ADVERTISEMENT

പ്രൊവിഡൻഡ് ഫണ്ട് വിഹിതം അടയ്ക്കുന്ന കേന്ദ്ര–സംസ്ഥാന ജീവനക്കാരനാണോ നിങ്ങൾ? എന്നാൽ അടുത്ത സാമ്പത്തികവർഷം മുതൽ നിങ്ങളുടെ പിഎഫിൽ വിഹിതം ഉയർത്തുന്ന കാര്യം പരിഗണിക്കാം. 

കേന്ദ്ര ബജറ്റിൽ രണ്ടര ലക്ഷത്തിൽ കൂടിയ പിഎഫ് നിക്ഷേപങ്ങൾക്ക് നികുതി ചുമത്താമെന്ന തീരുമാനം കഴിഞ്ഞ ദിവസം അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിലെ പലിശയ്ക്ക് മേൽ നികുതി ഈടാക്കില്ല എന്നാക്കിയതായി ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കി. ബാങ്ക് നിക്ഷേപങ്ങളെക്കാൾ ഉയർന്ന പലിശ ലഭിക്കുന്നതുകൊണ്ട്  ജീവനക്കാരിൽ പലരും പിഎഫ് നിക്ഷേപം വർധിപ്പിച്ച സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം ചെറുകിട, ഇടത്തരം നിക്ഷേപകർക്ക് ആശ്വാസമേകുന്നതാണ്. പിഎഫിന്റെ ഭാഗമായ ഒരു ശതമാനം പേർ മാത്രമേ നികുതിയുടെ പരിധിയിൽ വരുന്നുള്ളു എന്നാണ് ധനമന്ത്രി അറിയിച്ചിട്ടുള്ളത്.

ഉയർന്ന പലിശനിരക്ക്

ബാങ്കുകൾ നൽകുന്നതിനെക്കാൾ ഉയർന്ന പലിശനിരക്കാണ് GPF/EPF/KASEPF തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നത്. 7.75 ശതമാനം മുതൽ 8.25 ശതമാനം വരെ വാർഷിക പലിശ നൽകുന്ന പിഎഫ് നിക്ഷേപങ്ങൾ ബാങ്ക് പലിശ കുറഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഏറെ ആകർഷകമാണ്. 

ആദായനികുതിയിളവും കിട്ടും

ഉയർന്ന പലിശ ലഭിക്കുന്നതിനൊപ്പം ഇതിലെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്‌ഷൻ 80 C അനുസരിച്ച് 1,50,000 രൂപവരെ ആദായനികുതിയിളവ് കിട്ടും.  

6 മാസം കൂടുമ്പോൾ വായ്പ എടുക്കാം

കേരള സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പിഎഫ് അക്കൗണ്ടിൽനിന്ന് ആറു മാസം കൂടുമ്പോൾ താൽക്കാലിക വായ്പയെടുക്കാം. സർവീസിൽ പത്തു വർഷം പൂർത്തിയാക്കിയവർക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത വായ്പയും എടുക്കാം. ഇതെല്ലാം പലിശരഹിത വായ്പകളാണ്. മക്കളുടെ വിവാഹം, ഗൃഹനിർമാണം, വാഹനം വാങ്ങൽ തുടങ്ങിയസാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ ഇത്തരം വായ്പകൾ ഉപകരിക്കും. 

അടിസ്ഥാന ശമ്പളത്തിന്റെ ആറു ശതമാനമാണ് കുറഞ്ഞ ജിപിഎഫ് വിഹിതം. പരമാവധി നിക്ഷേപം അടിസ്ഥാന ശമ്പളത്തെക്കാൾ കൂടാനും പാടില്ല. ഉയർന്ന പലിശയും ആദായനികുതിയിളവും ലഭിക്കുന്ന പിഎഫ് നിക്ഷേപങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇനിയും വൈകിക്കൂടാ. 

English Summary : Increase your PF Contribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com