വൈദ്യുതി ബിൽ ഷോക്കടിപ്പിക്കാതിരിക്കാൻ

1200-electricity
SHARE

ഉപഭോഗത്തിലും ഉപകരണങ്ങളിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ വൈദ്യുതി ബിൽ കുറയ്ക്കാനും അതുവഴി പോക്കറ്റ് ലാഭിക്കാനുമാകും. ഉപഭോഗം ഒരു യൂണിറ്റ് വർധിച്ചാൽ നഷ്ടപ്പെടുന്ന സബ്സിഡിയും അതുവഴി ബിൽത്തുക വർധിക്കുന്നതും കുടുംബബജറ്റിനെ ഷോക്കേൽപിക്കുമെന്നതിൽ സംശയം വേണ്ട. ഇതൊഴിവാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം വീട്ടിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുകയാണ്. അതിനുള്ള വഴികളിതാ.

ഇക്കാലത്ത് വീടുകളിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങളാണ് ഫാനും എയർ കണ്ടീഷണറും (എസി). ഒന്നിലധികം ഫാനുകളും അതുപോലെ എസികളും രാത്രി മുഴുവൻ പ്രവർത്തിപ്പിക്കുമ്പോൾ അതിനു വേണ്ടി വരുന്ന വൈദ്യുതി വീട്ടിലെ ആകെ ഉപയോഗത്തിന്റെ പകുതിയിലധികമാണ്. അതുകൊണ്ടുതന്നെ ഈ ഉപയോഗത്തിൽ ചെറിയൊരു നിയന്ത്രണം അല്ലെങ്കിൽ കുറവ് സാധ്യമായാൽ പോലും വൈദ്യുതി ബില്ലിൽ നല്ലൊരു വ്യത്യാസം ഉണ്ടാകും.

ഫാനുകൾ ഊർജക്ഷമതയുള്ളതാക്കാം

വീട്ടിൽ കൂടുതൽ സമയം ഉപയോഗിക്കുന്ന ഫാനുകൾ ഏതൊക്കെയെന്ന് തിരിച്ചറിയുകയാണ് ആദ്യപടി. സ്വാഭാവികമായും ബെഡ്റൂമുകളിലെ ഫാനുകളായിരിക്കും ഇവയെല്ലാം. കാരണം, രാത്രി ഉറങ്ങാൻ കയറുന്നതു മുതൽ രാവിലെ എഴുന്നേൽക്കുന്നതു‌വരെ കുറഞ്ഞത് 6–8 മണിക്കൂർ സമയമെങ്കിലും ഇവ നിർത്താതെ കറങ്ങുന്നുണ്ടല്ലോ. 

ഇത്തരം ഫാനുകളെല്ലാം മാറ്റി പകരം ഊർജക്ഷമതയുള്ള ഫാനുകൾ ഫിറ്റ് ചെയ്യുന്നതാണ് വൈദ്യുതി ലാഭിക്കാനുള്ള ഒരു മാർഗം. അൽപം പണച്ചെലവുള്ള കാര്യമാണെങ്കിലും ഒരു വർഷത്തിനുള്ളിൽ ഈ തുക മുതലാകുമെന്നതാണ് യാഥാർഥ്യം. 

വളരെ പഴക്കമുള്ളതും നിലവാരമില്ലാത്തതുമായ സാധാരണ ഫാനുകൾ 60–100 വാട്സ് വൈദ്യുതി ഉപയോഗിക്കുമ്പോൾ പുതിയ ഊർജക്ഷമതയുള്ള ഫാനുകൾ, ബിഎൽഡിസി (ബ്രഷ് ലെസ് ഡയറക്ട് കറന്റ്) ടെക്നോളജിയിൽ പ്രവർത്തിക്കുന്നവ (ബിഎൽഡിസി ഫാനുകൾ) 28–35 വാട്സ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. 

ഇവിടെ പകുതി കണ്ട് വൈദ്യുതി ഉപയോഗത്തിൽ കുറവ് വരുത്താനാകും. സാധാരണ ഫാനുകൾക്ക് ശരാശരി 1,500– 2,000 രൂപയാണ് വിലയാണെങ്കിൽ ബിഎൽഡിസി ഫാനുകൾക്ക് 3,000–3,500 നിരക്കിലാണ് വില. ഇലക്ട്രോണിക് സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം ഫാനുകൾക്കൊപ്പം വേഗം നിയന്ത്രിക്കുന്നതിനുള്ള റിമോട്ട് കൺട്രോളും ഉണ്ടാകും. സ്പീഡ് അനുസരിച്ച് 28–35 വാട്സ് വൈദ്യുതി ഉപയോഗിക്കുന്നു. 

