ADVERTISEMENT

കോവിഡ് മഹാമാരിയെതുടര്‍ന്ന്് കനത്ത വരുമാന നഷ്ടവും തൊഴില്‍ നഷ്ടവുമൊക്കെ ഉണ്ടായിട്ടും ഇടത്തരക്കാരായ ശമ്പളവരുമാനക്കാര്‍ക്ക് ആദായ നികുതിയുടെ കാര്യത്തില്‍ ഇളവുകളൊന്നും ഇത്തവണയും നല്‍കിയില്ല. 2.5 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി നല്‍കണം എന്ന നിബന്ധന അതേപടി തുടരുകയാണ് ഈ കോവിഡ് കാലത്തും. റിബേറ്റ് വഴി അഞ്ച് ലക്ഷംവരെയുള്ളവര്‍ക്ക് നികുതി ഇളവ് നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാന നിരക്കില്‍ ഈ ദുരിത കാലത്തും മാറ്റം വരുത്താത്തത് ഇടത്തരക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ്.വളരെ എളുപ്പത്തില്‍ സമാഹരിക്കാന്‍ കഴിയുന്നതായതുകൊണ്ടാണ് ആദായ നികുതിയില്‍ കാര്യമായ വര്‍ധന വരുത്താന്‍ ഗവണ്‍മെന്റുകള്‍ തയ്യാറാകാത്തത്.

പ്രതീക്ഷ അസ്ഥാനത്ത്

ശമ്പള വരുമാനക്കാരയ ഇടത്തരക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് ആദായ നികുതിയുടെ കാര്യത്തില്‍ കാത്തിരുന്നത്. ആ കാത്തിരിപ്പും പ്രതീക്ഷയും ഏതാണ്ട് എല്ലാ ബജറ്റ് കാലയളവിലും ഉള്ളതാണ്. ബജറ്റ് അവതരണം തുടങ്ങി ഏതാണ്ട് 40 മിനിറ്റ് കഴിയുമ്പോള്‍ ആ പ്രതീക്ഷ അസ്ഥാനത്താകുകയാണ് പതിവ്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. ആദായ നികുതിയുടെ കാര്യത്തില്‍ ഏതു ഗവണ്‍മെന്റ് ഭരിച്ചാലും ഇത് തന്നെയാണ് സ്ഥിതി. കാരണം വളരെ എളുപ്പത്തില്‍ സമാഹരിക്കാന്‍ കഴിയുന്നതായതുകൊണ്ടാണ് ആദായ നികുതിയില്‍ കാര്യമായ മാറ്റം വരുത്താന്‍ ഗവണ്‍മെന്റുകള്‍ തയ്യാറാകാത്തത്. പ്രതിമാസം 20,900 രൂപ മാസശമ്പളം പറ്റുന്നവര്‍ പോലും ആദായ നികുതി വലയുടെ അകത്ത് പെട്ട അവസ്ഥ ഇപ്പോഴും തുടരുകയാണ്. ഇത്തരക്കാരില്‍ നിന്നുള്ള ലക്ഷക്കണക്കിന് കോടി രൂപയാണ് ഗവണ്‍മെന്റിന് ആദായ നികുതിയായി ലഭിക്കുന്നത്. ആ വരുമാനത്തില്‍ കുറവ് വരുത്താന്‍ ഒരു സര്‍്ക്കാരും തയ്യാറാകുന്നില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 6 കോടിയോളം പേരാണ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചത്. 

തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധന ഉണ്ടായി. ശമ്പള വരുമാനക്കാരായ സാധാരണക്കാരുടെ എണ്ണം കുറഞ്ഞപ്പോള്‍ ബിസിനസുകാരുടെ റിട്ടേണിന്റെ എണ്ണത്തിലാണ് വര്‍ധന ഉണ്ടായത് എന്നത് വളരെ ശ്രദ്ധേയമാണ്. 50 ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള സാധാരണ വ്യക്തികളുടെ റിട്ടേണിന്റെ എണ്ണം മൂന്ന് കോടിയാണ്. 1.5 കോടിയോളം ബിസിനസുകാരാണ് റിട്ടേണ്‍ സമര്‍പ്പിച്ചത്. മൂലധന നേട്ടം, വാടക വരുമാനം തുടങ്ങിയവ ഉള്ള വര്‍ 46.12 ലക്ഷം പേരാണ് റിട്ടേണ്‍ സമര്‍പ്പിച്ചത്.

നികുതി പതിവ് പോലെ 

ഇക്കാലയളവില്‍ ഇത്രയും പേരില്‍ നിന്ന് ആദായ നികുതിയായി ശേഖരിച്ചത് 5.55 ലക്ഷം കോടിയാണ്. എന്നാല്‍ കോര്‍പ്പറേറ്റ് ടാക്‌സ് നികുതിയായി ശേഖരിച്ചത് 6.78 ലക്ഷം കോടി രൂപയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കോര്‍പ്പറേറ്റ് ടാക്‌സ് വരുമാനത്തില്‍ 1.45 കോടി രൂപയുടെ ഇടിവുണ്ടായപ്പോള്‍ ഇന്‍കം ടാക്‌സ് വരുമാനത്തില്‍ വെറും 23,200 കോടി രൂപയുടെ മാത്രം ഇടിവാണ് ഉണ്ടായത്. കാരണം വരുമാനം കുറഞ്ഞാലും അശാസ്ത്രീയമായ നികുതി സ്ലാബുകളും ഘടനയും മൂലം നികുതി പതിവ് പോലെ അടയ്‌ക്കേണ്ടിവരുന്നു. കോവിഡിന്റെ കെടുതി മുഴുവന്‍ സഹിക്കേണ്ടിവന്നതിന് ശേഷമുള്ള ഈ ബജറ്റിലും ഒരു പരിഗണനയും ഇടത്തരം ശമ്പളവരുമാനക്കാര്‍ക്ക് നല്‍കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ബാങ്ക് പലിശ, പെന്‍ഷന്‍ എന്നിവയില്‍ നിന്ന് മാത്രം വരുമാനം ലഭിക്കുന്ന 75 വയസുകാര്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നികുതി നല്‍കേണ്ടതില്ല എന്ന് പ്രഖ്യാപിച്ചി്ട്ടുണ്ട്. എന്നാല്‍ ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ വരുമാനം ലഭിച്ചാല്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടവരും എന്നതും അനീതിയായി തുടരുന്നു.

English Summary : No Income Tax Benefit for Common Man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com