ലോക് ഡൗണിൽ വീട്ടിലിരിക്കുമ്പോൾ പങ്കാളിയോട് ഇക്കാര്യങ്ങൾ പറഞ്ഞാലോ?

HIGHLIGHTS
  • വീട്ടിൽ പങ്കാളിയുമൊത്തു കൂടുതൽ നേരം ചിലവഴിക്കുമ്പോൾ തുറന്ന ചർച്ച നടത്തുന്നതിന് ഗുണങ്ങള്‍ പലതാണ്
tips-to-keep-relationship-strong-after-marriage
Image Credits : NotarYES / Shutterstock.com
SHARE

"ഓ, ഒന്നിനും സമയമില്ല" എന്ന പരിഭവം ഭാര്യക്കിപ്പോൾ നിങ്ങളോടുണ്ടാകില്ല. കൊവിഡിനെ തോൽപ്പിക്കാൻ വീണ്ടുമൊരിക്കൽ കൂടി എല്ലാവരും വീട്ടിലിരിക്കുകയായിരിക്കുമല്ലോ? വീട്ടിലിരുന്ന് ജോലിചെയ്യുന്നതൊഴിച്ചാൽ ഞായറും തിങ്കളും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. എങ്കിൽ ഭാര്യയുടെ ഇഷ്ടമനുസരിച്ച് ഭാവി കാര്യങ്ങളെ കുറിച്ച് പരസ്പരം ചർച്ച ചെയ്യാനോ, സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനോ കൂടുതൽ മനസിലാക്കാനോ ശ്രമം നടത്തിക്കൂടെ? വീട്ടിൽ പങ്കാളിയുമൊത്തു കൂടുതൽ നേരം ചിലവഴിക്കുമ്പോൾ തുറന്ന ചർച്ച നടത്തുന്നതിൽ ഗുണങ്ങള്‍ പലതാണ്, പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ!

പരസ്പരം പങ്ക് വെക്കുക

ഓരോരുത്തർക്കും അവരുടേതായ ആഗ്രഹങ്ങളും ഭാവിയെക്കുറിച്ചുള്ള സങ്കൽപങ്ങളും കാണും. അവ പരസ്പരം പങ്ക് വയ്ക്കുക. രണ്ടുപേരും തമ്മിലുള്ള കാഴ്ചപ്പാടിന്റെ വ്യത്യാസം തിരിച്ചറിയാനും, ചർച്ച ചെയ്തു  അവ ഏകോപിക്കാനും ശ്രമിക്കണം. ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് എത്ര പണം വേണമെന്ന് നിശ്ചയിക്കുക. പണത്തിന്റെ കാര്യം ചർച്ച ചെയ്യമ്പോൾ ആഗ്രഹവും യാഥാർത്ഥ്യവും തമ്മിലുള്ള അകലം കുറയും. 

ഒരുമിച്ചെടുക്കുന്ന തീരുമാനം

അതുപോലെ ആശങ്കകളും പങ്ക് വയ്ക്കുക. കോവിഡ് ജോലി സ്ഥിരതയെ ഉലയ്ക്കുന്നുവെങ്കിൽ അക്കാര്യം പങ്കാളിയുമായി ചർച്ചചെയ്തു വരുമാനത്തിന് തടസ്സം നേരിട്ടാൽ എന്ത് ചെയ്യണമെന്ന് ഒരുമിച്ച് തീരുമാനിക്കുക. രണ്ടുപേരും ഒരുമിച്ചെടുക്കുന്ന തീരുമാനം ഭാവിയിൽ സംഘർഷത്തിനുള്ള സാധ്യത ഇല്ലാതാക്കും .  

വരവ് ചിലവുകൾ രണ്ടുപേരും ചേർന്നിരുന്നു എഴുതി അവലോകനം ചെയ്യുക. ഓരോ പങ്കാളിക്കും മറ്റേ പങ്കാളി അനാവശ്യമായി ചിലവാക്കുന്നത് എന്ന് തോന്നുന്ന പല കാര്യങ്ങളും നിന്നുപോയ സമയമാണിത്. അപ്പോൾ അവയെ ചൊല്ലി കലഹമുണ്ടാകാനുള്ള സാധ്യത കുറവാണ്. 