എസിയുടെ ഊർജക്ഷമത ഉറപ്പുവരുത്താം

ചൂടുകാലത്ത് വൈദ്യുതി ബിൽ കുത്തനെ ഉയർത്തുന്നതിൽ മുഖ്യപങ്കാളിയാണ് വീടുകളിലെ എയർ കണ്ടീഷണറുകൾ. പഴക്കത്തിനനുസരിച്ച് ഊർജ ഉപഭോഗം കൂടുമെങ്കിലും അതിനൊപ്പം നമ്മുടെ അശ്രദ്ധയും എസി ഫിറ്റ് ചെയ്യുന്നതിലും ഉപയോഗിക്കുന്നതിലുമുള്ള അപാകതകളും വൈദ്യുതിച്ചെലവു വർധിപ്പിക്കുന്നു. അത്തരം ചില സാഹചര്യങ്ങൾ നോക്കുക.

ഉച്ചതിരിഞ്ഞ് വെയിൽ നേരിട്ടടിക്കുന്ന പുറംഭിത്തികളാണ് എസി മുറികൾക്കെങ്കിൽ ഉൾവശം ആവശ്യത്തിനു തണുത്തു കിട്ടാൻ എസി നന്നായി പണിയെടുക്കണം. ഈ ഭാഗത്ത് ഭിത്തികൾക്കു കടുംനിറങ്ങൾ ഉപയോഗിക്കുന്നതും ജനലുകൾക്കും മറ്റും സൺഷേഡ് ഇല്ലാതിരിക്കുന്നതും ഭിത്തിയെ കൂടുതൽ ചൂടു പിടിപ്പിക്കുകയും എസിയെ വിയർപ്പിക്കുന്നതുമായ കാര്യങ്ങളാണ്. എസിയുടെ കംപ്രസർ കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരുന്നതിനാൽ സ്വാഭാവികമായും വൈദ്യുതി ഉപയോഗവും കൂടും. 

വിലക്കുറവല്ല, ഊർജക്ഷമത പരിഗണിക്കണം

ഇളംനിറത്തിലുള്ള പെയിന്റുകൾ പുറംചുവരുകൾക്കു നൽകുന്നതും വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിച്ച് തണലേക്കുന്നതുമെല്ലാം ഇത്തരം അവസ്ഥകളെ മറികടക്കാൻ സഹായിക്കുന്നു. 

അതുപോലെ വിലകുറവു മാത്രം നോക്കി എസി വാങ്ങരുത്. മുറിയുടെ വലുപ്പത്തിനനുസരിച്ച് കപ്പാസിറ്റിയുള്ളതു വേണം വാങ്ങാൻ. ഊർജക്ഷമതയ്ക്കുള്ള സ്റ്റാർ റേറ്റിങ്ങും ഇതിനൊപ്പം പരിഗണിക്കണം. കൂടുതൽ ഉപയോഗമുള്ളതാണെങ്കിൽ തീർച്ചയായും 5 സ്റ്റാർ റേറ്റിങ് ഉള്ള എസി തന്നെ വാങ്ങുക.

പരിചരണം വേണം

ചൂടുള്ള ലൈറ്റുകൾ, എസി പ്രവര്‍ത്തിക്കുമ്പോൾ മുറിയിൽ ഇസ്തിരിയിടുന്നത് തുടങ്ങിയവയെല്ലാം ഒഴിവാക്കണം. അതുപോലെ എസിയുടെ ഫിൽട്ടറുകൾ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കുന്ന കാര്യം മറന്നുപോകരുത്. 

മുറിയിലെ എയർ‌ഹോളുകൾ, ജനാലകളുടെയും വാതിലുകളുടെയും വിടവുകൾ തുടങ്ങിയവയെല്ലാം കൃത്യമായി അടച്ചാൽ എസി വഴിയുള്ള ഊർജനഷ്ടം ഒഴിവാക്കാം. മുറിയോടു ചേർന്നുള്ള ബാത്റൂമുകളിൽ എക്സോസ്റ്റ് ഫാൻ ഉണ്ടെങ്കിൽ എസി ഉപയോഗിക്കുന്ന സമയത്ത് കഴിവതും ഫാൻ പ്രവർത്തിപ്പിക്കാതിരിക്കുക. അതു‌പോലെ സ്പ്ലിറ്റ് എയർ കണ്ടീഷണറുകളുടെ വീടിനു പുറത്തുവയ്ക്കുന്ന ഭാഗം (കണ്ടെൻസർ യൂണിറ്റ്) വായു സഞ്ചാരമുള്ളതും വെയിലും ചൂടും നേരിട്ട് അടിക്കാത്ത വിധവും സൂക്ഷിക്കുന്നതും എയർ കണ്ടീഷണറുകളുടെ ഊർജക്ഷമത വർധിപ്പിക്കും 

English Summary : Energy Saving Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA