ADVERTISEMENT

സ്വര്‍ണത്തിന്റെ വില കൂടുന്നത് കണ്ട് കയ്യിലുള്ളതെല്ലാം വിറ്റഴിച്ചയാളാണോ നിങ്ങള്‍. എങ്കില്‍ വിറ്റ് കിട്ടിയ ലാഭത്തിന് ആദായ നികുതി നല്‍കണം. സ്വര്‍ണത്തിന്റെ വില കൂടുമ്പോള്‍ വില്‍ക്കുകയും വില കുറയുമ്പോള്‍ വാങ്ങുകയും ചെയ്യുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ ഓര്‍ക്കുക കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ആദായ നികുതിയായി നല്‍കിയിരിക്കണം. സ്വര്‍ണം വിറ്റുകിട്ടിയ ലാഭം ആദായ നികുതി റിട്ടേണില്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ അതും പ്രശ്നമാകും. സ്വര്‍ണം വില്‍ക്കുന്നതും വാങ്ങുന്നതുമൊക്കെ ഇപ്പോള്‍ പഴയതുപോലെയല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ പ്രശ്നമായേക്കാം.

വരുമാനം തന്നെ

സ്വർണം വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭം നിങ്ങളുടെ വരുമാനമായാണ് ആദായ നികുതി നിയമം കണക്കാക്കുന്നത്. ഏതു ജ്വല്ലറിയില്‍ വിറ്റാലും 10,000 രൂപയില്‍ കൂടുതല്‍ തുക ഉണ്ടെങ്കില്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നല്‍കാന്‍ വ്യവസ്ഥയുള്ളൂ. അതുകൊണ്ട് ഇങ്ങനെ കിട്ടുന്ന പണം എത്രയെന്ന് ആദായ നികുതി വകുപ്പിന് വളരെ വേഗം കണ്ടെത്താന്‍ കഴിയും. അതിനാല്‍ സ്വര്‍ണം വിറ്റുകിട്ടിയ ലാഭം വെളിപ്പെടുത്താതിരുന്നാല്‍ അത് പിന്നീട് പ്രശ്നമാകും.

എത്ര കാലം കൈയിൽ വെച്ചു?

ആദായ നികുതി നിയമത്തിലെ വകുപ്പ് 2(14) പ്രകാരം സ്വര്‍ണാഭരണങ്ങളും സ്വര്‍ണനാണയങ്ങളുമൊക്കെ കാപിറ്റല്‍ അസറ്റ്സ് അഥവ മൂലധന വസ്തുക്കളുടെ ഗണത്തിലാണ് പെടുക. അതിനാല്‍ ഇതിന്റെ വില്‍പ്പനയില്‍ നിന്ന് കിട്ടുന്ന ലാഭം കാപ്പിറ്റല്‍ ഗെയ്ന്‍സ് അഥവ മൂലധന നേട്ടമായി മാറും. സ്വര്‍ണം വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള വ്യത്യാസം എത്രയെന്ന് കണക്കാക്കി ലഭിച്ച ലാഭത്തിന് ആദായ നികുതി നല്‍കണം. സ്വര്‍ണം വാങ്ങി 3 വര്‍ഷമോ അതില്‍ കുറവ് കാലയളവോ കൈവശം വെച്ചശേഷം വിറ്റാല്‍ കിട്ടുന്ന ലാഭം ഷോര്‍ട്ട് ടേം കാപിറ്റല്‍ ഗെയിന്‍ അഥവ ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കും. ഇത് മറ്റ് വരുമാനങ്ങളുടെ കൂടെ കൂട്ടണം. അതിന്മേല്‍ എത്രയാണോ നികുതി സ്ലാബ് അതിനനുസരിച്ച് നികുതി നല്‍കണം.

മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കാലം കൈവശം വെച്ചശേഷം വിറ്റാല്‍ കിട്ടുന്ന ലാഭം ലോംഗ്ടേം കാപിറ്റല്‍ ഗെയിന്‍ ടാക്സ് അഥവ ദീര്‍ഘകാല മൂലധന നേട്ടമായിട്ടാണ് കണക്കാക്കുക. ഇങ്ങനെ സ്വര്‍ണം വിറ്റുകിട്ടിയ ലാഭത്തില്‍ നിന്ന് ഇന്‍ഡക്സേഷന്‍ ബെനിഫിറ്റ് എത്രയാണോ അത് കുറച്ചശേഷം ബാക്കിയുള്ള തുകയുടെ 20 ശതമാനം ആദായ നികുതി നല്‍കണം. കേന്ദ്ര ഗവണ്‍മെന്റ് വര്‍ഷാവര്‍ഷം നാണ്യപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കി പ്രഖ്യാപിക്കുന്ന കോസ്റ്റ് ഇന്‍ഫ്ളേഷന്‍ ഇന്‍ഡക്സേഷനെ അടിസ്ഥാനമാക്കിയാണ് ഇന്‍ഡക്സേഷന്‍ ബെനിഫിറ്റ് കണക്കാക്കുന്നത്.

(പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com