മിച്ചം പിടിക്കാം

അത്ര അത്യാവശ്യമല്ലാത്ത ചിലവുകളില്ലെങ്കിൽ എത്രത്തോളം മിച്ചം പിടിക്കാനാവുമെന്ന് തിരിച്ചറിയാനാകും. വീട്ടിലിരിക്കുന്നതു കൊണ്ട് ഓൺലൈൻ ഷോപ്പിങും ഫുഡ് ഓർഡറിങും കൂടിയേക്കും. പക്ഷെ അത് എത്രത്തോളം വേണമെന്ന് നിശ്ചയിക്കുക. ഈ മഹാമാരി എത്രനാൾ തുടരുമെന്ന് അറിയില്ല. അതുകൊണ്ട് എത്രത്തോളം മിച്ചം പിടിക്കാമോ അത്രത്തോളം മിച്ചം പിടിക്കുക.

കടം പെട്ടെന്ന് അടച്ചുതീർക്കാൻ നിക്ഷേപങ്ങൾ പണമാക്കണമെന്ന് പങ്കാളികളിൽ ഒരാൾക്ക് അഭിപ്രായമുണ്ടാകും. പക്ഷെ  നമ്മൾ ജീവിച്ചിരുന്നാലല്ലേ കടം തിരിച്ചടക്കേണ്ടിവരുന്നുള്ളൂ എന്ന് മറ്റേയാളുടെ  അഭിപ്രായം. എല്ലാം അവസാനിച്ചേക്കുമെന്ന് കരുതി എല്ലാമെടുത്തു ചിലവാക്കുന്നത് മണ്ടത്തരമാകും.  മരിച്ചില്ലെങ്കിൽ പണമില്ലാതെ ജീവിക്കാനാകില്ലല്ലോ. കടം മുൻകൂട്ടി അടച്ചുതീർത്തതിന് ശേഷം വരുമാനത്തിന് തടസമുണ്ടായാൽ എങ്ങനെ ജീവിക്കും? അത് കൊണ്ട് മുൻകൂട്ടി കടം തിരിച്ചടയ്ക്കാമെന്നു കരുതുന്ന പണം ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റോ മറ്റോ ആയി നിക്ഷേപിച്ചാൽ തത്കാലം വരുമാനത്തിനു തടസ്സം വന്നാൽ അതെടുത്തു ഉപയോഗിക്കാം, മാത്രമല്ല ഇഎംഐ അടച്ചുപോകാനും കഴിയും. ഇത്തരത്തിലെ വരുംവരായ്കകൾ പരസ്പരം ചർച്ച ചെയ്തു മനസ്സിലാക്കി  തീരുമാനമെടുക്കുക. ചിലവഴിക്കാൻ ഒരു സമയം മിച്ചം പിടിക്കാൻ ഒരു സമയം– ഇപ്പോഴുളളത് മിച്ചം പിടിക്കാനുള്ള സമയമാണെന്ന സമവായത്തിലെത്തുക.ഇത്തരം ചർച്ചകളിൽ ഈഗോ ഒഴിവാക്കുക. 

തയാറെടുപ്പ് വേണം

ഭർത്താക്കന്മാരിലേറെയും സാമ്പത്തിക കാര്യങ്ങൾ മുഴുവൻ ഭാര്യമാരോട് പറയാറില്ല. അവർ ഇൻഷുറൻസ് പോളിസികൾ വാങ്ങും. പക്ഷെ ഭാര്യയോട് പറയില്ല. ആവശ്യം വരുമ്പോൾ ഭാര്യ നെട്ടോട്ടം ഓടും.  കോവിഡ് ആരേയൊക്കെ ബാധിക്കുമെന്നും ആരേയൊക്കെ കൊണ്ടുപോകുമെന്ന് അറിയില്ല. പങ്കാളിയെ  ഇൻഷുറൻസ് പോളിസി വിവരങ്ങൾ, നിക്ഷേപങ്ങളുടെ വിവരങ്ങൾ, ബാധ്യതകളുടെ വിവരങ്ങൾ എന്നിവ അറിയിക്കുക. നിങ്ങൾ അത്യാസന്ന നിലയിലാണെങ്കിൽ ഇവയിൽ നിന്നും എങ്ങനെ പണമെടുക്കാമെന്നും പറഞ്ഞുകൊടുക്കുക.

ലേഖകൻ പ്രോഗ്നോ അഡ്വൈസർ ഡോട്ട് കോമിന്റെ മാനേജിങ് ഡയറക്ടറും പ്രിൻസിപ്പൽ ഫിനാൻഷ്യൽ പ്ലാനറുമാണ്

English Summary: Financial Planning along with Wife

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA