പഴയ സ്വര്‍ണം ഇനി നിങ്ങള്‍ക്കു വില്‍ക്കാനാകില്ലേ?

HIGHLIGHTS
  • ഹാള്‍ മാര്‍ക്ക് ഇല്ലാത്ത സ്വർണാഭരണങ്ങൾക്കുള്ള നിരോധനം ജനുവരി 15 മുതലാണ്
gold-c
SHARE

ജനുവരി 15 മുതല്‍ ഹാള്‍ മാര്‍ക്ക്ഡ് അല്ലാത്ത സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന  ഇന്ത്യയില്‍  നിയമം മൂലം നിരോധിക്കപ്പെടുകയാണ്.  അതോടെ ബിഐഎസ് മുദ്ര ഇല്ലാത്ത ആഭരണങ്ങള്‍ ഇന്ത്യയില്‍ ഒരിടത്തും വില്‍പ്പന നടത്താനാകില്ല. 

ഇതോടെ ആളുകളുടെ കൈയിലുള്ള  പഴയ സ്വര്‍ണത്തിനു ഇനി വില കിട്ടില്ല,  അവ വില്‍ക്കാനാകില്ല എന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതു ഒട്ടേറേ പേരെ ആശങ്കയില്‍ ആഴ്ത്തുന്നു. പ്രത്യേകിച്ച്  അത്യാവശ്യം വരുമ്പോള്‍  സ്വര്‍ണം വിറ്റ് കാര്യം കാണാമെന്നു കരുതിയിരിക്കുന്നവരെ, നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവരെ. ജനുവരി 14 നകം തിരക്കിട്ടു പഴയ ആഭരണങ്ങള്‍ വിറ്റുമാറണോ എന്ന ചോദ്യവും പലര്‍ക്കുമുണ്ട് 

എന്താണ് യാഥാര്‍ത്ഥ്യം?

കേന്ദ്ര ഉപഭോക്തൃമന്ത്രാലയം 2020 ജനുവരിയില്‍ ആണ് പുതിയ നിയമം പ്രഖ്യാപിച്ചത്. സ്വര്‍ണാഭരണം വില്‍ക്കണമെങ്കില്‍  ജ്വല്ലറികള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സില്‍ ( ബിഐഎസ്) റജിസ്റ്റര്‍ ചെയ്തിരിക്കണം. മാത്രമല്ല വില്‍ക്കുന്ന ആഭരണങ്ങള്‍ ഹാള്‍ മാര്‍ക്ക് ചെയ്തിരിക്കണം എന്നതും നിയമപരമായി നിര്‍ബന്ധമാക്കി. പക്ഷേ  കൈവശമുള്ള ആഭരണങ്ങള്‍ വിറ്റഴിക്കാനായി ഒരു വര്‍ഷത്തെ സമയം സര്‍ക്കാര്‍ അനുവദിച്ചു. 

ആ ഒരു വര്‍ഷകാലാവധി  2021 ജനുവരി 15 നു അവസാനിക്കുകയാണ്. അതോടെ ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍  വില്‍ക്കാന്‍ ജ്വല്ലറികള്‍ക്ക് കഴിയില്ല. 

പക്ഷേ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് പഴയ, ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ തടസമില്ല. കാരണം  ജ്വല്ലറികള്‍ക്കാണ് നിയമം ബാധകം. 

സാധാരണക്കാര്‍ക്ക്  ആശങ്ക

പക്ഷേ അത്തരത്തില്‍ പഴയസ്വര്‍ണം വില്‍ക്കാന്‍ ചെന്നാല്‍ വില കിട്ടില്ല എന്നതാണ് മറ്റൊരു പ്രചരണം. ഇതാണ് സാധാരണക്കാര്‍ക്ക്  ആശങ്ക  സൃഷ്ടിക്കുന്നതും. പക്ഷേ അതിനും അടിസ്ഥാനമില്ല. കാരണം നിലവില്‍ ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍ അവയുടെ ശുദ്ധത പരിശോധിച്ച് അതനുസരിച്ചുള്ള വിലയാണ്  ലഭിക്കുന്നത്. ഇനിയും അതു തുടരും. അതായത് നിങ്ങളുടെ കൈവശമുള്ള ആഭരണത്തിന്റെ ശുദ്ധതയ്ക്ക് അനുസരിച്ചുള്ള വില നിങ്ങള്‍ക്കു ലഭിക്കും. 

