തുകള്‍ക്കാണ് നടത്തിപ്പു ചുമതല. വാട്ടര്‍ അതോറിറ്റി കുടിവെള്ള കണക്ഷനു നിലവില്‍ 7,000 മുതല്‍ 25,000 രൂപവരെ ചെലവു വരും. അസിസ്റ്റന്റ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ എസ്റ്റിമേറ്റ് തയാറാക്കിയാണ് ചെലവു കണക്കാക്കുക. 8,000 രൂപയാണു ചെലവെങ്കില്‍ 800 രൂപ നിങ്ങള്‍ നല്‍കണം. ഇതിനാകില്ലെങ്കില് സേവനമായോ സാധനങ്ങളായോ നല്‍കാം.
ഈ പദ്ധതിക്കായി 22,720 കോടി രൂപ കേരളത്തിനു ലഭിക്കും. ഇതുവഴി 52.85 ലക്ഷം വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യം. 2020–21 ലേക്ക് 880 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
അപേക്ഷ എവിടെ നല്‍കണം?
അതതു പഞ്ചായത്തുകളിലാണ് അപേക്ഷ നല്‍കേണ്ടത്. വിശദാംശങ്ങളും അപേക്ഷാഫോമും പഞ്ചായത്തില്‍ ലഭിക്കും. ആദ്യമാദ്യം നല്‍കുന്നവര്‍ക്കു മുന്‍ഗണന. ആധാര്‍, റേഷന്‍കാര്‍ഡ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ നല്‍കണം. കേരള വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്പറായ 1916 ല്‍ വിളിച്ച് പേര് റജിസ്റ്റര്‍ ചെയ്യാം. ജലജീവന്‍ മിഷനിലെ ഉദ്യോഗസ്ഥന്മാര് നിങ്ങളുമായി ബന്ധപ്പെട്ടു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഇന്ത്യയിലെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുക എന്നതാണ് പദ്ധതി എന്നതുകൊണ്ടു തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധി കഴിഞ്ഞു പോയി എന്നു പറയാനാകില്ല. ഈ വര്‍ഷത്തെ പരിധി കഴിഞ്ഞാല്‍ പോലും അടുത്തവര്‍ഷം ലഭ്യമാകും.
English Summary: Details of Jaljeevan Drinking Water Project