കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലകളില്‍ നിന്ന് സ്വയം രക്ഷ നേടാം. സംസ്ഥാന ബജറ്റില്‍ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ കണക്കിലെടുത്താൽ ഇ വാഹനങ്ങൾ കൂടുതൽ ജനകീയമാകും. രാജ്യത്ത് ആദ്യമായി ഇ വാഹന നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. പ്രകൃതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ വാഹനങ്ങള്‍ക്ക് 7 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. ഇതിന് പ്രത്യേകം ഈട് നല്‍കേണ്ടതില്ല. കെ എസ് എഫ് ഇ നല്‍കുന്ന വായ്പ വാഹന ഈടിന്‍മേല്‍ തന്നെയാകും ലഭിക്കുക.
നികുതി ലാഭം 50 ശതമാനം
കൂടാതെ ഇ വാഹനങ്ങള്‍ക്ക് ആദ്യത്തെ അഞ്ച് വര്‍ഷം മോട്ടോര്‍ വാഹന നികുതിയില്‍ 50 ശതമാനം ഇളവും അനുവദിക്കും. പുതിയ ബജറ്റ് നിര്‍ദേശത്തോടെ ഇക്കണോമി വിഭാഗത്തിലുളള ഇ വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ ആവശ്യക്കാരുണ്ടാകും. നിലവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സണ്‍ ഇലക്ട്രിക്കല്‍ മോഡലാണ് ജനകീയ ബ്രാന്റായി വിപണിയിലുള്ളത്. 14 ലക്ഷം രൂപ തുടക്കവിലയുള്ള വാഹനത്തിന് വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന കാര്‍ എക്‌സേഞ്ച് ചെയ്ത് കിട്ടുന്ന പണവും ബാക്കി ഏഴ് ശതമാനം പലിശയ്ക്ക് വായ്പയും എടുത്താല്‍ മാസം വരുന്ന വലിയ ഇന്ധന ബില്ല് ഒഴിവാക്കാം. ഈ തുക ഇ എം ഐ ആയി അടച്ചാല്‍ കാര്‍ സ്വന്തമാകും.
ഇന്ധന ചെലവ് ഇ എം ഐ ആക്കാം
ഉദാഹരണത്തിന് ജോലി സ്ഥലത്തേയ്ക്ക് എന്നും 20 കിലോമീറ്റര്‍ പെട്രോള്‍ കാറില്‍ സഞ്ചരിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ മാസ ഇന്ധന ചെലവ് 10,000-13,000 രൂപയ്ക്കിടയില്‍ വരും. പഴയ കാറു കൊടുത്ത്് കിട്ടുന്ന പണവും ബാക്കി ഇത്രയും ഇ എം ഐയും ഉണ്ടെങ്കില്‍ താരതമ്യേന വലിയ ഇലക്ട്രിക് കാര്‍ സ്വന്തമാക്കാം. കാലിയായ പോക്കറ്റുമായി യാത്ര തുടരാം. പ്രകൃതിയെ സംരക്ഷിക്കുകയുമാകാം.
നിലവില്‍ പല സ്ഥാപനങ്ങളും വാഹന കമ്പനികളും കേരളത്തില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ 236 എണ്ണം ബജറ്റില്‍ ലക്ഷ്യമിടുന്നുമുണ്ട്. ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്ററാണ് നെക്‌സണ്‍ വാഗ്ദാനം ചെയ്യുന്നത്. എട്ട് മണിക്കൂറാണ് സാധാരണ ചാര്‍ജിംഗ് സമയം. മറ്റ് കമ്പനികളുടെ വാഹനങ്ങളും വിപണിയില്‍ ലഭ്യമാണ്. ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ ഇത് ഒരു മണിക്കൂര്‍ മതിയാകും. വീടുകളില്‍ സൗജന്യ ചാര്‍ജിങ് സ്റ്റേഷന്‍ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിനായി പല സംസ്ഥാനങ്ങളും പല ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മാലിന്യമുള്ള ഡല്‍ഹി 1.5 ലക്ഷം രൂപയും മഹാരാഷ്ട്ര ഒരു ലക്ഷം രൂപയും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary : Benefits for E Vehicles in Kerala Budget 2021