എന്നാല്‍ ചില ജ്വല്ലറികള്‍ അവസരം മുതലെടുത്തു വില്‍ക്കാന്‍ ചെല്ലുന്ന സാധാരണക്കാരെ പറ്റിക്കാന്‍ സാധ്യതയുണ്ടെന്ന്  ഓർക്കണം. അതായത് നിങ്ങളുടെ സ്വര്‍ണം ഹാള്‍ മാര്‍ക്ക്ഡ് അല്ല, അതു ഇന്ത്യയില്‍ വില്‍ക്കാന്‍ പററില്ല എന്നു വിശ്വസിപ്പിച്ച്  അവര്‍ പറയുന്ന വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിക്കും. എന്നാല്‍ വില്‍ക്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധത  ഉപഭോക്താക്കളെ ബോധിപ്പിക്കാനായി  മിക്കവാറും ജ്വല്ലറികളുടെ പക്കലും കാരറ്റ് അനലൈസര്‍ ഉണ്ടാകും. ഇത് ഉപയോഗിച്ച് നിങ്ങളുടെ ആഭരണത്തിന്റെ മാറ്റ് പരിശോധിക്കാന്‍  ആവശ്യപ്പെടാം. അതുവഴി സ്വര്‍ണത്തിന്റെ ശുദ്ധതയ്ക്ക് അനുസരിച്ചുള്ള വില നിങ്ങള്‍ക്ക് ഉറപ്പാക്കാം

പഴയ സ്വര്‍ണം ഒഴിവാക്കാനാകില്ല

ഇവിടെ ചില വസ്തുതകളുണ്ട്. ജ്വല്ലറികള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന ആഭരണങ്ങളില്‍ നല്ലൊരു പങ്കും ഉപഭോക്താക്കളില്‍ നിന്നും തിരികെ വാങ്ങുന്ന പഴയ സ്വര്‍ണം ഉപയോഗിച്ചു പുനര്‍ നിര്‍മിക്കുന്നവയാണ്. അതുകൊണ്ടു തന്നെ പഴയ സ്വര്‍ണം വാങ്ങില്ല എന്നു ഒരു ജ്വല്ലറിക്കാര്‍ക്കും തീരുമാനിക്കാനാകില്ല. പ്രത്യേകിച്ച്  ഖനനം ചെയ്‌തെടുക്കുന്ന സ്വര്‍ണത്തിന്റെ അളവ് നിലവില്‍ നാമമാത്രമായതിനാല്‍. അതുകൊണ്ടു പഴയ സ്വര്‍ണം തന്നെ ആകും ജ്വല്ലറികളുടെ മുഖ്യ ആശ്രയം.  

മാത്രമല്ല  ഇന്ത്യയില്‍  ഹാള്‍ മാര്‍ക്കിങ് സംവിധാനം നിലവില്‍ വന്ന 2000 മുതല്‍ തന്നെ കേരളത്തിലെ ജ്വല്ലറികള്‍ അതു നടപ്പാക്കി തുടങ്ങി. കഴിഞ്ഞ  ഒന്നര പതിറ്റാണ്ടോളമായി കേരളത്തില്‍ ചെറുതും വലുതമായ ഭൂരിപക്ഷം ജ്വല്ലറികളും ഹാള്‍ മാര്‍ക്ക്  ചെയ്ത ആഭരണങ്ങളാണ് വിറ്റഴിക്കുന്നത്. 

അതായത് കഴിഞ്ഞ 15-20 വര്‍ഷകാലയളവില്‍ കേരളത്തില്‍ നിന്നു വാങ്ങിയ സ്വര്‍ണത്തി‌ന്റെ കാര്യത്തില്‍ പ്രശ്‌നം ഉണ്ടാകില്ല.

English Summary : Confusion Regarding Selling of Old Jewellery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.