ADVERTISEMENT

കോവിഡിനെ തുടര്‍ന്ന് പൊതുഗതാഗതം മന്ദഗതിയിലായതിനാല്‍ നിത്യവും ഓഫീസിലേക്ക് പോകാന്‍ ഭൂരിഭാഗം പേരും കാറും ബൈക്കുമൊക്കെ ഉപയോഗിക്കുന്നു. ആഡംബര യാത്രയ്ക്ക് മാത്രം ഉപയോഗിച്ചിരുന്ന വിലകൂടിയ ബൈക്കും കാറും ഒക്കെ ഇങ്ങനെ നിത്യയാത്രയ്ക്ക് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നത് വലിയ ഇന്ധനചിലവാണ്. കാരണം ഇത്തരം വാഹനങ്ങള്‍ക്ക് മൈലേജ് വളരെ കുറവായിരിക്കുമല്ലോ.  ഈ സാഹചര്യത്തിലാണ് പെട്രോള്‍ ഉള്‍പ്പെടെയുള്ള ഇപ്പോഴത്തെ ഇന്ധനവില വര്‍ധന ഇരുട്ടടിയാകുന്നത്. അല്‍പ്പം ശ്രദ്ധിച്ചാല്‍ പോക്കറ്റിന് വലിയ ബുദ്ധിമുട്ടില്ലാതെ ആശ്വാസം കിട്ടും.

1. എത്രയടിക്കണം

വാഹനത്തില്‍ എത്രമാത്രം ഇന്ധനം അടിക്കണം. ഇതേവരെ നമുക്ക് അങ്ങനെ വലിയ കണക്കുകൂട്ടലോ പ്ലാനിങോ ഒന്നുമില്ലായിരുന്നു. കാരണം വല്ലപ്പോഴുമേ വലിയ രീതിയില്‍ ഇന്ധനം വേണ്ടിവരുന്ന യാത്രകള്‍ ഉണ്ടാകുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലല്ലോ കാര്യങ്ങള്‍. നിത്യവും വാഹനം ഉപയോഗിക്കുകയല്ലേ. അതുകൊണ്ട് കഴിയുമെങ്കില്‍ ഫുള്‍ടാങ്ക് തന്നെ അടിക്കുക. ദിവസമോ, രണ്ടോ മൂന്നോ ദിവസം കൂടുമ്പേഴോ അടിക്കുന്ന ശീലം ഒഴിവാക്കുക. ഇന്ധനവും ലാഭിക്കാം. കോവിഡ് കാലത്ത് കൂടെക്കൂടെ പമ്പില്‍ പോകുന്നത് ഒഴിവാക്കാം.

2. വേഗത എത്രവേണം

ഇന്ധനം ഏറ്റവും കൂടുതല്‍ ചിലാവകുന്നത് വാഹനം ഏറ്റവും കൂടുതല്‍ വേഗത്തില്‍ ഓടിക്കുമ്പോഴാണ്. എന്തിനാണ് ഈ കോവിഡ് കാലത്ത് ഇത്ര വേഗത. ആവശ്യത്തിന് സമയം ഉണ്ടല്ലോ. ഓഫീസില്‍ എത്താനുള്ള ദൂരവും സമയവും കൃത്യമായി അറിയാം. അതിനനുസരിച്ച് വീട്ടില്‍ നിന്ന് ഇറങ്ങുക. പരമാവധി 45-50 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം വാഹനം ഓടിക്കുക. ഈ വേഗത കഴിയുമെങ്കില്‍ ഡൈവിങില്‍ ഉടനീളം പാലിക്കുക. ഇന്ധനം ലാഭിക്കാന്‍ വേറെ മാര്‍ഗമൊന്നും അന്വേഷിക്കേണ്ടതില്ല.

4. റോഡുകള്‍ പലത്, ഏത് തിരഞ്ഞെടുക്കണം

ഏതുറോഡിലൂടെ വണ്ടി ഓടിക്കണം എന്ന് മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. ഷോര്‍ട്ട് കട്ട് ആണല്ലോ നമുക്ക് ഏറെ പ്രിയം. ഗൂഗിള്‍ മാപ്പ് നോക്കി ഏറ്റവും വലിയ ഷോര്‍ട്ട് കട്ട് നോക്കി ഓടിക്കുന്നത് നല്ലതൊക്കെ തന്നെ. പക്ഷേ എല്ലാവരും ഈ ഷോര്‍ട്ട് കട്ടിലൂടെയാണ് വണ്ടിയോടിക്കുന്നത് എന്നത് മറക്കരുത്. അപ്പോള്‍ ഷോര്‍ട്ട് കട്ട് റൂട്ടില്‍ ഏപ്പോഴും തിരക്കായിരിക്കും. ബ്ലോക്കും കൂടും. വാഹനം ഏറ്റവും പതിയേ ഓടിക്കേണ്ടിവന്നാല്‍ എത് ഷോര്‍ട്ട് കട്ടും ദീര്‍ഘദൂര സര്‍വീസായി മാറും. ഇന്ധനം എരിഞ്ഞെരിഞ്ഞ് തീരും. അതുകൊണ്ട് ദൂരം അല്‍പ്പം കൂടിയാലും തിരക്കില്ലാത്ത റോഡ് തിരഞ്ഞെടുക്കുക. 45-50 കിലോമീറ്ററില്‍ തുടര്‍ച്ചയായി വണ്ടി ഓടിക്കാന്‍ പറ്റുന്ന റോഡാണ് അഭികാമ്യം.

5. ലിഫ്റ്റ് കൊടുത്തോളൂ. പക്ഷേ...

പോകുന്ന വഴിക്ക് വഴിയില്‍ കാണുന്നവരെയൊക്കെ വാഹനത്തില്‍ കുത്തിനിറച്ച് ഓടിക്കുന്നത് നല്ലത് തന്നെ. അവര്‍ക്ക് ഒരു ആശ്വാസമായിരിക്കും. പക്ഷേ നിങ്ങളുടെ പോക്കറ്റ് ചോരുമെന്നത് മറക്കേണ്ട. കാരണം വാഹനത്തില്‍ ഭാരം കൂടുന്നതിന് അനുസരിച്ച് ഇന്ധനചിലവും കൂടും. വണ്ടി കാലിയായി പോകുമ്പോള്‍ പരിചയക്കാരെ വഴിയില്‍ കാണുമ്പോള്‍ കാണാതെ കടന്നുപോകുന്നതെങ്ങനെ എന്നായിരിക്കും നിങ്ങള്‍ ചോദിക്കുന്നത്. നിങ്ങളുടെ പോക്കറ്റിന് കനം ഉണ്ടെങ്കില്‍ അങ്ങനെ തന്നെ ചെയ്‌തോളൂ. അതല്ല കീശ കാലിയാണ് എങ്കില്‍ ഇനി ഒരിക്കലും അങ്ങനെ ചെയ്യേണ്ട. വണ്ടി കാലിയായി ഓടിക്കുന്നതിനുള്ള മനപ്രയാസം ഒഴിവാക്കാന്‍ ഷെയറിട്ട് ഓടിക്കുക. ഒരേറൂട്ടില്‍ പോകുന്ന ഏതാനും പേരെ നേരത്തെ തന്നെ സംഘടിപ്പിച്ച് ഒരുമിച്ച് പോവുക. ഇന്ധന ചിലവ് തുല്യമായി വീതിക്കുക.

6. എസി ഇട്ടോളീ..

എസിയുടെ കാര്യത്തില്‍ ടുബീ ഓര്‍ നോട്ട് ടുബീ എന്നതാണ് ശരാശരി മലയാളിയുടെ അവസ്ഥ. തണുപ്പ് വേണം താനും. പക്ഷേ കീശ ചോരാനും പാടില്ല. നല്ല വേഗത്തില്‍ തടസമില്ലാത്ത യാത്ര കൂടുതല്‍ നേരത്തേക്ക് ലഭിക്കുമെങ്കില്‍ എ.സി ഇടുന്നത് തന്നെയാണ് ലാഭം. ഇത്തരം ഡ്രൈവിങില്‍ എ.സി ഓഫ് ചെയ്ത് ഗ്ലാസ് താഴ്ത്തി വെച്ചാല്‍ കാറ്റിന്റെ മര്‍ദത്തിന് അനുസരിച്ച് ഇന്ധനവും കൂടും.

7. പാര്‍ക്കിങ് രീതിയും ഇന്ധനം ചോര്‍ത്തും.

ഓഫീസിന്റെ മുറ്റത്ത് തന്നെ പാര്‍ക്ക് ചെയ്താലേ തൃപ്തിവരികയുള്ളോ.ഓഫീസിന് മുന്നില്‍ അതിന് ആവശ്യത്തിന് സ്ഥല സൗകര്യമുണ്ടെങ്കില്‍ കുഴപ്പമില്ല. അല്ലെങ്കില്‍ കുത്തിക്കേറ്റി പാര്‍ക്ക് ചെയ്യരുത്. വെയിലുള്ള സ്ഥലത്ത് പാര്‍ക്കിങ് വേണ്ട. അതുപോലെ വരുമ്പോള്‍ തന്നെ വണ്ടി റിവേഴ്‌സ് എടുത്ത് തിരികെ പോകാവുന്ന വിധത്തില്‍ വേണം പാര്‍ക്ക് ചെയ്യേണ്ടത്. വണ്ടി ഓടിവരുന്ന സമയത്ത് തന്നെ താഴ്ന്ന ഗിയറില്‍ വണ്ടി തിരിച്ച് ഇടുന്നതാണ് ഇന്ധനം ലാഭിക്കാന്‍ നല്ലത്. വൈകിട്ട് വണ്ടി എടുക്കുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ വണ്ടി ഓടിവരുമ്പോഴുള്ള റിവേഴ്‌സില്‍ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ധനം വേണ്ടിവരും.

വായിക്കുമ്പോള്‍ ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് തോന്നിയേക്കാം. പക്ഷേ ഒന്നുപരീക്ഷിച്ച് നോക്കൂ. ഇന്ധനം ലാഭം ഉണ്ടാകുന്നത് വ്യക്തമായി മനസിലാക്കാം.

(ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary : Energy Saving Tips to Reduce Fuel Expense 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com