കടക്കെണി ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലെ ആര്‍ത്തനാദമാകാതിരിക്കാന്‍

HIGHLIGHTS
  • നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും കടക്കെണിയിൽ പെടുകയാണോ എന്നറിയാം
sad-girl-in-home
SHARE

മലയാളി മനസാക്ഷിയെ നടുക്കിക്കൊണ്ട് കടക്കെണിയുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും പേരും പറഞ്ഞ് ഒരു കൊലപാതക കഥകൂടി. കൂട്ടത്തോടെയുള്ള കുടുംബ ആത്മഹത്യയുടെയും കഴുത്ത് ഞെരിച്ചുള്ള കൊലയുടെയുമൊക്കെ കാരണങ്ങളില്‍ ഭൂരിഭാഗവും വിരല്‍ചൂണ്ടുന്നത് സാമ്പത്തിക പ്രശ്‌നങ്ങളെയും വലിയ കടബാധ്യതയുടെയും കഥകളാണ്. ഓരോ കുടംബവും ഇങ്ങനെ ഇല്ലാതാകുമ്പോള്‍ അടുപ്പമുള്ളവരും സുഹൃത്തുക്കളും അമ്പരക്കും. ഇത്ര വലിയ പ്രതിസന്ധിയുണ്ടെന്ന്് ഒരിക്കലും അറിഞ്ഞിരുന്നില്ല. ഒരിക്കലും അവര്‍ പറഞ്ഞിരുന്നില്ല. ആരും അറിയിച്ചിരുന്നില്ല. എന്നൊക്കെയാണ് പതിവ് പല്ലവികള്‍. അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും രക്ഷിക്കാന്‍ കഴിയുമായിരുന്നവര്‍ തന്നെയാകും ഉറ്റവരുടെ കടക്കെണിയുടെ കഥ ഏറ്റവും ഒടുവില്‍ അറിയുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. പലപ്പോഴും മരണപ്പെട്ടശേഷം മാത്രം.

ചിലന്തിവല

നമുക്കൊക്കെ അറിയുന്നതുപൊലെ കടക്കെണി ഒരു വലിയ ചിലന്തിവലയാണ്. ഒരിക്കല്‍ അതില്‍ അകപ്പെട്ടുകഴിഞ്ഞാല്‍ രക്ഷപെടാന്‍ നടത്തുന്ന തെറ്റായ ഒരു അനക്കം മതി കുരുക്ക് മുറകാന്‍. പിന്നീട് നടത്തുന്ന ഓരോ നീക്കവും കുരുക്ക് കൂടുതല്‍ മുറുക്കും. ഒടുവില്‍ അതിനിടയില്‍ കിടന്ന്് തന്നെയാകും അന്ത്യവും. നാമൊക്കെ കരുതുന്നതുപോലെ കടക്കെണി എന്നത് അത്രവലിയ കെണിയൊന്നുമില്ല. ഒരു വരുമാനവുമില്ലാത്തവര്‍ ഒരിക്കലും കടക്കെണിയില്‍ അകപ്പെടില്ല. അതുപോലെ ജീവിതത്തില്‍ ഒരു റിസ്‌കും എടുക്കാത്തവരും കടക്കെണിയില്‍ അകപ്പെടില്ല. അതായത് പണവും വരുമാനവും ഉണ്ടാക്കാന്‍ അറിയാവുന്നവര്‍ തന്നെയാണ് കടക്കെണയില്‍ അകപ്പെടുക. അതുകൊണ്ട് ശ്രമിച്ചാല്‍ എല്ലാവര്‍ക്കും കടക്കെണിയില്‍ നിന്ന് പുറത്തുകടക്കാന്‍ പറ്റും.

കൂടെയുണ്ട് എന്ന തോന്നല്‍

കടക്കെണിയില്‍ അകപ്പെട്ടാല്‍ അതില്‍ നിന്ന്് പുറത്തുകടക്കാന്‍ എല്ലാവരെയും പണം കൊടുത്ത് സഹായിക്കേണ്ട ആവശ്യമില്ല. ഭൂരിഭാഗം പേരുടെയും കൂടെ ഒന്നു നിന്നാല്‍ മതി. കൂടെയുണ്ട് എന്ന തോന്നല്‍ ഉണ്ടാക്കിയാല്‍ മതി. ഏതു വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അവര്‍തന്നെ പുറത്തുകടന്നുകൊള്ളും. പക്ഷേ ഒരാള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നറിഞ്ഞാല്‍ നമ്മളെല്ലാവരും അവരെ ഒഴിവാക്കും. അവഗണിക്കും. കുറ്റപ്പെടുത്തും. അങ്ങനെ ചെയ്താല്‍ പിന്നെ സാമ്പത്തികമായി അവരെ സഹായിക്കേണ്ട ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാമല്ലോ. അടുപ്പമുള്ളവരുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അറിയാന്‍ അവരുടെ മരണം വരെ കാത്തിരിക്കേണ്ടതില്ല. സൂചനകള്‍ വളരെ നേരത്തെ തന്നെ അടുപ്പമുള്ളവര്‍ക്ക്് ഒക്കെ ലഭിക്കും. പക്ഷേ ആ സമയത്ത് അത് നമ്മള്‍ ശ്രദ്ധിച്ചു എന്ന് വരില്ല. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ കടക്കെണയിലോ കടക്കെണിയിലേക്കുള്ള പാതയിലോ ആണോ എന്ന തിരിച്ചറിയാനും അവര്‍ ഗുരുതരമായ മാനസിക സംഘര്‍ഷത്തിലാണോ എന്നും തിരിച്ചറിയാന്‍ ഈ കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കാം.

കൂടെക്കൂടെ കടംചോദിക്കുന്നുവോ?

കൂടെക്കൂടെ ഒരാള്‍  നിങ്ങളോട് പണം കടംചോദിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കമായി കരുതാം.  എന്നാല്‍ ഒരിക്കല്‍ വാങ്ങിയ പണം തിരികെ തന്നശേഷം അയാള്‍ നിങ്ങളെ പൂര്‍ണമായും ഒഴിവാക്കിത്തുടങ്ങുന്നു എങ്കില്‍ ശ്രദ്ധിക്കണം. വിളിച്ചാല്‍ ഫോണെടുക്കാതിരിക്കുക. ഫോണെടുത്താലും അധികം സംസാരിക്കാതിരിക്കുക. വഴിയില്‍ കണ്ടാല്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുക തുടങ്ങിയവ വിത്രോഡവല്‍ സിംപ്റ്റംസിന്റെ ലക്ഷണങ്ങളാണ്. നിങ്ങള്‍ അയാളുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞാല്‍ സഹായിക്കും എന്നയാള്‍ക്ക് ഉറപ്പുണ്ട്. നിങ്ങളെ അയാള്‍ക്ക് ഇഷ്ടവും വിശ്വാസവുമാണ്. പക്ഷേ അയാളുടെ പ്രതിസന്ധി അറിയിച്ച് നിങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരക്കാര്‍ ഏറ്റവും അടുപ്പവും വിശ്വസവും ഉള്ളവരെ ഇങ്ങനെ ഒഴിവാക്കുന്നത്. പകരം അയാള്‍ സഹായം ചെയ്തിട്ടുള്ളവരെ തിരഞ്ഞ് പിടിച്ച് തന്റെ യഥാര്‍ത്ഥ സാമ്പത്തിക പ്രതിസന്ധി അറിയിക്കും. സഹായിക്കേണ്ട ബാധ്യതയുള്ളവരെയാണ് ഇത്തരം വിവരങ്ങള്‍ അറിയിക്കുക. ഒരിക്കല്‍ സഹായം പറ്റിയിട്ടുള്ളവര്‍ ഇങ്ങനെ തിരിച്ചു സഹായിക്കും എന്നയാള്‍ പ്രതീക്ഷിക്കും. പക്ഷേ പലപ്പോഴും ഇത്തരക്കാര്‍ സഹായിക്കണമെന്നില്ല. ഇതിന്റെ നിരാശ ആത്മ സംഘര്‍ഷം ഒന്നുകൂടി വര്‍ധിപ്പിക്കും. ഇത്തരക്കാരുടെ ഒഴിവാക്കല്‍ കാര്യമാക്കാതെ യഥാര്‍ത്ഥ പ്രതിസന്ധി അറിയാന്‍ ശ്രമിക്കുക.

വിറ്റഴിക്കൽ പ്രവണത

ഭൂമി, സ്വര്‍ണം, ഫര്‍ണിച്ചര്‍, കംപ്യൂട്ടര്‍, വാഹനങ്ങള്‍, വീട്  തുടങ്ങിയവ പെട്ടെന്ന് വിറ്റഴിക്കാന്‍ ശ്രമിക്കുന്നത് അറിഞ്ഞാല്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. കടബാധ്യത തീര്‍ക്കാനുള്ള അവസാന കച്ചിത്തരുമ്പില്‍ പിടിച്ച് കയറാന്‍ നോക്കുന്നതാണ് ഇത്. പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടവര്‍ ഭൂമിയും വീടും വില്‍ക്കാന്‍ ശ്രമിച്ചാല്‍ മതിപ്പ് വിലയുടെ പകുതി പോലും കിട്ടാറില്ല എന്നറിയാമല്ലോ. സഹായിക്കാനെന്ന് പറഞ്ഞ് പലരും അടുത്തുകൂടും. ഒടുവില്‍ അവര്‍ ചുളുവിലയ്ക്ക് അതെല്ലാം തട്ടിയെടുക്കുകയും ചെയ്യും. അവസാന ആസ്തിയും വിറ്റുകഴിഞ്ഞാലും കടബാധ്യതയില്‍ പകുതിയും ബാക്കിയാകും. ഒടുവില്‍ ആത്മഹത്യ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ചിന്തയിലേക്ക് എത്തുകയും ചെയ്യും.

ഒഴിഞ്ഞു മാറൽ

ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടുക, വഴക്കുണ്ടാക്കുക, അല്ലെങ്കില്‍ വീട്ടിനുള്ളില്‍ അടച്ചിരിക്കുക, സോഷ്യല്‍ ലൈഫ് നന്നായി ആസ്വദിച്ചിരുന്നവര്‍ പെട്ടെന്ന് അതെല്ലാം അവസാനിപ്പിക്കുക, ചടങ്ങുകള്‍ക്കൊന്നും പോകാതിരിക്കുക, ആളുകളെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കുക, ലഹരിക്ക് അമിതമായി അടിപ്പെടുക തുടങ്ങിയവ കണ്ടാല്‍ ശ്രദ്ധിക്കണം.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദദ്ധനാണ് ലേഖകന്‍. ഇ മെയില്‍ jayakumarkk8@gmail.com)

English Summary : How to Avoid Debt Trap

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA